നവംബര്‍ 14: ലൂക്ക 18:35-43 അകറ്റരുത്

ആവശ്യക്കാരന്റെ നിലവിളിയെ തടയരുത്. ഈശോയ്ക്ക് അതൊന്നും അസ്വസ്ഥതയല്ല, ആവശ്യം നിര്‍വഹിച്ചുകൊടുക്കാനുള്ള അവസരമാണ്. അന്ധനെ, ചിലര്‍ ഈശോയില്‍ നിന്നും അകറ്റാന്‍ ശ്രമിച്ചപ്പോള്‍ അവനെ അടുത്തുകൊണ്ടുവരാനാണ് ഈശോ കല്‍പ്പിച്ചത് (40). ദൈവസ്വഭാവത്തില്‍, മനുഷ്യരുമായുള്ള അകല്‍ച്ചയില്ല, അടുപ്പമേയുള്ളൂ. മനുഷ്യന്റെ അടുത്തിരിക്കാന്‍ ദൈവം മനുഷ്യനായതാണല്ലോ യേശുക്രിസ്തു. ബത്‌സൈദാക്കുളക്കരയില്‍ സൗഖ്യം പ്രതീക്ഷിച്ച് കിടന്നവനെ തേടി ഈശോ വന്നു. കുഷ്ഠരോഗികള്‍ക്കും പാപികള്‍ക്കും സമീപസ്ഥനായി. അങ്ങനെ മനുഷ്യരോട് ദൈവം അടുപ്പം പുലര്‍ത്തുന്ന എത്രയെത്ര രംഗങ്ങളാണ് സുവിശേഷത്തിന്റെ സവിശേഷതകളാകുന്നത്.

മനുഷ്യനെ അവഗണിക്കുന്നവര്‍ക്കും, അവന്റെ വേദന അറിയാത്തവര്‍ക്കും ആഡംബരമായി കൊണ്ടു നടക്കേണ്ട ഒരാളല്ല യേശു. ഈശോയുടെ ദൗത്യത്തെക്കുറിച്ച് അജ്ഞരായവരാണ് മനുഷ്യരെ അവനില്‍ നിന്നും അകറ്റുന്നത്. ആരേയും ദൈവത്തിലേക്കെത്തിക്കാനുള്ള ജീവിതരേഖകളാകണം നമ്മള്‍.

ഫാ. ജോയി. ജെ. കപ്പൂച്ചിന്‍ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.