ഉദയംപേരൂർ സൂനഹദോസ് ദേശീയ സെമിനാർ നാളെ എറണാകുളം ആശിർഭവനിൽ

കൊച്ചി: ‘ഉദയംപേരൂർ സൂനഹദോസ് – ഇന്ത്യൻ നവോത്ഥാനത്തിന് ഒരാമുഖം’ എന്ന വിഷയത്തിൽ നടത്തുന്ന ദേശീയ സെമിനാറിന് നാളെ കൊച്ചിയിൽ തുടക്കം. രണ്ടുദിവസം നീണ്ടുനിൽക്കുന്ന ദേശീയ സെമിനാർ നാളെ രാവിലെ 11 മണിക്ക് എറണാകുളം കച്ചേരിപ്പടി ആശിർഭവനിൽ കേരള ഹിസ്റ്ററി അസോസിയേഷൻ പ്രസിഡന്റ് കെ.എൽ. മോഹനവർമ്മ ഉദ്ഘാടനം ചെയ്യും.

കേരള റീജ്യൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി) ഹെരിറ്റേജ് കമ്മീഷൻ, കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ (കെഎൽസിഎച്ച്എ), ജോൺ ഓച്ചന്തുരുത്ത് മെമ്മോറിയൽ അക്കാദമി ഓഫ് ഹിസ്റ്ററി (ജോമ) എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് 10, 11 തീയതികളിലായി സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. സഭയുടെയും ചരിത്രത്തിന്റെയും നാഴികക്കല്ലായ ഉദയംപേരൂർ സൂനഹദോസ് വിളിച്ചുചേർത്ത പോർച്ചുഗീസ് ഗവർണറും ഗോവ ആർച്ചുബിഷപ്പുമായിരുന്ന അലക്‌സിസ് ദോം മെനെസിസിന്റെ നാലാം ചരമശതാബ്ദിയനുസ്മരണത്തോടും സൂനഹദോസിന്റെ 418-ാം വാർഷികത്തോടനുബന്ധിച്ചുമാണ് സെമിനാർ ക്രമീകരിച്ചിട്ടുള്ളത്. 

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇറുന്നൂറോളം പ്രതിനിധികൾ ദേശീയ സെമിനാറിൽ പങ്കെടുക്കാൻ എത്തിച്ചേരും. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് രജിസ്‌ട്രേഷൻ ആരംഭിക്കും. 11ന് നടക്കുന്ന ഉദ്ഘാടന യോഗത്തിൽ വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അധ്യക്ഷത വഹിക്കും. ഗോവ ആർച്ച്ബിഷപ് ഡോ. ഫിലിപ് നേരി ഫെറാവോ അനുസ്മരണ പ്രഭാഷണം നടത്തും. മാധ്യമപ്രവർത്തകനും ദേശീയോദ്ഗ്രഥന കൗൺസിലംഗവുമായ ജോൺ ദയാൽ, കെ ആർ എൽ സി ബി സി ഹെരിറ്റേജ് കമ്മീഷൻ ചെയർമാൻ കണ്ണൂർ ബിഷപ് ഡോ. അലക്‌സ് വടക്കുംതല, ഡോ. ലില്ലി ജോർജ് എന്നിവർ പ്രസംഗിക്കും. 

‘ഉദയംപേരൂർ സൂനഹദോസും സാമൂഹിക സ്വാധീനവും’ എന്ന വിഷയത്തിൽ ഉച്ചയ്ക്കുശേഷം 2.30-ന് ചേരുന്ന ആദ്യസെഷനിൽ എം.ജി സർവ്വകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. ഡോ. രാജൻ ഗുരുക്കൾ, കൊച്ചി വാസ്‌കോഡ ഗാമ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ റവ. ഡോ. മരിയൻ അറക്കൽ, കേരള ഹിസ്റ്ററി റിസർച്ച് കൗൺസിൽ ചെയർമാൻ പ്രൊഫ. ഡോ. പി.കെ മൈക്കിൾ തരകൻ എന്നിവർ പ്രബന്ധങ്ങളവതരിപ്പിക്കും. മുൻ എം.പി ഡോ. ചാൾസ് ഡയസ് മോഡറേറ്ററായിരിക്കും. 

‘ഉദയംപേരൂർ സൂനഹദോസും ഭാഷാശാസ്ത്രത്തിന്റെ സംഭാവനകളും’ എന്ന വിഷയത്തിൽ വൈകിട്ട് ആറിന് ചേരുന്ന രണ്ടാം സെഷനിൽ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല മലയാളം വിഭാഗം മുൻ അധ്യക്ഷനും ഉദയംപേരൂർ കാനോനകളുടെയും ഗുണ്ടർട്ട് കൃതികളുടെയും വിദഗ്ധ പണ്ഡിതനുമായ പ്രൊഫ. ഡോ. സ്‌ക്കറിയ സക്കറിയ, കേരള സർവ്വകലാശാല പ്രൊഫസർ ഡോ. എൻ. സാം, മുതിർന്ന മാധ്യമപ്രവർത്തകൻ ജെക്കോബി എന്നിവർ വിഷയാവതരണം നടത്തും. തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് കോളജ് മലയാളവിഭാഗം മുൻമേധാവി ഡോ. ഐറിസ് കോയിലോ മോഡറേറ്ററാകും. 

11-ന് ശനിയാഴ്ച രാവിലെ ഒൻപതിനാരംഭിക്കുന്ന ആദ്യസെഷനിൽ ‘ഉദയംപേരൂർ സൂനഹദോസ്: ഭാരത സഭയിലുണ്ടാക്കിയ സ്വാധീനം’ എന്ന വിഷയത്തിൽ ഇന്ത്യൻ ചർച്ച് ഹിസ്റ്ററി അസോസിയേഷൻ സതേൺ ബ്രാഞ്ച് പ്രസിഡന്റും ബാംഗ്ലൂർ ധർമരാം വിദ്യാക്ഷേത്രം പ്രൊഫസറുമായ റവ.ഡോ. ഫ്രാൻസിസ് തോണിപ്പാറ സിഎംഐ, കെ ആർ എൽ സി ബി സി ഹെരിറ്റേജ് കമ്മീഷൻ സെക്രട്ടറി റവ.ഡോ. ആന്റണി ജോർജ് പാട്ടപറമ്പിൽ എന്നിവർ പ്രഭാഷണം നടത്തും. മുതിർന്ന മാധ്യമപ്രവർത്തകനും ജീവനാദം മുൻചീഫ് എഡിറ്ററുമായ പ്രൊഫ. ഇഗ്‌നേഷ്യസ് ഗോൺസാൽവസ് മോഡറേറ്ററാകും. 

11.30ന് ചേരുന്ന സെഷനിൽ ‘ഉദയം പേരൂർ സൂനഹദോസ് ചരിത്രകാരന്മാരുടെ വീക്ഷണത്തിൽ’ എന്ന വിഷയത്തിൽ മാഹാരാജാസ് കോളജ് മുൻ പ്രിൻസിപ്പാൾ ഷെവലിയർ പ്രൊഫ. എബ്രഹാം അറക്കൽ, ‘ഉദയംപേരൂർ സൂനഹദോസ്: ഭാരത സ്ത്രീകളുടെ ഉജ്ജീവനം’ എന്ന വിഷയത്തിൽ എറണാകുളം സെന്റ് തെരേസാസ് കോളജ് മുൻ പ്രിൻസിപ്പൾ റവ. ഡോ. സിസ്റ്റർ തെരേസ സിഎസ്എസ്ടി എന്നിവർ പ്രബന്ധങ്ങളവതരിപ്പിക്കും. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജ് ചരിത്രവിഭാഗം മേധാവി ഡോ. സി. ഫ്രാൻസിസ് മോഡറേറ്ററായിരിക്കും. 

ഉച്ചയ്ക്കുശേഷം 2.30-ന് കൂടുന്ന സമാപനസമ്മേളനം ‘ഉദയംപേരൂർ സൂനഹദോസ് സാമൂഹിക- സാംസ്‌ക്കാരിക രംഗത്തുണ്ടാക്കിയ സ്വാധീനത്തെ’ വിശകലനം ചെയ്യും. കേരള കത്തോലിക്കാ മെത്രാൻസമിതി അധ്യക്ഷനും കെആർഎൽസിസി പ്രസിഡന്റുമായ തിരുവനന്തപുരം ആർച്ച്ബിഷപ് ഡോ. മരിയ കലിസ്റ്റ് സൂസപാക്യം അധ്യക്ഷതവഹിക്കും. കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയിൽ അനുഗ്രഹപ്രഭാഷണം നടത്തും. എം.പിമാരായ ശശി തരൂർ, പ്രൊഫ. റിച്ചാർഡ് ഹേ, കെ എൽ സി എച്ച് എ ജനറൽ സെക്രട്ടറി അഡ്വ.ആന്റണി അമ്പാട്ട്, കെആർഎൽസിബിസി ഡപ്യൂട്ടി സെക്രട്ടറിയും ജോമ ഡയറക്ടറുമായ ഫാ.ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പറമ്പിൽ എന്നിവർ പ്രസംഗിക്കും. 

സഭാപരവും സാമുദായികവും ഭാഷാപരവുമായ നിരവധി മാറ്റങ്ങൾക്ക് കാരണമായ ഉദയംപേരൂർ സൂനഹദോസ് 1599 ജൂൺ 20 മുതൽ 26 വരെയാണ് ഉദയംപേരൂർവച്ച് നടന്നത്. ഒമ്പത് സെഷനുകളായി നടന്ന സൂനഹദോസിൽ 200 ഡിക്രികളാണ് പിറവികൊണ്ടത്. ത്രെന്തോസ് സൂനഹദോസിന്റെ ചൈതന്യം പൂർണമായും ഉൾക്കൊണ്ട സഭാസ്‌നേഹിയും തീഷ്ണമതിയും അഗസ്റ്റീനിയൻ സന്യാസ സഭാംഗവുമായിരുന്ന ഗോവൻ ആർച്ച്ബിഷപ് അലക്‌സിസ് ദോം മെനെസിസാണ് ചരിത്രപ്രധാനമായ ഈ സൂനഹദോസിന്റെ ശിൽപ്പി. തൊട്ടുകൂടായ്മ അവസാനിപ്പിക്കുന്നതിലും കുടുംബസ്വത്തിൽ പെൺമക്കൾക്കും തുല്യവകാശം ഉറപ്പാക്കുന്നതിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന സൂനഹദോസായിരുന്നിത്. കേരള സമൂഹത്തിലെ ഇരുളുകളകറ്റി കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യചരിത്രരേഖ തയ്യാറാക്കിയ സൂനഹദോസായിരുന്നു ഉദയംപേരൂരിൽ 418 വർഷങ്ങൾക്ക് മുമ്പ് ചേർന്ന മഹത്തായ ഈ സൂനഹദോസും അതിന്റെ കാനോനകളും. 

ലിസ്ബണിലെ പ്രഭുകുടുംബത്തിൽ 1559 ജനുവരി 25-ന് ഭൂജാതനായ അലക്‌സിസ് ദോം മെനെസിസ് ഗോവയിലെ മെത്രാപ്പോലീത്തയായിരുന്ന ഡോ.മത്തേവൂസ് ദെ മെദീനയുടെ പിൻഗാമിയായാണ് 1595 മാർച്ച് 26-ന് മെത്രാൻ പട്ടം സ്വീകരിച്ചത്. ‘ഒരിടയനും ഒരു തൊഴുത്തും’ എന്ന ആപ്തവാക്യവുമായി ഇടയ ശുശ്രൂഷയാരംഭിച്ച മെനെസിസ് മെത്രാപ്പോലീത്ത ഭാരതത്തിൽ തന്റെ ദൗത്യനിർവ്വഹണങ്ങൾ പൂർത്തിയാക്കി 1611 ജനുവരിയിൽ ലിസ്ബണിലേക്കുതന്നെ തിരിച്ചുപോയി. പിന്നീട് ബ്രാഗയുടെ ആർച്ച്ബിഷപ്പും പോർച്ചുഗലിന്റെ വൈസ്രോയിയുമായിരിക്കേ 1617 മെയ് രണ്ടിന് മാഡ്രിഡിൽ വച്ച് ആർച്ച്ബിഷപ് അലക്‌സിസ് ദോം മെനെസിസ് ദിവംഗതനായി. ഈ ചരിത്ര പുരുഷന്റെ നാന്നൂറാം ചരമവാർഷികാനുസ്മരണത്തിന്റെ ഒരു ചരിത്രക്കുറിപ്പായി മാറ്റുകയാണ് ഈ ദ്വിദിന ദേശീയ സെമിനാർ.

കെആർഎൽസിബിസി ഹെരിറ്റേജ് കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. അലക്‌സ് വടക്കുംതല, കമ്മീഷൻ സെക്രട്ടറി റവ.ഡോ. ആന്റണി ജോർജ് പാട്ടപറമ്പിൽ, ജോമ ഡയറക്ടർ ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപറമ്പിൽ, കെഎൽസിഎച്ച്എ പ്രസിഡന്റ് ഷെവലിയർ പ്രൊഫ. എബ്രഹാം അറക്കൽ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ദേശീയ സെമിനാറിന് ചുക്കാൻ പിടിക്കുന്നത്. പങ്കെടുക്കുന്ന പ്രതിനിധികളുടെ സൗകര്യങ്ങൾ ഒരുക്കുന്നതിന് അഡ്വ. ഷെറി. ജെ. തോമസ്, മാത്തച്ചൻ അറക്കൽ, ഷീല ജേക്കബ് നെല്ലിക്കൽ എന്നിവരുടെ നേതൃത്വത്തിലുള്ള രജിസ്‌ട്രേഷൻ കമ്മിറ്റിയും പ്രവർത്തിക്കുന്നുണ്ട്. 

ജോസ് ക്ലെമന്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.