നവംബര്‍ 13: ലൂക്കാ 21:5-19 ശിഷ്യന്മാര്‍ 

ദൈവകല്‍പ്പനകളെ പാലിച്ചവരെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തവര്‍ക്ക് തങ്ങളുടെ കൃത്യം ന്യായമാണെന്ന് ഒരിക്കലും സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ആയുധബലം കൊണ്ടും അസത്യ പ്രചാരം കൊണ്ടും അസഭ്യവര്‍ഷം നടത്തിയുമാണ് ശത്രുക്കള്‍ ക്രിസ്തുശിഷ്യന്മാരെ എല്ലാക്കാലത്തും നേരിട്ടത്. ക്രിസ്തുശിഷ്യന്മാര്‍ക്ക് കൈമുതലായി ഉണ്ടായിരുന്നത് ക്രിസ്തു കൊടുത്ത വാഗ്ചാതുരിയും ജ്ഞാനവും കരുണയുമാണ്. അതിനോട് കിടപിടിക്കാന്‍ ഒരു ആയുധത്തിനോ തത്വസംഹിതകള്‍ക്കോ കഴിഞ്ഞിട്ടില്ല. ക്രിസ്തുവിനെ നോക്കി നടക്കുകയെന്നത് അപകടം പിടിച്ച പണിയാണ്, എന്നാലത് ജീവിതം അന്വര്‍ത്ഥമാക്കുന്ന ധാര്‍മ്മികതയാണ്.

ക്രിസ്തുവുമായുള്ള ബന്ധം ഉടലെടുക്കുമ്പോഴുണ്ടാകുന്ന കരുത്തില്‍ ശിഷ്യത്വം പിച്ചവച്ച് തുടങ്ങുന്നു. ജീവിതം ആപത്‌സന്ധിയിലാണെന്നറിഞ്ഞിട്ടും കാരുണ്യത്തെയും ക്രൂശിതരൂപത്തെയും കെട്ടിപ്പിടിച്ചുകൊണ്ട് എനിക്കെല്ലാം ഈ നാഥനാണെന്ന് പറയുമ്പോള്‍, ഒരാള്‍ പൂര്‍ണ്ണശിഷ്യനായി. ശിഷ്യത്വത്തിന്റെ പൂര്‍ണ്ണതയില്‍ ജീവനെക്കുറിച്ചുള്ള ആധിയില്ല.

ഫാ. ജോയി. ജെ. കപ്പൂച്ചിന്‍ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.