മരണം നമ്മെ ക്രിസ്തുവില്‍ ഒന്നിപ്പിക്കുന്നു – ഫ്രാന്‍സീസ് പാപ്പ

”മരണം പ്രിയപ്പെട്ടവരെയും നമ്മളെയും തമ്മില്‍വേര്‍തിരിച്ചു എന്ന് ചിന്തിക്കരുത്. ക്രിസ്തുവിന്റെ ശരീരത്തിലേക്ക് നമ്മെ ഏകീകരിക്കുകയാണ് മരണത്തിലൂടെ സംഭവിക്കുന്നത്.” കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നമ്മില്‍ നിന്ന് വേര്‍പെട്ട് പോയ കര്‍ദ്ദിനാള്‍മാരെയും ബിഷപ്പുമാരെയും അനുസ്മരിച്ചു കൊണ്ടാണ് ഫ്രാന്‍സീസ് പാപ്പ ഇപ്രകാരം പറഞ്ഞത്.

”ക്രിസ്തുവിന്റെ പീഡാസഹനങ്ങളുടെയും ഉത്ഥാനത്തിന്റെയും വെളിച്ചത്തില്‍ മരണം ജീവിതത്തിന്റെ പൂര്‍ണ്ണതയിലേക്കുള്ള പ്രവേശനമാണ്. ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ നാം നമ്മുടെ സഹോദരങ്ങള്‍ക്കൊപ്പം ആഴത്തില്‍ ഒന്നിക്കുകയാണ് ചെയ്യുന്നത്.” 2016- ല്‍ നമ്മെ വിട്ടുപിരിഞ്ഞ 126 കര്‍ദ്ദിനാള്‍മാര്‍ക്കും ബിഷപ്പുമാര്‍ക്കും വേണ്ടി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയായിരുന്നു പാപ്പ.

ദൈവ സ്‌നേഹത്തെക്കുറിച്ചുള്ള വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാചകങ്ങളെയും പാപ്പ കുര്‍ബാന മധ്യേ പരാമര്‍ശിച്ചു. ”ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ നിന്ന് നമ്മെ വേര്‍പെടുത്താന്‍ ആര്‍ക്കാണ് സാധിക്കുന്നത്? പ്രാണഭയത്തിനോ സങ്കടങ്ങള്‍ക്കോ വേദനകള്‍ക്കൊ ക്ഷാമത്തിനോ നമ്മെ ക്രിസ്തുവില്‍ നിന്ന് പിരിക്കാന്‍ സാധിക്കുകയില്ല എന്നറിയുക.” ഭൂമിയിലെ തങ്ങളുടെ തീര്‍ത്ഥാടനം സ്വര്‍ഗ്ഗീയ പിതാവിന്റെ അടുക്കല്‍ അവസാനിപ്പിച്ചവരാണ് കര്‍ദ്ദിനാള്‍മാരും ബിഷപ്പുമാരും.

ക്രിസ്തുവിങ്കലേക്കുള്ള നമ്മുടെ ജീവിതം നമ്മള്‍ ആരംഭിക്കുന്ന മാമ്മോദീസയിലൂടെയാണ്. എന്നാല്‍ പുരോഹിതര്‍ ഒരുപടി കൂടി മുകളിലാണ്. കാരണം അവര്‍ അവരുടെ പൗരോഹിത്യ കൂദാശയിലൂടെ തങ്ങളെ മുഴുവനായി ദൈവത്തിന് സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്. അവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകളില്‍ നാം കൂടുതല്‍ ആഴമുള്ളവരായിരിക്കണമെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.