നവംബര്‍ 01: സകല വിശുദ്ധര്‍

തിരുസഭ ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്ന അനേകം വിശുദ്ധരുണ്ട്. അവരുടെ തിരുനാള്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ ഏതെങ്കിലും ദിവസം ആചരിക്കുന്നുണ്ടാവും. എന്നാല്‍ പ്രാര്‍ഥനകൊണ്ടും ജീവിതവിശുദ്ധികൊണ്ടും സഭയെ സേവിച്ച അനേകര്‍ വേറെയും സ്വര്‍ഗത്തിലുണ്ടല്ലോ. ഇവരുടെ ഓര്‍മ്മ പ്രത്യേകമാംവിധം സഭ ആചരിക്കുന്ന ദിനമാണിത്. സ്വര്‍ഗത്തിനും ദൈവത്തിനും മാത്രം അറിയാവുന്ന ഈ വിശുദ്ധാത്മാക്കളുടെ കൂട്ടത്തില്‍ നമ്മുടെ സഹോദരങ്ങളും ബന്ധുജനങ്ങളുമൊക്കെ ഉള്‍പ്പെടുന്നുണ്ട്. ഇവരുടെ മാധ്യസ്ഥ്യം നമ്മെ സഹായിക്കുന്നുമുണ്ട്.

വി. വാലന്റൈന്‍

സ്‌പെയിനിലെ എല്ലോരിയോയിലായിരുന്നു വാലന്റൈന്‍ ജനിച്ചത്. പ്രായപൂര്‍ത്തിയായപ്പോള്‍ അദ്ദേഹം ഡൊമിനിക്കന്‍ സഭയില്‍ പ്രവേശിച്ചു. വൈദികനായശേഷം അദ്ദേഹത്തെ പ്രേഷിതപ്രവര്‍ത്തനത്തിനായി ഫിലിപ്പൈന്‍സിലേക്കയച്ചു. പിന്നീട് 1858 -ല്‍ വാലന്റൈന്‍ അപ്പസ്‌തോലിക് വികാറായി വിയറ്റ്‌നാമില്‍ നിയമിതനായി. വൈകാതെ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു.

വിയറ്റ്‌നാമില്‍ പ്രേഷിതപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന വിശുദ്ധന്‍ അധികംവൈകാതെ മതപീഡകരാല്‍ അറസ്റ്റ് ചെയ്യപ്പെടുകയും ക്രൂരമായ പീഡകള്‍ക്കൊടുവില്‍ ഹെര്‍മോസില്ലായിലെ ജെറോമിനോടും വാഴ്ത്ത. പീറ്റര്‍ അണാത്തോയോടുമൊപ്പം വധിക്കപ്പെടും ചെയ്തു. 1988 -ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ് വാലന്റൈനെ വിശുദ്ധനായി പ്രഖ്യാപിച്ചത്.

വിചിന്തനം: ‘ദൈവം വിധിക്കുന്നത് മുഖംനോക്കിയോ, മാനുഷിക കാഴ്ചപ്പാടനുസരിച്ചോ അല്ല. മറിച്ച്, ഹൃദയവും ആന്തരിന്ദ്രിയങ്ങളും പരിശോധിച്ചാണ്.’

ഇതരവിശുദ്ധര്‍: അമാബിലിസ് (475)/ ഔസ്‌ത്രെമോണിയൂസ് (മൂന്നാം നൂറ്റാണ്ട്) ക്ലെര്‍മോണ്ടിലെ മെത്രാന്‍/ സെസാരിയൂസ് (+627) ക്ലെര്‍മോണ്ടിലെ മെത്രാന്‍/ സെയിത്തോ (ആറാം നൂറ്റാണ്ട്)/ അടിമയായ മേരി (+1300) രക്തസാക്ഷി/ പാബിയാളി (അഞ്ചാം നൂറ്റാണ്ട്)/ സെവരിനൂസ് (+609) സന്യാസി/ അച്ചട്ട/ ലിസിനൂസ് (+616) മെത്രാന്‍

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.