നന്മയുടെ പൂക്കളമൊരുക്കുന്നവര്‍ -2

ജോസ് ക്ലെമന്റ്

യൂദയായിലെ ബേത്‌ലഹേമില്‍ ഉദിച്ചത് രക്ഷയുടെ പൊന്‍കതിരാണ്. എന്നാല്‍ പെരുമ്പാവൂര്‍ കൂവപ്പടിയിലെ ബേത്‌ലഹേമില്‍ വിരിഞ്ഞത് പരിത്യജിക്കപ്പെട്ട മൂവായിരത്തില്‍പ്പരം മുല്ലമൊട്ടുകളാണ്. വിരിഞ്ഞ് പരിലസിക്കുന്ന മുല്ലപ്പൂക്കളുടെ സുഗന്ധമേല്‍ക്കുമ്പോള്‍ തോട്ടക്കാരി മേരി എസ്തപ്പാന് നിര്‍വൃതി.

ബേത്‌ലഹേമിലെ മുല്ലപ്പൂക്കള്‍

ജനപ്രതിനിധി ആകാന്‍ ആഗ്രഹിച്ച വ്യക്തി ദൈവത്തിന്റെ പ്രതിനിധിയായി അശരണര്‍ക്ക് അഭയകൂടാരമൊരുക്കിയപ്പോള്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയത് മൂവായിരത്തോളം പേര്‍. കൂവപ്പടി ബേത്‌ലഹേം അഭയഭവന്‍ സാരഥി മേരി എസ്തപ്പാന്റെ അഗതി സ്‌നേഹത്തിനു തുടക്കം മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്ര കവാടത്തില്‍ നിന്നാണ്.

കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രികയും നല്‍കി മൂന്നുമക്കളേയും കൂട്ടി ഡിവൈനില്‍ ധ്യാനത്തിനു പോയ മേരിചേച്ചി തിരിച്ചെത്തിയപ്പോള്‍ നാട്ടുകാരുടെ പരിഹാസ സ്വീകരണമായിരുന്നു. ”ഇലക്ഷന് നിന്ന മേരി ധ്യാനം കൂടാന്‍ പോയി ഭ്രാന്തായി ഒരു ഭ്രാന്തനേയും കൊണ്ടുവന്നിരിക്കുന്നു”- ഇതായിരുന്നു പ്രദേശവാസികളുടെ കമന്റ്. ഒരാഴ്ചത്തെ ധ്യാനം കഴിഞ്ഞ് മടക്കയാത്രയ്ക്കിറങ്ങിയ മേരിയും മക്കളും ധ്യാന കവാടത്തിലെത്തിയപ്പോള്‍ ഒരു വൃദ്ധയാചകന്റെ രോദനമാണ് കേട്ടത്. ‘പശിക്കുന്നമ്മാ’! ജഡപിടിച്ച് വികൃതനായ വൃദ്ധന്റെ തമിഴ് കലര്‍ന്ന ചോദ്യം മനസിലാകാത്ത മേരി അവിടെ കൂടിനിന്നവരോട് ഇയാളെന്താണ് പറയുന്നതെന്ന് ചോദിച്ചു. അയാള്‍ക്ക് വിശക്കുന്നു എന്തെങ്കിലും ഭക്ഷിക്കാന്‍ കൊടുക്കാനാണ് പറയുന്നതെന്ന് കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു. ഇതുകേട്ടപാടെ സമീപത്തെ ചായക്കടയില്‍ നിന്ന് ഭക്ഷണം ആവശ്യപ്പെട്ടെങ്കിലും അയാള്‍ക്ക് കഴിക്കാന്‍ അവരുടെ പാത്രത്തില്‍ തരില്ലെന്നായി കട ഉടമ. ഉടനെ ഒരു കടലാസില്‍ കുറച്ചപ്പവും തന്റെ കയ്യിലുണ്ടായിരുന്ന പാത്രത്തില്‍ ചായയും വാങ്ങി ഈ വൃദ്ധന് നല്‍കി. ആക്രാന്തത്തോടെ അത് കഴിച്ച് കഴിഞ്ഞ അയാള്‍ മേരിയെ നോക്കി നന്ദി സൂചകമെന്നോണം ഒരു ചിരി സമ്മാനിച്ചു. വിശപ്പിന്റെ വിളിയാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വേദനയെന്ന് മേരി ആ ചിരിയിലൂടെ തിരിച്ചറിഞ്ഞു.

വീട്ടിലേക്ക് മടങ്ങാന്‍ മുന്നോട്ടു പോയ മേരി അല്‍പംകഴിഞ്ഞ് തിരിച്ചുവന്ന് ആ വൃദ്ധയാചകനോട് ”അപ്പാപ്പാ എന്റെ കൂടെ പോരുന്നുണ്ടോ?” എന്ന് ചോദിച്ചു. കേട്ടമാത്രയില്‍ തന്നെ അയാളുടെ മുഷിഞ്ഞ തോള്‍സഞ്ചിയുമെടുത്ത് മേരിക്കൊപ്പം ചേര്‍ന്നു. ഇയാളുമായി വീട്ടിലെത്തിയ മേരി അയാളുടെ മുടിവെട്ടി, താടിവടിച്ച് കുളിക്കാന്‍ ഏര്‍പ്പാടാക്കി നല്ല വസ്ത്രങ്ങള്‍ നല്‍കി അയാളെ വീട്ടില്‍ പാര്‍പ്പിച്ചു. ഇതൊരു തുടക്കമായിരുന്നു. തിരഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിക്കൊണ്ട് തിരിച്ചറിഞ്ഞ തന്റെ വിളിയില്‍ മേരി പുതിയ സ്വപ്നങ്ങള്‍ കാണുകയായിരുന്നു.

വീടിനോട് ചേര്‍ന്നുണ്ടായിരുന്ന കോഴി ഫാം വൃത്തിയാക്കി തെരുവോര വാസികള്‍ക്കായുള്ള അഭയഭവനമാക്കി. വിശപ്പകറ്റി സംരക്ഷിക്കുന്ന സ്ഥലമായതിനാല്‍ ‘അപ്പത്തിന്റെ വീട്’ എന്നര്‍ത്ഥം വരുന്ന ബേത്‌ലഹേം എന്ന പേരുതന്നെ ഈ അഭയഭവനത്തിനു നല്‍കി. 1998 ജനുവരി അഞ്ചിനാരംഭിച്ച ഈ ശുശ്രൂഷ രണ്ടുപതിറ്റാണ്ടടുക്കുമ്പോള്‍ 400 അന്തേവാസികളാണ് ഇന്ന് ഇവിടെയുള്ളത്. മേരിചേച്ചി ഭര്‍ത്താവിന്റെ സ്ഥലത്താണ് ഇതൊക്കെ ആരംഭിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ എതിര്‍പ്പ് മൂലം അവിടെ നിന്ന് ഒഴിയേണ്ടി വന്നു. പ്രതിസന്ധിഘട്ടത്തില്‍ സിഎസ്ടി സഭാ വൈദികര്‍ നല്‍കിയ ഒരേക്കര്‍ ഭൂമിയില്‍ മേരിചേച്ചി പുതിയ ഭവനമൊരുക്കി.

18 വയസ്സുമുതല്‍ 90 വയസ്സുവരെയുള്ള മനോരോഗികളും അനാഥരും യാചകരുമൊക്കെ ഇന്ന് ബേത്‌ലഹേമിലെ പുല്‍ത്തകിടിയിലുണ്ട്. ഇതില്‍ 70 പേര്‍ തീര്‍ത്തും കിടപ്പുരോഗികളാണ്. ഇവരെ ശുശ്രൂഷിക്കാന്‍ 50 നഴ്‌സുമാര്‍ തന്നെ ഇവിടെ കര്‍മനിരതരാണ്. 4 ഡോക്ടര്‍മാരുടെ സേവനം ഓരോ മാസവും ലഭിക്കുന്നു. പ്രതിദിനം ഇരുപതിനായിരം രൂപ മരുന്നിനു മാത്രം ചിലവാകുന്നുണ്ട്. 150 കിലോ അരിയാണ് ഒരു ദിവസത്തെ ഭക്ഷണത്തിനു മാത്രം വേണ്ടി വരുന്നത്. നാമമാത്ര വേതനം കൈപ്പറ്റുന്ന ശുശ്രൂഷകരുടെ ശമ്പളം വേറെ. പിതൃസ്വത്തോ ഭര്‍തൃസ്വത്തോ ഒന്നും കയ്യിലില്ലാത്ത മേരി ചേച്ചിക്ക് ആശ്രയം തമ്പുരാന്‍ മാത്രം. 200 പേര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ നല്‍കുന്ന നാമമാത്ര ഗ്രാന്റ് ലഭിക്കുന്നത്. പക്ഷേ നല്ല മനുഷ്യരുടെ ഉള്ളു തുറന്ന സഹായം ബേത്‌ലഹേമില്‍ നിന്നും ആരെയും ഒളിച്ചോടാന്‍ അനുവദിക്കുന്നില്ല. ഒന്നിനും ഇന്നോളം മുട്ടുണ്ടായിട്ടില്ലെന്ന് പോയ വര്‍ഷത്തെ ഫാ.റോയി മുളകുപാടം സമര്‍പ്പിത അവാര്‍ഡ് ജേതാവ് കൂടിയായ മേരിചേച്ചി പറയുന്നു.

ഭക്ഷണമില്ലാതെ വിശന്നു വലയുമ്പോഴാണ് മനോരോഗികള്‍ വയലന്റാകുന്നത്. മേരി ചേച്ചി അനുഭവത്തിലൂടെ പങ്കുവയ്ക്കുന്നു. എത്ര കൊടിയ മാനസികരോഗിയേയും വയറ് നിറച്ച് ഭക്ഷണം നല്‍കി സംതൃപ്തനാക്കിയാല്‍ നമ്മുടെ സ്‌നേഹത്തില്‍ അവര്‍ അറിയാതെ ഇഴുകിച്ചേരും. മുവായിരത്തിലധികം പേരാണ് ഈ ഭവനത്തിലൂടെ ഇങ്ങനെ സ്‌നേഹം നുകര്‍ന്ന് ജീവിതം സന്തോഷമാക്കി കടന്നുപോയിട്ടുള്ളത്. കേരളീയര്‍ മാത്രമല്ല; ആന്ധ്ര, മുംബൈ, ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള മറുഭാഷാ രോഗികളും ഇവിടെ ധാരാളമുണ്ട്. വിവിധ ദേശക്കാരും ഭാഷക്കാരും ഉള്ളതിനാല്‍ ഒരു വലിയ സത്യം തിരിച്ചറിയാന്‍ മേരിചേച്ചിക്ക് സാധിച്ചിട്ടുണ്ടെന്നത് വേദനയോടെ പറയുന്നു.

ഇവിടുത്തെ ഏതെങ്കിലും ഒരന്തേവാസി മരിച്ചാല്‍ അവര്‍ക്ക് സ്വന്തമോ ബന്ധമോ ഉണ്ടോയെന്ന് ആദ്യം അന്വേഷിക്കും. ആരെങ്കിലും ഉണ്ടെന്നറിഞ്ഞാല്‍ അവരെ വിവരമറിയിക്കും. അതിനുശേഷമേ തുടര്‍നടപടികള്‍ നടത്തൂ. ആരും ഇല്ലെങ്കിലും ആര്‍ക്കും വേണ്ടെങ്കിലും ഇവിടെത്തന്നെ ഓരോരുത്തരുടെ മതാചാരപ്രകാരം സംസ്‌ക്കാരം നടത്തുകയാണ് പതിവ്. ഇങ്ങനെ അറിയിക്കുമ്പോള്‍ അന്യസംസ്ഥാനക്കാരില്‍ നിന്നും നല്ല പ്രതികരണമാണ്. ബന്ധുജനങ്ങളുണ്ടെങ്കില്‍ അവര്‍ ഉടനെ എത്തും എല്ലാ കാര്യങ്ങളിലും അവര്‍ പങ്കുചേരും. എന്നാല്‍ മലയാളികളായവരുടെ സ്വന്തക്കാരും ബന്ധുക്കളുമൊക്കെ ഉണ്ടെങ്കിലും അറിയിപ്പുകിട്ടിയാല്‍ അവര്‍ പൂര്‍ണമായും ഉപേക്ഷ പറഞ്ഞേക്കും. പക്ഷേ സംസ്‌ക്കാരമൊക്കെ കഴിഞ്ഞ് ഒരാഴ്ചയോ അതിനുശേഷമോ ഈ ഉപേക്ഷകര്‍ ബേത്‌ലഹേം തേടിയെത്തും. ഒരു നക്ഷത്രത്തിന്റെയും വഴികാണിക്കലില്ലാതെ കൃത്യമായി എത്തിച്ചേരും. സഹതപിക്കാനോ സംഭാവന നല്‍കാനോ അല്ല. മരണപ്പെട്ടയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട്. കാരണം, അയാളുടെ പേരില്‍ അറിയപ്പെടാതെ കിടന്നിരുന്ന സ്വത്തിന്റെ അവകാശികളാവാന്‍. ഭാര്യയും മക്കളുമൊക്കെ ഇതേപോലെ ഇവിടെയും തദ്ദേശസ്ഥാപനങ്ങളിലും എത്തി ബഹളമുണ്ടാക്കിയ നിരവധി സംഭവങ്ങളുണ്ട്. വ്രണങ്ങളാല്‍ പഴുത്ത് പുഴുവരിച്ചവരെ ശുശ്രൂഷിക്കുമ്പോള്‍പോലും വേദനയോ വെറുപ്പോ ഉണ്ടാകാറില്ല. പക്ഷേ ഇത്തരം പരിപാടികളുമായി എത്തുന്നവരെ കാണുമ്പോഴാണ് ജാസ്മിന്‍ സുഗന്ധം നഷ്ടപ്പെട്ട് മനംനൊന്ത് കണ്ണീര്‍ വാര്‍ക്കുന്നതെന്ന് മേരി എസ്തപ്പാന്‍ പറയുന്നു.

മക്കള്‍: നിഷ, അനു, സിനു

മേരി എസ്തപ്പാന്‍, ബേത്‌ലഹേം അഭയഭവന്‍, കൂവപ്പടി, പെരുമ്പാവൂര്‍

മൊബൈല്‍: 9744398668

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.