കത്തോലിക്കാ വൈദികര്‍ കുമ്പസാര രഹസ്യം വെളിപ്പെടുത്തേണ്ടതില്ല – ലൂസിയാന സുപ്രീം കോടതി

ലൂസിയാന: വിശ്വാസികള്‍ കുമ്പസാരത്തില്‍ പാപസങ്കീര്‍ത്തനമായി ഏറ്റു പറയുന്ന കുറ്റകൃത്യങ്ങള്‍ വെളിപ്പെടുത്താന്‍ കത്തോലിക്കാ വൈദികര്‍ക്ക് യാതൊരു കടമയുമില്ലെന്ന് ലൂസിയാന സുപ്രീം കോടതി വിധിച്ചു.

റോമന്‍ കത്തോലിക്കാ സഭയുടെ വിശ്വാസസംബന്ധമായ കാര്യമാണ് കുമ്പസാരം. അതുകൊണ്ട് കുമ്പസാരം കേട്ട വൈദികന്‍ കേസ് വിസ്താരത്തിന്റെ ഭാഗമായി കോടതിയില്‍ കുറ്റവാളിക്കെതിരെ സാക്ഷ്യം പറയേണ്ടതില്ല. കുമ്പസാര രഹസ്യം സൂക്ഷിക്കാന്‍ വൈദികന് കടമയും അവകാശവുമുണ്ട്.
ബേയ്റ്റണ്‍ റൂജ് രൂപതയിലെ ഫാ. ജെഫ് ബേഹിക്കെതിരെ 2009-ല്‍ റെബേക്ക മേയൂക്‌സ് എന്ന പെണ്‍കുട്ടി കൊടുത്ത പരാതിയിന്മേലാണ് ഇപ്പോഴത്തെ കോടതിവിധി.

2008-ല്‍ പ്രായപൂര്‍ത്തിയാകാതിരുന്ന താന്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടു എന്ന വസ്തുത കുമ്പസാരത്തിലൂടെ ഫാ. ജെഫിനെ അറിയിച്ചിട്ടും നിയമസംവിധാനത്തിനു മുമ്പില്‍ അദ്ദേഹമത് മറച്ചു വച്ചു എന്നതായിരുന്നു റബേക്കയുടെ പരാതി. പീഡനവിഷയം കുമ്പസാര രഹസ്യം ആയതിനാല്‍ വെളിപ്പെടുത്താന്‍ സാധിക്കില്ല എന്ന ഉറച്ച നിലപാടായിരുന്നു ജെഫ് ബേഹി അച്ചന്റേത്. ജെഫ് അച്ചന്റെ ഈ തീരുമാനത്തെ കത്തോലിക്ക സഭയുടെ കുമ്പസാരത്തെപ്പറ്റിയുള്ള ഔദ്യോഗിക നിലപാടായി അംഗീകരിച്ചുകൊണ്ടാണ്; കത്തോലിക്കാ വൈദികര്‍ കുമ്പസാര രഹസ്യം വെളിപ്പെടുത്തേണ്ടതില്ല എന്ന വിധി ലൂസിയാന സുപ്രീംകോടതി പുറപ്പെടുവിച്ചത്.

റോമന്‍ കത്തോലിക്കാ സഭയിലെ കാനന്‍ നിയമപ്രകാരം കുമ്പസാര രഹസ്യം സൂക്ഷിക്കണം എന്നത് അംലംഘനീയമായ ഉത്തരവാദിത്വമാണ്. ഇതിനെ അംഗീകരിച്ചു കൊണ്ടാണ് സുപ്രീംകോടതിയുടെ ഏറ്റവും പുതിയ വിധി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.