ക്ലബ്ഹൗസ്: സാധ്യതകളും വെല്ലുവിളികളും

“ഹായ് ബ്രോ, എനിക്കു ക്ലബ്ഹൗസ് ഇൻവിറ്റേഷൻ കിട്ടി.”

“കോറാണ പോസീറ്റിവായി ക്വാറന്റൈനിൽ ഏകാന്തതയിൽ ഒറ്റയ്ക്കിരിക്കുകയായിരുന്നു. അതിനിടയിൽ ഈ ക്ലബ്ഹൗസിലെ വിശേഷം പറച്ചിലും പാട്ടും ഒക്കെ വലിയ ഒരു ആശ്വാസം ആയിരുന്നു.”

“ക്ലബ്ഹൗസ് ഒരു വറൈറ്റി സാധനം ആണ്. നമ്മൊളൊരു പൊളി പൊളിക്കും ബ്രോ.”

“ഇന്ന് വൈകുന്നേരം ഞങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരുന്നു കൊണ്ട് ക്ലബ്ഹൗസിൽ കൊന്ത ചൊല്ലി പ്രാർത്ഥിക്കുന്നുണ്ട്.”

“ഈ ഗ്രൂപ്പിലെ അംഗങ്ങൾ തങ്ങൾക്ക് പെണ്മക്കളോ സഹോദരികളോ ഭാര്യയോ ഉണ്ടെങ്കിൽ അവരുടെ ഫോൺ ചെക്ക് ചെയ്തു ക്ലബ്ഹൗസ് (club house app) അതിൽ കണ്ടാൽ uninstall ചെയ്യിക്കണമെന്നു അഭ്യർത്ഥിക്കുന്നു.”

ഇവയൊക്കെയാണ് ഈ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിൽ കേൾക്കുകയും വായിക്കുകയും ചെയ്യുന്ന ചില സംഭാഷണങ്ങൾ. എല്ലാം ക്ലബ്ഹൗസിനെ കുറിച്ചുള്ളവ.

ക്ലബ് ​ഹൗസോ? അത് എന്താണ്?

ഓഡിയോയുടെ സാധ്യതകളെ വളരെയധികം ഉപയോഗപ്പെടുത്തുന്ന ഒരു സോഷ്യൽ നെറ്റ്‌വർക്കിംഗ് അപ്ലിക്കേഷനാണ് ക്ലബ്ഹൗസ്. ചുരുങ്ങിയ സമയം കൊണ്ട് ട്രെന്‍റിംങ് ആയ ഈ സോഷ്യൽ നെറ്റ്‌വർക്കിംഗ് അപ്ലിക്കേഷനിൽ ഫേസ്ബുക്, ഇൻസ്റ്റാഗ്രം ഇവയിലെപോലെ ഫോട്ടോകളും, വീഡിയോകളും, സെൽഫികളും ഒന്നും ഇതിൽ പോസ്റ്റ് ചെയ്യിന്നില്ല. ഇതിൽ കമന്റുകളും ലൈക് ബട്ടണുകളും ഇല്ല. ശബ്ദത്തിലൂടെ മാത്രം ആശയവിനിമയം നടത്തുന്ന ചാറ്റ് റൂമുകൾ ആണ് ഇവിടെ ഉള്ളത്.

ഇന്ത്യൻ വംശജനായ രോഹൻ സേത്തും അദ്ദേഹത്തിന്റെ അമേരിക്കക്കാരൻ സുഹൃത്ത് പോൾ ഡേവിഡ്‍സണും ചേർന്നാണ് ഈ വ്യത്യസ്ത ഓഡിയോ അപ്ലിക്കേഷനു തുടക്കം കുറിച്ചത്. 2020 മാർച്ചു മുതൽ ഐഒഎസ് ഉപഭോക്താക്കൾക്ക് മാത്രം ലഭ്യമായിരുന്ന ക്ലബ്ഹൗസ് കഴിഞ്ഞ് മെയ് 21 മുതൽ ആണ് ആൻഡ്രോയിഡിൽ സർവീസ് തുടങ്ങിയത്. അതിന് ശേഷമാണ് വലിയതോതിലുള്ള പ്രചാരണം പ്രത്യേകിച്ചു മലയാളികളുടെ ഇടയിൽ ഈ ആപ്ലിക്കേഷന് ലഭിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ലക്ഷകണക്കിന് ആളുകളാണ് ക്ലബ്ഹൗസ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തിരിക്കുന്നത്. ആപ്ലിക്കേഷന്റെ ബീറ്റാ വേര്‍ഷനാണ് ഇപ്പോഴുള്ളത്.

ക്ലബ്ഹൗസിൽ ഉള്ള ഒരാളുടെ ‘ഇൻവിറ്റേഷനി’ലിലൂടെയാണ്‌ പുതിയ ഒരാൾക്ക് ക്ലബ്ഹൗസിൽ പ്രവേശിക്കാന്‍ സാധാരണ കഴിയുക. ആപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്ത് ക്ലബ് ഹൗസില്‍ അംഗത്വം എടുക്കാൻ ഇപ്പോള്‍ കഴിയുമെങ്കിലും ക്ലബ്ഹൗസിൽ ഉള്ള ആരെങ്കിലും അത് അപ്രൂവ് ചെയ്താലാണ് ക്ലബ്ഹൗസിൽ  പ്രവേശിക്കാന്‍ പറ്റുന്നത്.

ക്ലബ്ഹൗസിൽ ചർച്ചകൾ നടക്കുന്ന റൂമുകളും, ഒരു വിഷയത്തിൽ താല്പര്യമുള്ള ആൾക്കാർക്ക് പതിവായി സംസാരിക്കാനുള്ള ക്ലബുകളും ആണുള്ളത്. ക്ലബ്ഹൗസിൽ അംഗങ്ങളായ ആർക്കും ഒരു റൂം തുടങ്ങാവുന്നതാണ്. റൂം രൂപീകരിച്ചാല്‍ മാത്രമാണ് രണ്ടോ അതിലധികമോ ആൾക്കാർ തമ്മിൽ സംസാരിക്കാന്‍ സാധിക്കുക. നിലവിൽ പരമാവധി 5000 അംഗങ്ങളെവരെയാണ് ഇപ്പോള്‍ ഒരു റൂമില്‍ ഉള്‍പ്പെടുത്താൻ കഴിയുന്നത്. മൂന്നു വിധത്തിലുള്ള റൂമുകള്‍ ആണ് ക്ലബ്ഹൗസിലുള്ളത്. 1. ഓപ്പൺ റൂമുകൾ- ലോകത്തെവിടെയുമുള്ള ക്ലബ്ഹൗസ് ഉപഭോക്താക്കൾ ആര്‍ക്കും ചേരാവുന്നത്; 2. സോഷ്യല്‍ റൂമുകൾ- റൂം രൂപീകരിച്ച വ്യക്തിയുടെ ഫോളോവേഴ്സിന് മാത്രം പങ്കെടുക്കാൻ സാധിക്കുന്നത്; 3. ക്ലോസ്‌ഡ്‌- തീര്‍ത്തും സ്വകാര്യമായുള്ള ഗ്രൂപ്പ്.

ചർച്ച സംഘടിപ്പിക്കുന്ന വ്യക്തിയാണ് ആ റൂമിലെ മോഡറേറ്റർ. ഒരു റൂമിൽ രണ്ടുതരത്തിലുള്ള ആൾക്കാരാണുള്ളത്: ‘സ്പീക്കേഴ്സും’ – ചർച്ചയിൽ സംസാരിക്കാൻ കഴിയുന്ന സ്റ്റേജിലുള്ളവർ; ‘ലിസ്സനേഴ്‌സും’ – റൂമിൽ പറയുന്ന കാര്യങ്ങൾ കേൾക്കാൻ പറ്റുന്ന സദസ്സിലുള്ളവർ. റൂമിലെ മോഡറേറ്ററാണ് ആ റൂമിൽ ആരാണ് സംസാരിക്കേണ്ടത് എന്ന് തീരുമാനിക്കുക.

ക്ലബ്ഹൗസ് ആപ്പിന്റെ ലോഗോ

ക്ലബ്ഹൗസ് ആപ്പിന്റെ ലോഗോയ്ക്കുമുണ്ട് ചില പ്രത്യേകതകൾ. മറ്റു സോഷ്യൽ മീഡിയ അപ്പുകൾ വർണശബളമായ ഗ്രാഫിക്കൽ ലോഗോകൾ ഉപയോഗിക്കുമ്പോൾ ബ്ലാക്ക് ആൻഡ് വൈറ്റ് ലോഗോയാണ് ക്ലബ്ഹൗസിനുള്ളത്. അതുപോലെ ക്ലബ്ഹൗസിന് സ്വന്തമായി ഒരു സ്ഥിരം ലോഗോ ഇല്ല. ക്ലബ്ഹൗസ്
ആപ്ലിക്കേഷന്റെ ലോഗോയായി ഓരോ വ്യക്തിയുടെ മോണോക്രോം ചിത്രമാണ് ഉപയോഗിക്കുക. ആപ്ലിക്കേഷന്റെ ഓരോ പ്രധാന അപ്ഡേഷനോടും ബന്ധിപ്പിച്ചാണ് ഇങ്ങനെ ലോഗോയിലെ ചിത്രം മാറുന്നത്. യഥാർത്ഥ ക്ലബ്ഹൗസ് ഉപയോക്താക്കളായ വ്യക്തികളുടെ മുഖങ്ങളാണ് ആപ്ലിക്കേഷന്റെ ലോഗോയ്ക്കായി തിരഞ്ഞെടുക്കുന്നത്.

ജാപ്പനീസ്-അമേരിക്കൻ ആക്ടിവിസ്റ്റും കലാകാരിയുമായ ഡ്രൂ കറ്റയോക്കയുടെ (Drue Kataoka) മുഖചിത്രമാണ് ഇപ്പോഴുത്തെ ക്ലബ്ഹൗസ് ലോഗോയിലുള്ളത്. ഇങ്ങനെ ക്ലബ്ഹൗസ് ലോഗോയിൽ മുഖം മാറിവരുന്ന എട്ടാമത്തെ വ്യക്തിയാണ് ഡ്രൂ കറ്റയോക്ക. മാർച്ച് 2020-ൽ ക്ലബ്ഹൗസ് ആരംഭിച്ചപ്പോൾ മുതൽ ക്ലബ്ഹൗസ് ഉപയോഗിച്ച ഒരു ഉപയോക്താവായിരുന്നു ഡ്രൂ കറ്റയോക്ക.

സാധ്യതകൾ തുറന്നിടുന്ന ക്ലബ്ബ്ഹൗസ്

ഒത്തിരിയേറെ സാധ്യതകൾ തുറന്നിടുന്ന ഒരു ഓൺലൈൻ പ്ലാറ്റഫോം ആണ് ക്ലബ്ബ്ഹൗസ്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളിലും കൊവിഡ് മഹാമാരിയിലും പൊതു ഇടങ്ങള്‍ നഷ്ടമാവുന്ന മനുഷ്യര്‍ക്ക് കഥകൾ പറയാനും കേൾക്കാനും, തമാശകൾ ആസ്വദിക്കാനും, ക്രിയാത്മകമായി വ്യത്യസ്ത വിഷയങ്ങൾ ചർച്ച ചെയ്യാനും പഠിക്കാനും ക്ലബ്ഹൗസ് നല്ലൊരു വേദി തന്നെയാണ്. ചോദ്യങ്ങൾ ചോദിക്കാനും, വ്യക്തിഗത അഭിപ്രയങ്ങൾ പറയാനും, വ്യക്തിപരമായി പബ്ലിക് സ്‌പീക്കിങ് കഴിവ് വളർത്തി എടുക്കാനും ക്ലബ്ഹൗസിലെ ചർച്ചാഗ്രൂപ്പുകൾ ഒത്തിരിയേറെ സഹായിക്കും. ജോലി ചെയ്യുമ്പോഴും, യാത്ര ചെയ്യുമ്പോഴും, അല്ലെങ്കിൽ ഓടാൻ പോകുമ്പോഴും ഒക്കെ ഇഷ്ടാനുസരുണം വ്യത്യസ്ത ചാറ്റ് റൂമുകളിലെ കാര്യങ്ങൾ കേൾക്കാനും അവിടെ സംസാരിക്കാനും സാധിക്കുന്നു എന്നത് ഇതിന്റെ ഒരു പ്രത്യേകതയാണ്.

വിശാലമായ കടൽത്തീരം പോലെയാണ് ഈ ക്ലബ്ബ്ഹൗസ്. ചിലർ ചാറ്റ് റൂമുകളിൽ ഗഹനമായ ചർച്ചകളിൽ ഒന്നുചേരുന്നു; കുറച്ചുപേർ പാട്ടുകൾ പാടി ആഘോഷിക്കുന്നു; ചിലർ പ്രേമസല്ലാപങ്ങളിൽ ഏർപ്പെടുന്നു; കുറച്ചുപേർ ഒന്നിച്ചു കൂടി പ്രാർത്ഥിക്കാനും, ദൈവാനുഭവം പങ്കുവെക്കാനും ചാറ്റ് റൂമുകൾ ഉപയോഗിക്കുന്നു. വേറെ ചിലരാകട്ടെ പല ചാറ്റ് റൂമുകളിൽ കയറി ഇറങ്ങി നടക്കുന്നു. ഇങ്ങനെ വ്യത്യസ്ത സാധ്യതകൾ തുറന്നിടുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോം ആണിത്.

️ചതിക്കുഴികളും വെല്ലുവിളികളും

ദുരുപയോഗം ചെയ്യാനുള്ള സാധ്യത അതിലധികമാണ്. ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, വാട്ട്സാപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റഫോംകളിൽ ഉള്ളതുപോലെയുള്ള എല്ലാ വെല്ലുവിളികളും, ചതിക്കുഴികളും ക്ലബ്ഹൗസ്സിൽ ഉണ്ട്. ചിലരെയെങ്കിലും ക്ലബ്ഹൗസ് ചാറ്റ് റൂമുകളും അവിടുത്തെ ചർച്ചകളും അഡിക്റ്റീവാക്കിയേക്കാം. ഒരു മണിക്കൂർ ഉദ്ദേശിച്ചു ആരംഭിച്ച പല ചർച്ചകളും എട്ടും പത്തും മണിക്കൂറുകളിലേക്കും, വളരെ നീണ്ട രാത്രികളിലേക്കും മാറിയത് ക്ലബ്ഹൗസ് ചർച്ചകളിൽ പങ്കുചേർന്ന പലരുടെയും അനുഭവമാണ്. കാര്യ ഗൗരവമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നത് നല്ലതാണെങ്കിലും, ഇങ്ങനെയിരിക്കുമ്പോൾ സമയം പോകുന്നത് അറിയുക കൂടിയില്ല. ഒരു ചർച്ചയ്‌ക്കൊടുവിൽ ഒരാൾ പറഞ്ഞിതു ഇങ്ങനെയാണ്: “ഇന്നലെ രാത്രി മുഴുവനും ക്ലബ് ഹൗസിൽ ആയിരുന്നു. ഇന്നിപ്പോൾ രണ്ടു മണി ആയി. വൈകുന്നേരം അഞ്ചുമണിക്ക് തുടങ്ങിയതാണ് ഈ ഡിസ്കഷൻ. രാവിലെ ജോലിക്കു പോകേണ്ടതാണ്. നമുക്കിത് ഇപ്പോൾ അവസാനിപ്പിക്കാം. വൈകുന്നേരം വീണ്ടും നമുക്കീ ചർച്ച തുടരാം.”

തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കപ്പെടുന്ന ഇടങ്ങളായി ക്ലബ്ഹൗസ് റൂമുകൾ മാറുന്നു എന്നതാണ് ഇതിന്റെ മറ്റൊരു പ്രശ്‌നം. ആർക്കും എപ്പോൾ വേണമെങ്കിലും ഏതു വിഷയത്തിലുമുള്ള ചർച്ചാറൂമുകൾ ഇവിടെ തുടങ്ങാവുന്നതാണ്. ഇങ്ങനെ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ ‘വ്യാജ വിദഗ്‌ദ്ധർ’ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന വിവരങ്ങൾ വിദഗ്ധമായി പങ്കുവെക്കുന്നു. പല വിഷയത്തെക്കുറിച്ചും ഒത്തിരിയേറെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനു ഇത്തരം ക്ലബ്ഹൗസ് ചർച്ചകൾ കാരണമാകുന്നുണ്ട് എന്നതും വാസ്തവമാണ്.

മറ്റു സോഷ്യൽ മീഡിയകളിലെപ്പോലെ വ്യാജ ഐഡികളിലൂടെ പല ദുരപയോഗങ്ങളും ക്ലബ് ഹൗസ്സിലും നടക്കുന്നു. തീവ്രവാദസംഘങ്ങളും, സെക്സ് റാക്കറ്റുകളും, മയക്കുമരുന്ന് ഗ്രൂപ്പുകളും ക്ലബ് ഹൗസ്സിൽ വ്യത്യസ്ത ചാറ്റ് റൂമുകൾ നടത്തുകയും വ്യാജ ഐഡികളിൽ മറഞ്ഞിരുന്നു അവർക്കു വലയിലാക്കേണ്ടവരെ കണ്ടെത്തുകയും, ആവശ്യമായ വ്യക്തി വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നു. വൈദികരുടെയും സന്യസ്തരുടെയും പേരും ഫോട്ടോയുമുള്ള വ്യാജപ്രൊഫൈലുകൾ പോലും വഴി അവരെ അവഹേളിക്കാനും താഴ്ത്തികെട്ടാനും ഒക്കെ ഉപയോഗിക്കുന്നു.

ക്ലബ്ഹൗസ്സിലെ ചാറ്റ് റൂമുകൾക്കു സഭ വിശ്വാസികളെ ആകർഷിക്കത്തക്ക പേരുകൾ നൽകി അവിടെ സഭാവിരുദ്ധ ചർച്ചകളും, സഭയെയും വിശ്വാസത്തെയും കളിയാക്കിയുള്ള ട്രോൾ ചർച്ചകളും നടത്തുന്നതിനും ഉപയോഗിക്കുന്നുണ്ട്. സഭാ വിരുദ്ധർ ഇത്തരം ചർച്ചകളിലൂടെ സഭയിലെ വ്യത്യസ്ത സംഘടനകൾക്കിടയിൽ ഭിന്നത സൃഷ്ഠിക്കാനും ശ്രമിക്കുന്നു.

ക്ലബ്ഹൗസ് ആപ്ളിക്കേഷന്റെ പോളിസി അനുസരിച്ചു ചാറ്റ് റൂമിലെ ‘സ്പീക്കേഴ്സ് പാനലി’ലുള്ള എല്ലാവരുടെയും അനുവാദം കൂടാതെ അവിടുത്തെ സംഭാഷണങ്ങൾ റിക്കോർഡ് ചെയ്യാൻ പാടില്ല. ഇങ്ങനെയുള്ള വിലക്കുകളുണ്ടെങ്കിലും ചാറ്റ് റൂമുകളിൽ ഉള്ള ആർക്കും പല രീതിയിലും അവിടെ സംസാരിക്കുന്ന കാര്യങ്ങൾ റിക്കോർഡു ചെയ്തും, സ്ക്രീൻ ഷോട്ടുകൾ എടുത്തും മറ്റു സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിക്കാൻ സാധിക്കും.

ക്ലബ്ഹൗസും പ്രൊപ്പോസൽ റൂമുകളും

ഇപ്പോൾ ക്ലബ്ഹൗസ്സിലെ മിക്ക ഓപ്പൺ റൂമുകളും പ്രൊപ്പോസൽ റൂമുകളാണ്. ‘Single ayi varoo, Mingle ayi pookoo’; ‘DP നോക്കി സെലക്ട് ചെയ്യൂ’; ‘Find Crush with a DP’. ഇങ്ങനെയൊക്കെയാണ് കൂടുതൽ ചാറ്റ് റൂമുകളുടെയും പേരുകൾ. അവിടെ നടക്കുന്നത് ഇതാണ്. രണ്ടോ മൂന്നു ആൾക്കാർ ചേർന്ന് ഇത്തരം പേരുകളുള്ള ക്ലബ്ഹൗസ് റൂം തുടങ്ങുന്നു. ഓരോരുത്തരും അതിലെ DP (പ്രൊഫൈൽ ചിത്രം) മാത്രം നോക്കി തങ്ങൾക്ക് ഇഷ്ട്ടപ്പെട്ടവരെ പ്രൊപ്പോസ് ചെയുന്നു.

“പൊന്നുവിന് ഇതിലെ DP കണ്ട്  ആരെയെങ്കിലും ഇഷ്ടമായെങ്കിൽ പറയൂ. മടിച്ചു നിൽക്കാതെ കടന്നു വരൂ. തുറന്നു പറയൂ നിന്റെ ഉള്ളിലെ പ്രണയം.”

“ഉം. ഞാൻ നോക്കട്ടെ.”

“പൊന്നൂ, വേഗം നോക്കി പറയൂ; ബാക്കി എല്ലാവരും ഓരോരുത്തരെ സെലക്ട് ചെയ്തു വച്ചോളൂ.”

“ഗൗതം ബ്രോ, വേഗം കേറി വാ. നിനക്കൊരു ലോട്ടറി ഉണ്ടെടാ.”

“ഞാൻ നീലുവിനെ പ്രൊപ്പോസ് ചെയ്തോട്ടെ. എനിക്ക് കുട്ടിയെ ഇഷ്ടമാണ്. എനിക്ക് കുട്ടിയുടെ കണ്ണട ആണ് ഏറ്റവും ഇഷ്ടം.”

ഇത്തരം ഒരു റൂമിലെ ചില സംഭാഷണങ്ങളാണ് ഇതൊക്കെ. ഒരു മുൻപരിചയവും ഇല്ലാത്ത ഒരാളോട്, ചോദിക്കുന്നതിനനുസരിച്ചു സ്വന്തം വീടും വീട്ടുപേരും വീട്ടുവിശേഷങ്ങളും, മറ്റു വ്യക്തി വിവരങ്ങളും പറയുന്നു. പ്ലസ് ടുവിനും, കോളേജിലുമൊക്കെ പഠിക്കുന്ന ധാരാളം പെൺകുട്ടികളും ഇങ്ങനെ തങ്ങളുടെ പല വ്യക്തി വിവരങ്ങളും, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൌണ്ട് വിവരങ്ങളുമൊക്കെ യാതൊരു വിവേകവുമില്ലാതെ അത്തരം ഗ്രൂപ്പുകളിൽ പങ്കുവെയ്ക്കുന്നു. ഇവരെക്കൂടാതെ ആ ചാറ്റ് റൂമിലുള്ള മുഴുവൻ ആൾക്കാരും ഈ വിവരങ്ങൾ എല്ലാം കേൾക്കുന്നു. സെക്സ് റാക്കറ്റുകളും മറ്റും തങ്ങളുടെ കെണിയിൽ പ്പെടുത്താനുള്ളവരുടെ ആവശ്യമായ വിവരങ്ങൾ ഇവിടെ നിന്ന് സ്വന്തമാക്കുന്നു. ലൗജിഹാദിനും പ്രണയം നടിച്ചുള്ള ദുരുപയോഗങ്ങൾക്കുമുള്ള ചതികുഴികളും ഇത്തരം ചാറ്റ് റൂമുകൾ തുറന്നിടുകയാണ്.

വിവേകവും ജാഗ്രതയുമാണ് ആവശ്യം

‘ഈ ഗ്രൂപ്പിലെ അംഗങ്ങൾ തങ്ങൾക്ക് പെണ്മക്കളോ സഹോദരികളോ ഭാര്യയോ ഉണ്ടെങ്കിൽ അവരുടെ ഫോൺ check ചെയ്തു club house app അതിൽ കണ്ടാൽ uninstall ചെയ്യിക്കണമെന്നു അഭ്യർത്ഥിക്കുന്നു.’ ഇങ്ങനെ ക്ലബ് ഹൗസ് നമുക്ക് ചേർന്നതല്ലന്നും അതുകൊണ്ടു അത് ഉപേക്ഷിക്കണമെന്നും നിർദേശിക്കുന്ന പല പോസ്റ്റുകളും ഉണ്ട്. യഥാർത്ഥത്തിൽ ഇത്തരം നവമാധ്യമങ്ങൾ ഉപേക്ഷിക്കുന്നതിനും ഉപേക്ഷിക്കാൻ ഉപദേശിക്കുന്നതിനു പകരം അവയെ വിവേകത്തോടും മൂല്യബോധത്തോടും ഉപയോഗിക്കാൻ സ്വയം പരിശീലിക്കുകയും നമ്മുടെ കുട്ടികളെയും യുവാക്കളെയും പരിശീലിപ്പിക്കുകയുമാണ് വേണ്ടത്.

ക്ലബ്ഹൗസ് ഉപയോഗത്തിന് സ്വയം സമയ പരിധി നിശ്ചയിച്ചു ഉപയോഗിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. നമ്മുടെ ഔദ്യോഗികവും വ്യക്തിപരവും കുടുംബവരവുമായ ഉത്തരവാദിത്തങ്ങൾക്കു ഭംഗം വരാത്ത രീതിയിലാവണം ഇത് ഉപയോഗിക്കാൻ. ഒരു വിഷയത്തെ കുറിച്ചും ആധികാരികമായ അറിവ് ലഭിക്കുന്നതിനു വേണ്ടി ക്ലബ്ഹൗസിനെ ഒരിക്കലും ആശ്രയിക്കരുത്. വിമർശന ബുദ്ധിയോടെ മാത്രമേ അവിടെ ചർച്ച ചെയ്യപ്പെടുന്ന കാര്യങ്ങളും കേൾക്കുന്ന വിവരങ്ങളും സ്വീകരിക്കാവൂ. ചതിക്കെണികൾ ഒരുക്കി കാത്തിരിക്കുന്ന ചാറ്റ് റൂമുകളെക്കുറിച്ചു ജാഗരൂകരും വിവേകികളും ആയിരിക്കുക. ഒരു കാരണവശാലും ഇത്തരം റൂമുകളിൽ പോയി പങ്കെടുക്കുകയോ വ്യക്തി വിവരങ്ങൾ കൈമാറുകയോ ചെയ്യരുത്. മാതാപിതാക്കൾ തങ്ങളുടെ മക്കൾക്ക് ആവശ്യമായ ജാഗ്രതാനിര്‍ദ്ദേശങ്ങൾ നൽകി അവരെ നേർവഴി നയിക്കുക.

ക്ലബ്ഹൗസ് റൂമുകൾ പൊതു ഇടമാണ്. രഹസ്യമായി പറയുകയും, ചർച്ച ചെയ്യുകയും ചെയ്യേണ്ട കാര്യങ്ങൾ ഈ റൂമുകളിൽ സംസാരിക്കരുത്. ‘അടുക്കളയിൽവച്ചു പറയേണ്ട കാര്യങ്ങൾ ഉമ്മറത്ത് നിന്ന് പറയരുത്’. ഓരോ റൂമിലും സംസാരിക്കുന്ന കാര്യങ്ങൾ സ്ക്രീൻ റെക്കോർഡ് ഓപ്ഷനിലൂടെ മറ്റൊരാൾക്ക് റെക്കോർഡ് ചെയ്ത് മറ്റ് സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യാനും കഴിയുന്നതിനാൽ ക്ലബ് റൂമുകളിൽ സംസാരിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തേണ്ടതാണ്.

സഭ ചെയ്യേണ്ടത് 

സഭക്ക് പുതിയ ഒരു ഇടമാണ് ക്ലബ്ഹൗസ്. വചനം പങ്കുവയ്ക്കാനും, വിശ്വാസപരിശീലനം നടത്താനും ഉള്ള പുതിയ ഒരു ഇടം. വിശ്വാസികൾക്കു അവരുടെ ആകുലതകൾ തുറന്നു പറയാനും, വിശ്വാസസംബന്ധമായ സംശയങ്ങൾ തീർക്കാനുമുള്ള പുതിയ ഒരു ഇടം. സഭ ഈ ക്ലബ്ഹൗസിൽ നിന്ന് മാറി നിൽക്കുക അല്ല വേണ്ടത്. നമ്മുടെ കുട്ടികളും യുവാക്കളും ഇപ്പോൾ കൂടുതൽ സമയം ആയിരിക്കുന്ന ഈ ഓൺലൈൻ പ്ലാറ്റഫോമിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ ഇപ്പോൾത്തന്നെ പരിശ്രമിക്കുക. അതിനുള്ള ചില നിർദ്ദേശങ്ങൾ:

  • സഭയുടെ നേതൃത്വത്തിൽ ഉള്ളവർ ക്ലബ്ഹൗസിൽ ചേർന്ന് നിശ്ചിത ദിവസങ്ങളിൽ സഭാവിശ്വാസികളുടെ അഭിപ്രായങ്ങളും ആകുലതകളും കേൾക്കുക.
  • സഭാവിശ്വാസികൾക്കായി ഔദ്യോഗിക വിശ്വാസ ക്ലബ്ബുകൾ ക്ലബ്ഹൗസിൽ രൂപീകരിക്കുക.
  • വിശ്വാസ സംബന്ധമായ സംശയനിവാരണത്തിനായി സഭാവിദഗ്ദരുടെ നേതൃത്വത്തിൽ വിശ്വാസ ചോദ്യോത്തര റൂമുകൾ നടത്തുക.
  • മുതിർന്നവർക്കായി ക്രിസ്ത്യൻ പേരന്റിംഗുമായി ബന്ധപ്പെട്ട ചർച്ചാഫോറങ്ങൾ ആ മേഖലയിൽ പ്രാവീണ്യമുള്ളവരെ ഉൾപ്പെടുത്തി നടത്തുക.
  • യുവജനങ്ങൾക്കായി അവരെ ആകർഷിക്കത്തക്ക എന്റെർറ്റൈന്മെന്റ് പരിപാടികൾക്കായുള്ള വ്യത്യസ്ത ക്ലബ്ഹൗസ് റൂമുകൾ രൂപീകരിക്കുക.
  • വിവിധ രാജ്യങ്ങളിലും സ്ഥലങ്ങളിലും തനിയെ ആയിരിക്കുന്നവർക്കു ഒന്നുചേർന്ന് കുറച്ചുനേരം പ്രാർത്ഥിക്കാനുള്ള പ്രാർത്ഥനാമുറികൾ ഉണ്ടാക്കുക.
ഫാ. വിന്‍സന്റ് ശ്രാമ്പിക്കല്‍ mcbs 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.