ക്രിസ്തുമസ് ചിന്തകൾ 16: മുന്നറിയിപ്പ് 

ഫാ. സാജന്‍ ജോസഫ്‌

മുന്നറിയിപ്പിൽ മുഴങ്ങി കേൾക്കുന്നത് ദൈവത്തിന്റെ സ്വരമാണ്. തന്റെ മക്കളെ ദൈവം കണ്‍മണിപോലെ കാത്തുസംരക്ഷിക്കുന്നതിന്റെ ഏറ്റവും വലിയ ഉറപ്പാണത്. യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ട് പൗരസ്ത്യ ദേശത്തുനിന്നുവന്ന ജ്ഞാനികൾക്കും യേശുവിന്റെ വളർത്തുപിതാവായ വിശുദ്ധ യൗസേപ്പിതാവിനും ദൈവദൂതൻ മുന്നറിയിപ്പ് നല്കുന്നുണ്ട്. ഹേറോദേസിന്റെ കൊട്ടാരത്തിലേക്ക് മടങ്ങിപ്പോകരുതെന്ന് ജ്ഞാനികൾക്കും ഈജിപ്തിലേക്ക് യേശുവിനേയും മാതാവിനെയും കൊണ്ട് പലായനം ചെയ്യാൻ യൗസേപ്പിതാവിനും മുന്നറിയിപ്പ് ലഭിക്കുന്നു.

മുന്നറിയിപ്പുകൾ ദൈവം എല്ലാ കാലത്തും മനുഷ്യന് നല്കിയിട്ടുണ്ട്. മുന്നറിയിപ്പുകളെ ഗൗരവമായി എടുക്കുമ്പോൾ രക്ഷയും അവഗണിക്കുമ്പോൾ ശിക്ഷയും കിട്ടും.

സംഭവിക്കാൻ പോകുന്ന നാശത്തെയും തിന്മയെയും കുറിച്ച് തന്റെ ജനത്തെ ദൈവം കാലാകാലം അറിയിക്കാറുണ്ട്. ഏദൻ തോട്ടത്തെപ്പറ്റി പൂർവ്വ മാതാപിതാക്കളെയും കോപത്തിന്റെ അനന്തരഫലത്തെപ്പറ്റി കായേനെയും ജലപ്രളയത്തെപ്പറ്റി നോഹയെയും സോദോ ഗോമാറായെപ്പറ്റി അബ്രാഹത്തെയും ക്ഷാമത്തെക്കുറിച്ചു പൂർവ്വ പിതാവായ യൗസേപ്പിനെയും ഇസ്രായേൽ ജനത്തിന്റെ വീണ്ടെടുപ്പിനെപ്പറ്റി മോശയേയും ഒറ്റിക്കൊടുക്കലിനെപ്പറ്റി യൂദാസിനെയും തിരസ്കരണത്തെപ്പറ്റി അപ്പസ്തോലന്മാരെയും തള്ളിപ്പറയലിനെപ്പറ്റി പത്രോസിനെയും ദൈവം മുൻകൂട്ടി അറിയിക്കുന്നുണ്ട്.

മുന്നറിയിപ്പുകൾ മനുഷ്യന്റെ മനസ്സും പാതയും മാറ്റാനുള്ള ദൈവത്തിന്റെ അവസാനവട്ട ശ്രമവും ഇടപെടലുമാണ്. മുന്നറിയിപ്പുകളെ സ്വീകരിക്കാനും തിരസ്ക്കരിക്കാനുമുള്ള പൂർണ്ണ സ്വതന്ത്ര്യം മനുഷ്യനുണ്ട്. സ്വീകരിച്ചാൽ ദൈവ കരത്തിൽ സംരക്ഷിക്കപ്പെടുന്നതും തിരസ്കരിച്ചാൽ ദൈവ കരം പിൻവലിക്കപ്പെടുന്നതും സ്വജീവിതത്തിൽ അനുഭവിച്ചു ബോദ്ധ്യമാക്കാം.

മുന്നറിയിപ്പ് നമുക്ക് നല്കുന്ന പാഠങ്ങൾ:

1. ദൈവത്തിന്റെ മുന്നറിയിപ്പുകളെ സശ്രദ്ധം ശ്രവിക്കുക.

2. ദൈവം നമ്മെ എപ്പോഴും കൈവെള്ളയിൽ കൊണ്ട് നടക്കുന്നുണ്ടെന്ന സത്യം ഒരിക്കലും വിസ്മരിക്കരുത്.

3. നിരന്തരം മുന്നറിയിപ്പ് ലഭിച്ചശേഷവും അപകടത്തിൽ മനഃപൂർവം പോയി പതിച്ചശേഷം ദൈവത്തെ പഴിക്കാതിരിക്കുക.

4. മനുഷ്യന്റെ വാക്കുകളെക്കാൾ ദൈവത്തിന്റെ വചനത്തിന് പ്രാധാന്യം കൊടുക്കുക.

5. മുന്നറിയിപ്പുകൾ വേദനാജനകമായിരിക്കാം പക്ഷേ അതനുസരിക്കുന്നതിലൂടെ ലഭിക്കുന്ന ദൈവ കൃപ എല്ലാറ്റിനും ഉപരിയാണ്.

6. എത്ര വലിയ അപകടത്തിന്റെ നടുവിലും ദൈവകരം മുറുകെപ്പിടിക്കാൻ നീ മനസുകാണിച്ചാൽ ഒരു ശത്രുവിനും ദൈവം നിന്നെ വിട്ടുകൊടുക്കുകയില്ല.

സാജനച്ചൻ, തക്കല രൂപത