ക്രിസ്തുമസ് കഥാപാത്രങ്ങൾ 17: നക്ഷത്രം

ഫാ. അജോ രാമച്ചനാട്ട്

സൗരയൂഥത്തിൽ മാത്രം ലക്ഷോപലക്ഷം നക്ഷത്രങ്ങൾ ഉണ്ടല്ലോ. പ്രപഞ്ചത്തിൽ ആകമാനം എത്രയോ കോടിയാണ് അവയുടെ എണ്ണം. എന്നിട്ടും, അവയിൽ ഒന്നുമാത്രം പ്രത്യേകം ശ്രദ്ധിക്കപ്പടുകയാണ്‌. എന്താവും കാരണം?

ആ ഒരു നക്ഷത്രം മാത്രം! ഭൂമിയിലെ രക്ഷകന്റെ ജനനം തിരിച്ചറിയുകയാണ്. ഈ തിരിച്ചറിവിൽ അത് പതിവിലേറെ പ്രകാശിച്ചു തുടങ്ങുകയാണ്. അത്, ദൂരെ എങ്ങോ ആ മൂന്ന് ജ്ഞാനികൾ തിരിച്ചറിയാൻ തക്കവിധം സ്വയം തിളക്കം കൂട്ടുകയാണ്. രക്ഷകനെ തേടി ഇറങ്ങുന്ന ജ്ഞാനികൾക്ക്‌ വഴികാട്ടിയായി നീങ്ങി തുടങ്ങുകയാണ്.

ഈ നക്ഷത്രം തരുന്ന പാഠമെന്താണ്? വെറുതെ ആൾക്കൂട്ടത്തിൽ ഒരാളായി ജീവിച്ച് മരിച്ചു പോകരുതെന്നാണ്. ഭൂമിയിൽ സംഭവിക്കുന്ന ചിലതൊക്കെ – ദൈവസാന്നിധ്യങ്ങളെ ദൈവീക ഇടപെടലുകളെ തിരിച്ചറിയാൻ പറ്റണമെന്ന്. ആ തിരിച്ചറിവിൽ കൂടുതൽ പ്രകാശിച്ചുതുടങ്ങണമെന്ന്. അനേകരെ ക്രിസ്തുവിലേയ്ക്ക്‌ കൊണ്ടുപോകണമെന്ന്.

നീയൊരു സ്റ്റാർ ആണെന്നൊക്കെ പണ്ട് അധ്യാപകർ ഓർമപ്പെടുത്തിയിട്ടില്ലേ?
സമ്മാനങ്ങൾ തന്നിട്ടില്ലേ? ആൾക്കൂട്ടത്തിൽ ഒരാളായി ജീവിച്ച് തീരരുതെന്നുള്ള ഓർമപ്പെടുത്തലായിരുന്നു, അത്. തമ്പുരാനേ, എന്റെ അസ്തിത്വത്തിന് അർത്ഥം കണ്ടെത്താനും സ്വയം പ്രകാശിയ്ക്കാനും അനേകർക്ക് നിന്നിലേയ്ക്കുള്ള വഴികാട്ടിയാകാനും വേണ്ട കൃപ തന്നനുഗ്രഹിക്കണേ. ആമ്മേൻ.

ഫാ. അജോ രാമച്ചനാട്ട്