കരവാജോ ചിത്രത്തിന് ഐഎസ് ഭീകരതയില്‍ പുനര്‍വായന

യോഹന്നാന്റെ ചോരച്ചുവപ്പില്‍  കരവാജോ ഒപ്പിട്ട  ചിത്രം ഐഎസ് ഭീകരതയുടെ പശ്ചാത്തലത്തില്‍ ശ്രദ്ധേയമാകുന്നു.

ഇറ്റാലിയന്‍ റിനൈസന്‍സ് (നവോത്ഥാനം) കാലഘട്ടത്തിലെ പ്രശസ്തനായ ചിത്രകാരന്‍ കരവാജോയുടെ ശ്രദ്ധേയങ്ങളായ ചിത്രങ്ങളിലൊന്നാണ് ‘സ്‌നാപക യോഹന്നാന്റെ ശിരസ്സറുക്കല്‍.’ പാശ്ചാത്യ പെയ്ന്റിംഗുകളില്‍ തന്നെ പ്രധാനപ്പെട്ട ചിത്രം കൂടിയാണിത്.

ഇന്ന് ലോകത്ത് നടമാടുന്ന കൊടുക്രൂരതകളുടെയും പീഡനങ്ങളുടെയും നേര്‍ക്കാഴ്ചകള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ കരവാജോ എന്ന ചിത്രകാരന്‍ വരച്ചിട്ടതായി ഈ ചിത്രം കാണുമ്പോള്‍ കാഴ്ചക്കാരന് അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ടാവാം ഈ കാലഘട്ടത്തിലും ഈ ചിത്രം ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെടുന്നത്.

കരവാജ്ജോ
കരവാജ്ജോ

ഈ ചിത്രത്തിന്റെ ഫ്രെയിമില്‍ കാണുന്ന കഥാപാത്രങ്ങള്‍ സുവിശേഷ വിവരണത്തില്‍ കാണുന്നത് പോലെ തല അറുക്കപ്പെടുന്ന സ്‌നാപകനും, തല താലത്തില്‍ ഏറ്റുവാങ്ങാന്‍ തയ്യാറായി അടുത്തുനില്‍ക്കുന്ന സലോമിയുമാണ്. തൊട്ടടുത്തായി മറ്റൊരു സ്ത്രീയെയും കാണാം. അത് ഹെറോദിയ ആണെന്നും അതല്ല, വെറുതെ കണ്ടുനില്‍ക്കുന്ന ഒരു സ്ത്രീയാണെന്നും വാദിക്കുന്നവരുണ്ട്. പക്ഷേ ഒരു കാര്യം വ്യക്തം. ആ ക്രൂരകൃത്യത്തിന്റെ ഭീകരത ആ കഥാപാത്രത്തിന്റെ മുഖഭാവങ്ങളില്‍ നിന്ന് വ്യക്തമാണ്. ഒരുപക്ഷേ തലയറുക്കല്‍ എന്ന ശിക്ഷ എന്തുകൊണ്ടും തെറ്റാണെന്ന തിരിച്ചറിവും ഒപ്പം ഉള്‍ഭയവും അവരുടെ ആംഗ്യങ്ങളില്‍ തന്നെ ദൃശ്യമാണ്.

caravaggio-beheading-of-saint-john-the-baptist

ഇവിടെയുള്ള മറ്റ് കഥാപാത്രങ്ങള്‍ തല അറുക്കുന്ന ആളും അയാള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്ന മറ്റൊരാളുമാണ്. ഈ ചിത്രത്തിന്റെ പ്രമേയം മറ്റനേകം കലാകാരന്‍മാര്‍ പ്രത്യേകിച്ച് ഇറ്റാലിയന്‍ ചിത്രകാരന്‍മാര്‍ വിഷയമാക്കിയിട്ടുളളതാണ്. കരവാജോ തന്നെ മറ്റ് രീതികളില്‍ ഇതിനെ പെയ്ന്റ് ചെയ്തിട്ടുമുണ്ട്. ഈ ചിത്രം നേരിട്ട് ബൈബിളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് വരച്ചതായിരിക്കാം എന്നും മറിച്ച് സുവര്‍ണ്ണ ഇതിഹാസത്തിലെ ഒരു കഥയുടെ ചുവട് പിടിച്ചാകാം എന്ന് വിശ്വസിക്കുന്നവരുമുണ്ട്. (Golden Legend- ചില വിശുദ്ധരുടെയും സഭാപിതാക്കന്‍മാരുടെയും ജീവചരിത്രം. ഒരു കാലത്ത് മധ്യകാല യൂറോപ്പില്‍ ഏറെ വായിക്കപ്പെടുന്ന ഗ്രന്ഥമായിരുന്നു). ഏറെ കൗതുകകരമായ ഒരു കാര്യം ഈ ഒരു പെയ്ന്റിംഗിന് താഴെ മാത്രമാണ് കരവാജോ ചിത്രകാരന്‍ എന്ന രീതിയില്‍ ഒപ്പിട്ടിരിക്കുന്നത്. ചോരച്ചുവപ്പ് നിറത്തില്‍ സ്‌നാപകന്റെ ശിരസില്‍ നിന്ന് ഒഴുകിയ ചോരയുടെ ബാക്കിയെന്നവണ്ണം.

നിരൂപകനായ ജോണ്‍ വരിയാനോയുടെ അഭിപ്രായത്തില്‍ കരവാജോ തന്റെ ഈ ചിത്രത്തിന്റെ പശ്ചാത്തലം ഒരുക്കിയിരിക്കുന്നത് മാള്‍ട്ടയിലെ പീനല്‍കോഡില്‍ വിവരിച്ചിരിക്കുന്ന ജയിലിന്റെ വിവരണത്തെ അടിസ്ഥാനപ്പെടുത്തിയാണ്. 1608-ല്‍ മാള്‍ട്ടയില്‍ പൂര്‍ത്തിയാക്കപ്പെട്ട ഈ ചിത്രം അവിടുത്തെ ഒരു ദേവാലയത്തിന്റെ അള്‍ത്താരയുടെ പുറകില്‍ സ്ഥാപിക്കപ്പെടുന്നതിനായിട്ടായിരുന്നു. ഇത്തരത്തില്‍ സ്ഥാപിക്കുന്നതിന് വേണ്ടി കരവാജോ വരച്ച ചിത്രങ്ങളില്‍ ഏറ്റവും വലിപ്പമേറിയ ചിത്രങ്ങളിലൊന്നായിരുന്നു ഇത്.

മാള്‍ട്ടയിലെ സെന്റ് ജോണ്‍ കത്തീഡ്രലില്‍ ഇപ്പോഴും സ്ഥിതി ചെയ്യുന്ന ഈ ചിത്രം കുറെയേറെ നാശനഷ്ടങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ആധുനിക യുഗത്തിലും കാഴ്ചക്കാരന്റെ ശ്രദ്ധ ആദ്യം പതിയുന്നത് ചോരച്ചുവപ്പ് നിറത്തില്‍ ഒപ്പിട്ടിരിക്കുന്ന ‘കരവാജോ’ എന്ന പേരിലേക്കാണ്.

മാള്‍ട്ടയിലെ സെന്റ് ജോണ്‍ കത്തീഡ്രല്‍
മാള്‍ട്ടയിലെ സെന്റ് ജോണ്‍ കത്തീഡ്രല്‍

ഐഎസ് ഭീകരതയ്ക്ക് അനവധി തെളിവുകള്‍ നമ്മുടെ കണ്‍മുന്നിലുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പതിനാല് വയസ്സുള്ള ബാലനെ സ്വന്തം പിതാവിന്റെ മുന്നില്‍ വച്ചാണ് അവര്‍ കഴുത്തറത്ത് കൊന്നത്. ശേഷം അവനെ തൂക്കിലേറ്റി. ഐഎസ് ഭീകരതയും കരവാജോയുടെ ഈ ചിത്രവും തമ്മില്‍ ചേര്‍ത്ത് വായിക്കുമ്പോള്‍ അസാധാരണമായ ചില സാമ്യങ്ങള്‍ കാഴ്ചക്കാരന് അനുഭവപ്പെടുന്നുണ്ട്. സത്യത്തിന് വേണ്ടിയാണ് യോഹന്നാന്‍ തന്റെ ജീവന്‍ വെടിഞ്ഞത്. അതേപോലെ ക്രൈസ്തവരായതു കൊണ്ടാണ് ഐഎസ് ഭികരര്‍ ജനങ്ങളെ തലയറുത്ത് കൊല്ലുന്നത്. കരവാജിയന്‍ ചിത്രങ്ങള്‍ യോഹന്നാന്റെ ശിരസ്സ് ഇപ്രകാരമായിരിക്കാം അറുത്തുമാറ്റിയത് എന്നൊരു ചിന്ത നമ്മളിലുളവാക്കും. ഇന്ന് ഈ പെയിന്റിംഗില്‍ വരച്ചിരിക്കുന്ന അതേ രീതിയില്‍ തന്നെയാണ് ഐഎസ് ഭീകരരും തങ്ങളുടെ ശിക്ഷ നടക്കപ്പാക്കുന്നത്.

പ്രവചനാത്മകമാണ് ഈ കരവാജോ ചിത്രം. ഒരു പക്ഷേ കാലം കരുതിവച്ച മുറിപ്പാടിന്റെ മുന്നോടിയെന്ന വണ്ണമായിരിക്കാം അത്. ഇപ്പോള്‍ ചുറ്റുപാടും നടക്കുന്ന എണ്ണമറ്റ പീഡനങ്ങളും ഐഎസ് ഭീകരതയുടെ കൊടും ക്രൂരതകളും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കരവാജോ മനസ്സില്‍ കണ്ടു വരച്ചിട്ടതാവാം ഈ ചിത്രം എന്ന തോന്നലാണ് കാഴ്ചക്കാരനിലുണ്ടാവുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.