ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ 

സന്യാസിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പ്രസ്താവിച്ചത്.

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ ചുമത്തിയ മുഴുവൻ കേസുകളും നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. വിധി കേട്ട ബിഷപ്പ്, ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് കോടതിയിൽ നിന്നിറങ്ങിയത്.

കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽ വച്ച് 2014 – 2016 കാലയളവിനുള്ളിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ, തന്നെ 13 തവണ പീഡനത്തിനിരയാക്കി എന്നായിരുന്നു ബിഷപ്പിനെതിരെ സന്യാസിനി ഉയർത്തിയ പരാതി. വൈക്കം ഡി.വൈ.എസ്.പി ആയിരുന്ന കെ. സുഭാഷിനായിരുന്നു അന്വേഷണച്ചുമതല.

ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതു വരെ പിന്നോട്ടില്ലെന്നു പറഞ്ഞ് ആറ് സന്യാസിനിമാർ പ്രത്യക്ഷസമരത്തിനിറങ്ങുകയും ചെയ്തിരുന്നു. ഒടുവിൽ ബിഷപ്പിനെ അറസ്റ്റ് ചെയ്ത് പാലാ ജയിലിലേക്ക് അയച്ചതോടെയാണ് സമരം അവസാനിച്ചത്.

സെപ്തംബർ 12 -ാം തീയതി കൊച്ചിയിൽ ഐ.ജി -യുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ബിഷപ്പിന് ചോദ്യം ചെയ്യലിനു വേണ്ടിയുള്ള നോട്ടീസ് നൽകി. തുടർച്ചയായുള്ള മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം, 2018 സെപ്റ്റംബർ 21 -ന് ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പാലാ കോടതിയിൽ ഹാജരാക്കിയ ബിഷപ്പിനെ കോടതി റിമാൻഡ് ചെയ്തു.

ഒക്ടോബർ 15 -ന് ബിഷപ്പിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഈ കേസിൽ 83 സാക്ഷികളാണുള്ളത്. 105 ദിവസത്തെ വിസ്താരത്തിനു ശേഷമാണ് കേസിൽ വിധി വന്നിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.