അലപ്പോയില്‍ കുരിശിലേറിയവര്‍

ശിരച്ഛേദത്തിനും കുരിശുമരണത്തിനും മുമ്പ് അനേകം ദുരന്തവഴികളിലൂടെ അവര്‍ക്ക് കടന്നു പോകേണ്ടി വന്നിരുന്നു. കൊടിയ പീഡനങ്ങളും അപമാനങ്ങളും അവര്‍ നേരിട്ടു. അലപ്പോയില്‍ സുവിശേഷ ശുശ്രൂഷ ചെയ്തിരുന്ന തദ്ദേശീയരായ 11 ക്രൈസ്തവ മിഷണറിമാരുടെ സഹനത്തിന്റെ അനുഭവമാണിത്. അവരുടെ മുന്നില്‍ രണ്ട് വഴികളേ ഉണ്ടായിരുന്നുള്ളൂ. ഒന്നുകില്‍ നഗരം വിട്ടോടുക; അല്ലെങ്കില്‍ അവിടെത്തന്നെ ജീവിക്കുക. അവര്‍ തിരഞ്ഞെടുത്തത് രണ്ടാമത്തെ വഴിയായിരുന്നു. ആ വഴിയിലാണ് അവര്‍ക്ക് തങ്ങളുടെ ജീവന്‍ ബലിയായി നല്‍കേണ്ടി വന്നത്. ഈ മിഷണറി സംഘത്തിന്റെ ലീഡറിന്റെ പന്ത്രണ്ട് വയസ്സുകാരനായ മകനെയും തീവ്രവാദികള്‍ വെറുതെ വിട്ടില്ല. അതിക്രൂര പീഢനങ്ങള്‍ക്കൊടുവില്‍ ആ കുഞ്ഞിനെയും അവര്‍ കുരിശില്‍ തറച്ച് കൊന്നുകളഞ്ഞു. അങ്ങനെ ക്രിസ്തുവിന് സാക്ഷ്യം വഹിച്ചപ്പോള്‍ അവന് തന്റെ ജീവന്‍ നഷ്ടമായി.

അലപ്പോയിലെ തദ്ദേശീയ ക്രിസ്ത്യന്‍ എയ്ഡ് മിഷണറിമാര്‍ക്ക് സംഭവിച്ച ഈ ദുരന്തം ഏറ്റവും അപമാനകരവും മുറിപ്പെടുത്തുന്നതുമായ ഒന്നാണ്. ഒരു മൂന്നാം ലോകമഹായുദ്ധത്തിന്റെ സാധ്യതകളെക്കുറിച്ചോ, അസാന്തിന്റെ ദുഷ്പ്രവര്‍ത്തികളെക്കുറിച്ചോ, സൈനിക നീക്കങ്ങളെക്കുറിച്ചോ അല്ല ചര്‍ച്ച ചെയ്യേണ്ടത്. സ്ത്രീകള്‍ കൊല്ലപ്പെടുകയും പെണ്‍കുട്ടികള്‍ പരസ്യമായി ബലാത്സംഗം ചെയ്യപ്പെടുകയും മനുഷ്യര്‍ ചുട്ടെരിക്കപ്പെടുകയും വലിയ കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്ന് കുഞ്ഞുങ്ങള്‍ വലിച്ചെറിയപ്പെടുകയും ചെയ്യുന്ന ഒരു നഗരം; അലപ്പോ നഗരത്തില്‍ ദൃശ്യമാകുന്നത് നരകക്കാഴ്ചകളാണ്. ഈ കാഴ്ചകളാകണം ചര്‍ച്ചാ വിഷയം.

അലപ്പോയിലെ ക്രൈസ്തവരെക്കുറിച്ച് കൂടുതലൊന്നും പുറംലോകം അറിഞ്ഞിട്ടില്ല. മുഖ്യധാരാ മാധ്യമങ്ങള്‍ അവിടെ സംഭവിക്കുന്ന കാര്യങ്ങളെ ഗൗരവമായി സമീപിക്കുന്നില്ല എന്ന് വേണം കരുതാന്‍. അലപ്പോയിലെ സിറിയന്‍ മന്ത്രാലയത്തിലെ തൊഴിലാളികള്‍ ദുരന്തങ്ങളെ അതിജീവിച്ചവരെ സഹായിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മന്ത്രാലയം ഡയറക്ടര്‍ പറയുന്നു. ”അവിടെ പോകാന്‍ എന്റെ സഹപ്രവര്‍ത്തകരോട് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവിടെ പോകുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യവും ഞാന്‍ അവര്‍ക്ക് നല്‍കിയിരുന്നു.” അലപ്പോയിലെ ക്രൂരമരണങ്ങളെക്കുറിച്ചുള്ള അറിവില്‍ അദ്ദേഹത്തിന്റെ ശബ്ദം പതറുന്നുണ്ടായിരുന്നു. ”അവരുടെ ഡയറക്ടര്‍ എന്ന നിലയില്‍ അവിടെ പോകാന്‍ പറയുക എന്നത് എന്റെ കടമയാണ്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ കുരിശിന്റെ വഴികളില്‍ പങ്കാളികളാകാനാണ് ക്രിസ്തു തങ്ങളെ വിളിച്ചിരിക്കുന്നതെന്ന യാഥാര്‍ത്ഥ്യം തന്റെ സഹപ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തി. ”എല്ലായ്‌പ്പോഴും ഞങ്ങള്‍ ദുരിതം നേരിടുന്നവരോട് സംസാരിച്ചുകൊണ്ടിരുന്നു. അവിടെ താമസിച്ച് അവര്‍ക്ക് സഹായമെത്തിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചു കൊണ്ടിരുന്നത്. കാരണം ക്രിസ്തു പ്രവര്‍ത്തിക്കാന്‍ പറഞ്ഞിരിക്കുന്നത് ഇപ്രകാരമെത്രെ. ഞങ്ങള്‍ ഇത് തന്നെയാണ് ചെയ്യേണ്ടത്. അവിടെ താമസിച്ച് അവര്‍ക്കിടയില്‍ സുവിശേഷം പ്രചരിപ്പിക്കുക എന്നത്. വളരെ സമാധാനത്തോടെ നമ്മള്‍ ജീവിതം ആഘോഷിക്കുമ്പോള്‍ ക്രിസ്തുവിന്റെ സുവിശേഷം പ്രചരിപ്പിച്ചതിന്റെ പേരില്‍ നമ്മുടെ സഹോദരങ്ങള്‍ ദുരിതമനുഭവിക്കുകയാണ്.” ഭൂമിയിലെ നരകജീവിതമാണ് അവരിപ്പോള്‍ ജീവിച്ച് തീര്‍ക്കുന്നതെന്ന് അദ്ദേഹം വ്യസനത്തോടെ അഭിപ്രായപ്പെട്ടു.

ആഗസ്റ്റ് 28-നാണ് ഇസ്ലാം ഭീകരര്‍ മന്ത്രാലയത്തിലെ മിഷണറിമാരെ പിടിച്ചുകൊണ്ടു പോയി വധിച്ചത്. ഇസ്ലാം മതത്തെ ഉപേക്ഷിച്ച് ക്രിസ്തുമതത്തിലേക്ക് പോയവരുണ്ടോ എന്നായിരുന്നു തീവ്രവാദികളുടെ ആദ്യചോദ്യം. ഇസ്ലാം മതത്തെ ഉപേക്ഷിച്ച് ക്രിസ്തുവിലേക്ക് പോയതിന്റെ കാരണം അവര്‍ക്കറിയണമായിരുന്നു. തിരികെ ഇസ്ലാമിലേക്ക് വരാന്‍ താത്പര്യമുണ്ടോയെന്ന ചോദ്യത്തിന് ഒരിക്കലുമില്ല എന്നായിരുന്നു മറുപടി. ക്രിസ്തുവിനെ നിഷേധിക്കാന്‍ തങ്ങള്‍ തയ്യാറല്ല എന്ന് ക്രിസ്ത്യാനികള്‍ ഒന്നടങ്കം ഒരേ സ്വരത്തില്‍ പറഞ്ഞു. മിഷണറി സംഘത്തിന്റെ നേതാവിനോടും മകനോടും ഇരുപത് വയസ്സ് പ്രായമുളള രണ്ട് യുവമിഷണറിമാരോടും ചോദ്യം ചെയ്യുന്നതിനായി ആ ഗ്രാമത്തിലെ വലിയൊരു ജനക്കൂട്ടത്തിന് മുന്നില്‍ ഹാജരാകാന്‍ തീവ്രവാദികള്‍ ആജ്ഞാപിച്ചു. ആ ഗ്രാമത്തില്‍ ഒന്‍പത് ഹൗസ് ചര്‍ച്ചസ് ആരംഭിക്കാന്‍ സഹായിച്ചത് മിഷണറിമാരുടെ ലീഡറായിരുന്നു. തന്റെ പതിമൂന്നാമത്തെ പിറന്നാള്‍ ആഘോഷത്തിന് തയ്യാറെടുക്കുകയായിരുന്നു അയാളുടെ മകന്‍. പിതാവിന്റെ മുന്നില്‍ വച്ച് ആ പന്ത്രണ്ട് വയസ്സുകാരന്റെ വിരല്‍ത്തുമ്പുകള്‍ തീവ്രവാദികള്‍ മുറിച്ചെടുത്തു; അതിക്രൂരമായി മര്‍ദ്ദിച്ചു. ഇസ്ലാം മതത്തിലേക്ക് തിരികെ വന്നാല്‍ പീഡനങ്ങള്‍ നിര്‍ത്താമെന്ന് മര്‍ദ്ദനത്തിനിടയില്‍ അവര്‍ പറയുന്നുണ്ടായിരുന്നു. എന്നാല്‍ അയാള്‍ അവരുടെ ആവശ്യം നിരസിച്ചു. യുവമിഷണറിമാരെയും അവര്‍ അതിക്രൂര പീഡനങ്ങള്‍ക്കിരയാക്കി. തങ്ങളുടെ മരണം കുരിശിലാണ് എന്ന് ആ മൂന്നുപേര്‍ക്കും ഉറപ്പായിരുന്നു. ”അതിക്രൂരമായി പീഡനങ്ങള്‍ ഏറ്റുവാങ്ങിയ ശേഷം അവര്‍ ക്രൂശിക്കപ്പെട്ടു. രണ്ട് ദിവസം അവര്‍ കുരിശില്‍ തന്നെ കിടന്നു. ഒരാള്‍ അവരെ തിരിഞ്ഞു നോക്കാന്‍ പോലും തീവ്രവാദികള്‍ സമ്മതിച്ചില്ല.” മന്ത്രാലയത്തിന്റെ ഡയറക്ടര്‍ പറഞ്ഞു. അവര്‍ മരിച്ചു കിടന്നതിന് തൊട്ടടുത്ത് ‘അവിശ്വാസികള്‍’ എന്ന ബോര്‍ഡും അവര്‍ സ്ഥാപിച്ചിരുന്നു.

ഒരു ചെറിയ ബാലന്റെ വിരല്‍ത്തുമ്പുകള്‍ അറുത്തുമാറ്റി എന്ത് മതപരിവര്‍ത്തനം നടത്താനാണ് ഇവര്‍ ഉദ്ദേശിക്കുന്നത്? ഒരു മകന്റെ മരണവെപ്രാളത്തെ കാണിച്ച് പിതാവിനോട് തന്റെ രക്ഷകനെ തള്ളിപ്പറയാന്‍ നിര്‍ബന്ധിക്കാന്‍ ഇവര്‍ക്കെന്ത് അധികാരമാണുള്ളത്? ഇവരൊരിക്കലും അവിശ്വാസികളല്ല; വിശുദ്ധരാണ്. കുഞ്ഞാടിന്റെ രക്തത്താല്‍ ശുദ്ധീകരിക്കപ്പെട്ടവര്‍. ക്രിസ്തുവിനാല്‍ വിശുദ്ധരാകാന്‍ ഒരുങ്ങുന്നവര്‍. വര്‍ഗ്ഗമോ, ജാതിയോ സാമൂഹിക പദവിയോ ഏറ്റെടുത്ത സുവിശേഷ ദൗത്യത്തില്‍ നിന്ന് അവരെ പിന്തിരിപ്പിക്കില്ല. ശത്രുക്കളെയും സ്‌നേഹിക്കുക എന്ന ക്രിസ്തുവചനത്തിലധിഷ്ഠിതമാണ് ഇവരുടെ ജീവിതം. അതുകൊണ്ട് വെറുപ്പോടും ക്രൂരതയോടും കൂടി സമീപിക്കുന്ന മുഖങ്ങളില്‍ പോലും അവര്‍ക്ക് ക്രിസ്തുവിനെ ദര്‍ശിക്കാന്‍ സാധിക്കും.

അതേ ദിവസം – ആഗസ്റ്റ് 28- തന്നെ മിഷണറി സംഘത്തിലുണ്ടായിരുന്ന രണ്ട് സ്ത്രീകളുള്‍പ്പെടെയുള്ള എട്ട് പേരെ മറ്റൊരു സ്ഥലത്ത്, മറ്റൊരു ജനക്കൂട്ടത്തിന് മുന്നില്‍ വച്ച് ഭീകരവാദികള്‍ വിചാരണയ്ക്ക് വിധേയരാക്കിയിരുന്നു. സമാധാനവും സ്‌നേഹവും പ്രചരിപ്പിക്കുക മാത്രമേ തങ്ങള്‍ ചെയ്യുന്നുള്ളൂ എന്നും പിന്നെന്തിനാണ് ഇത്തരം പീഡനങ്ങള്‍ എന്നും 29 ഉം 33 ഉം വയസ്സുള്ള സ്ത്രീകള്‍ അവരോട് ചോദിച്ചു. പരസ്യമായ ബലാത്സംഗത്തിലൂടെയാണ് ഇസ്ലാം ഭീകരര്‍ ഇവര്‍ക്ക് മറുപടി നല്‍കിയത്. ഈ കഠിനപരീക്ഷണത്തിനിടയിലും അവര്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. മറ്റുള്ളവരെപ്പോലെ അവരും അതിക്രൂര മര്‍ദ്ദനങ്ങള്‍ക്കിരകളായി. മരണത്തിനായി മുട്ടുകുത്തുമ്പോഴും അവര്‍ പ്രാര്‍ത്ഥനയോടെയാണ് തല കുനിച്ചത്. ”ചിലര്‍ ക്രിസ്തുവിനെ വിളിച്ച് പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. മറ്റ് ചിലര്‍ മരണത്തിന് തയ്യാറായി പരിശുദ്ധാത്മാവിനെ അയക്കണേ എന്നായിരുന്നു ദൈവത്തോട് അപേക്ഷിച്ചത്. രണ്ട് സ്ത്രീകളിലൊരാള്‍ കൊടിയ പീഡനങ്ങള്‍ നേരിടുന്ന സമയത്തും ശിരസ്സ് ഉയര്‍ത്തി, ചിരിച്ചു കൊണ്ട് ജീസസ് എന്ന് പറഞ്ഞുകൊണ്ടേയിരുന്നു. അവിടെയുണ്ടായിരുന്ന ഗ്രാമീണരാണ് ഇക്കാര്യങ്ങളെല്ലാം പറഞ്ഞത്” ഡയറക്ടര്‍ വെളിപ്പെടുത്തി.

ശിരസ്സ് വെട്ടി മാറ്റിയതിന് ശേഷം അവരെയെല്ലാം കുരിശിലേറ്റി. ഇങ്ങനെയാണ് ക്രൈസ്തവ മിഷണറിമാരുടെ ദൈവനിയോഗം. അവരുടെ ത്യാഗങ്ങളില്ലാതെ പൂര്‍ണ്ണമായ സത്യം അറിയപ്പെടുകയില്ല. അവരുടെ ആശങ്കകള്‍ യഥാര്‍ത്ഥമാണ്; അവരുടെ ദു:ഖങ്ങള്‍ മഹത്വമുള്ളതും. ഉത്ഥിതനായ ക്രിസ്തുവിന്റെ മഹത്വം പ്രഘോഷിക്കാന്‍ യോഗ്യരാവര്‍ ഇവരാണ്. പന്ത്രണ്ട് വയസ്സുള്ള ഒരു ബാലന്‍ കൊല്ലപ്പെടുമ്പോള്‍ അതില്‍ സന്തോഷം കണ്ടെത്താന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? നഷ്ടപ്പെട്ട യുവജീവിതങ്ങളെ തലക്കെട്ടാക്കിയ ഒരു വാര്‍ത്ത എവിടെയെങ്കിലും കാണാന്‍ കഴിഞ്ഞോ? ഇവയൊന്നും കാണാന്‍ സാധിക്കാത്ത തരത്തില്‍ നമ്മുടെ കാഴ്ചകള്‍ വികലമായിപ്പോയിരിക്കുന്നു. ഈ ക്രൈസ്തവ മിഷണറിമാരുടെ ശിരച്ഛേദവും കുരിശുമരണവും നമ്മുടെ ഹൃദയത്തില്‍ ചലനമുണ്ടാക്കിയില്ല എന്ന് വരാം. എന്നാല്‍ അവരുടെ കുടുംബാംഗങ്ങളുടെയും സഹമിഷണറിമാരുടെയും അവസ്ഥയോ?

ഇവരാണ് യഥാര്‍ത്ഥ രക്തസാക്ഷികള്‍; മഹത്വമുളള മരണം നേടിയവര്‍. ഇവരുടെ സാന്നിദ്ധ്യവും ശക്തിയും ആകാശത്തിനും ഭൂമിക്കുമിടയിലെ തിരശ്ശീലകളായി മാറും. നമ്മുടെ തുച്ഛമായ ജീവിതത്തില്‍ ഇവരുടെ ജീവിതവും മുഖവും എന്നെന്നും ഓര്‍മ്മയുണ്ടാകണം.

സുമം തോമസ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.