മകനെ ‘വെടിവെച്ചു കൊല്ലാന്‍’ യാചിച്ച അമ്മ

അല്‍ബേനിയയിലെ 38 ധീര രക്തസാക്ഷികള്‍

അല്‍ബേനിയ: കമ്യൂണിസ്റ്റ് ഭരണകാലത്ത് ലോകത്തെ സമ്പൂര്‍ണ്ണ നിരീശ്വര രാജ്യമായി സ്വയം പ്രഖ്യാപിച്ച രാജ്യമായിരുന്നു അല്‍ബേനിയ. കഴുത്തിലെ കുരിശുമാലയും കുരിശടയാളങ്ങള്‍ നിര്‍മ്മിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും  ക്രിമിനല്‍ കുറ്റമായിട്ടാണ് അന്നത്തെ ഭരണാധികാരികള്‍ പരിഗണിച്ചിരുന്നത്. മതവിശ്വാസിയാണ് എന്ന് തോന്നിക്കുന്ന ഒരു തെളിവും ഒരു വ്യക്തിയിലും പ്രകടമാകാന്‍ ഭരണകൂടം സമ്മതിച്ചിരുന്നില്ല.

2

അക്കാലത്തെ ക്രൈസ്തവ ദേവാലയങ്ങളും മോസ്‌കുകളും മറ്റ് ആരാധനാലയങ്ങളും ഷോപ്പിംഗ് മാളുകളും സ്‌പോര്‍ട് ഹാളുകളും തിയേറ്ററുകളുമായി മാറി. സ്‌കോഡൈറിലെ കത്തീഡ്രലിന്റെ വിധിയും ഇതായിരുന്നു; ഒരു സ്‌പോര്‍ട്‌സ് ഗോദയായി മാറുക എന്നത്. എന്നാല്‍  ഈ നവംബര്‍ 5 ന് 38 അല്‍ബേനിയന്‍ രകതസാക്ഷികളുടെ വാഴ്ത്തപ്പെടലിന് ഈ ഹാള്‍ വേദിയാകും.

പീഡനങ്ങളുടെ കൊടുമുടിയിലൂടെയാണ് ഈ രക്തസാക്ഷികള്‍ കയറിയിറങ്ങിയത്. ”പട്ടാളക്കാരാല്‍ അതിക്രൂരമായി മര്‍ദ്ദിക്കപ്പെടുന്ന സമയത്തും  ‘ക്രിസ്തു നീണാള്‍ വാഴട്ടെ, അല്‍ബേനിയ നീണാള്‍ വാഴട്ടെ, ഞങ്ങളെ ദ്രോഹിച്ചവരോട് ക്ഷമിച്ചിരിക്കുന്നു’ എന്നായിരുന്നു രക്തസാക്ഷികള്‍ ഉറക്കെ വിളിച്ചു പറഞ്ഞത്.” ആര്‍ച്ച്ബിഷപ്പ് ആഞ്ചലോ മസാഫ്ര  അന്തര്‍ദ്ദേശീയ സാമൂഹ്യസംഘടനയായ എയ്ഡ് ടു ദ് ചര്‍ച്ച് ഇന്‍ നീഡ് നോട് പറഞ്ഞു. അനവധി ബിഷപ്പുമാരും പുരോഹിതരും സാധാരണ ജനങ്ങളും രക്തസാക്ഷിത്വം വഹിച്ചവരില്‍ ഉള്‍പ്പെടുന്നു. മരിയ ടുകി എന്ന വനിതയും ധീരരക്തസാക്ഷികളായവരില്‍ ഒരാളാണ്.

maria-tuci

ക്രിസ്തുവിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച്  തന്റെ വിദ്യാര്‍ത്ഥികളോട് പറഞ്ഞു എന്ന കുറ്റത്തിനാണ് അധ്യാപിക ആയിരുന്ന മരിയയെ മരണശിക്ഷയ്ക്ക് വിധിച്ചത്. അതിപീഢകളേറ്റു വാങ്ങിയ ഒരു മരണമാണ് മരിയ ഏറ്റുവാങ്ങിയത്. നിരവധി പ്രാവശ്യം അതിക്രൂരമായി അവര്‍ പീഡിപ്പിക്കപ്പെട്ടു. ഒരു പൂച്ചയ്‌ക്കൊപ്പം ചാക്കിനുള്ളില്‍ മരിയയെ കെട്ടിവച്ചു. അതിന് ശേഷം പീഡകര്‍ പൂച്ചയെ തുടര്‍ച്ചയായി അടിച്ചുകൊണ്ടിരുന്നു. മരണവെപ്രാളത്തിലുള്ള പൂച്ചയുടെ ആക്രമണവും അടിയും ഏറ്റാണ് ഇവര്‍ മരിച്ചത്.

laser-shantoja

അല്‍ബേനിയന്‍ തലസ്ഥാനമായ ടിരാനയില്‍ വച്ചാണ് പുരോഹിതനായ ലാസര്‍ ഷാന്റോജ അതിഭയാനകമായ പീഡനങ്ങള്‍ക്ക് വിധേയനായത്. മകന്റെ ദുരിതം കണ്ട് താങ്ങാനാവാതെ ‘അവനെ വെടിവെച്ചു കൊല്ലാന്‍’ അദ്ദേഹത്തിന്റെ അമ്മയ്ക്ക് യാചിക്കേണ്ടി വന്നു. ഫയറിംഗ് സ്‌ക്വാഡിനാല്‍ കൊല്ലപ്പെട്ട ആദ്യ വ്യക്തിയായിരുന്നു ദ്രേ സാദേജ. അല്‍ബേനിയന്‍ കമ്യൂണിസ്റ്റ് ഭരണത്തിന്റെ സമയത്ത് രക്തസാക്ഷിത്വം വരിച്ച ആളുകൂടിയാണ് അദ്ദേഹം.

അല്‍ബേനിയന്‍ ബിഷപ്പ് കോണ്‍ഫറന്‍സ് സമ്മേളനത്തില്‍ വച്ചാണ് ആര്‍ച്ച്ബിഷപ്പ് മസാഫ്രെ രക്തസാക്ഷികളുടെ ജീവിതത്തെക്കുറിച്ചും സഹനങ്ങളെക്കുറിച്ചും വിശദീകരിച്ചത്. ”ദൈവത്തിന്റെ വഴിയിലൂടെ നടക്കാന്‍ ആഗ്രഹിച്ചതിനാണ് ഇവരൊക്കെയും കൊല്ലപ്പെട്ടത്. ക്രിസ്തുവിനോടുള്ള സ്‌നേഹത്തെപ്രതിയാണ് ഇവര്‍ മരണം വരിച്ചതെന്ന കാര്യം നാം ഓര്‍ക്കണം.” ആര്‍ച്ച്ബിഷപ്പ് ഉദ്‌ബോധിപ്പിച്ചു. നിറഞ്ഞ സന്തോഷത്തോടെയാണ് തങ്ങളുടെ രക്തസാക്ഷികളുടെ നാമകരണപ്രക്രിയകള്‍ക്ക് അല്‍ബേനിയ ഒരുങ്ങുന്നത്. ചെറിയ സഭയാണെങ്കിലും ലോകസഭയ്ക്ക് ഏറ്റവുമധികം രക്തസാക്ഷികളെ നല്‍കിയ സഭയാണ് അല്‍ബേനിയയിലേത്.

simoni

2002-ലാണ് നാമകരണപ്രക്രിയകള്‍ ആരംഭിച്ചത്. 2010- ആയപ്പോള്‍ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. ഈ രാജ്യത്ത് എഴുപത് ശതമാനം ജനങ്ങളും ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നവരാണ്. ക്രിസ്തുവിലും അള്ളാഹുവിലും വിശ്വസിച്ചതിന്റെ പേരില്‍  കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലും ജയിലിലും കഴിയേണ്ടി വന്നവരുണ്ട്. ഭീകരവാഴ്ചയെ അതിജീവിച്ചവരാണ് അവരൊക്കെയും. ഫാദര്‍ ഏണസ്റ്റ് സിമോണി തന്നെ ഉദാഹരണം. 28 വര്‍ഷമാണ് അദ്ദേഹത്തിന് ലേബര്‍ ക്യാമ്പില്‍ ജീവിക്കേണ്ടി വന്നത്. സിസ്റ്റര്‍ മരിജെ കലാത്ത എന്ന സന്യാസിനിക്കും ഇതേ അനുഭവമായിരുന്നു. ഫ്രാന്‍സീസ് പാപ്പ കര്‍ദ്ദിനാള്‍ ആയിരിക്കുന്ന സമയത്ത് ലേബര്‍ക്യാമ്പില്‍ ഇരുവരെയും സന്ദര്‍ശിച്ചിട്ടുണ്ട്. മറ്റുള്ള തടവുകാരെ രഹസ്യമായി ക്രിസ്തുവചനത്താല്‍ സമാധാനിപ്പിച്ചവരായിരുന്നു ഇവര്‍ എന്ന് ആര്‍ച്ച് ബിഷപ്പ് അനുസ്മരിച്ചു. ഫാദര്‍ സിമോണി തടവുകാര്‍ക്കായി രഹസ്യമായ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്യുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.