വാ. ചാൾസിന്റെ വിവാഹിതർക്കുള്ള അഞ്ചു കല്പനകൾ

വിവാഹ തീയതി തിരുനാളായി ആഘോഷിക്കാൻ കത്തോലിക്കാ സഭയിൽ ഭാഗ്യലഭിച്ച വ്യക്തിയെ നിങ്ങൾക്കു പരിചയപ്പെടേണ്ടേ?

പരമ്പരാഗതമായി ഒരു വിശുദ്ധനോ വിശുദ്ധയോ മരിച്ച തീയതി, അതായതു സ്വർഗ്ഗത്തിൽ പ്രവേശിച്ച ദിനമാണു തിരുനാളായി കത്തോലിക്കാ സഭയിൽ ആഘോഷിക്കുക, എന്നാൽ ആസ്ട്രിയയിലെ വാഴ്ത്തപ്പെട്ട ചാൾസിന്റെ കാര്യത്തിൽ, മരണത്തീയതിയല്ല വിവാഹ തീയതിയാണു തിരുനാൾ ദിനം. (ഒക്ടോബർ 21) അതിനു കാരണം വിവാഹ ജീവിതം ചാൾസിന്റെ വിശുദ്ധിയിലേക്കുള്ള പ്രയാണത്തിൽ സഹായമായിരുന്നതുകൊണ്ടാണ്.

ആസ്ട്രിയായിലെ ആസ്ട്രോ ഹംഗേറിയൻ വംശത്തിലെ അവസാന ചക്രവർത്തി ആയിരുന്നു ചാൾസ്. ഒന്നാം ലോകമഹായുദ്ധകാലത്തു സമാധാനം സ്ഥാപിക്കാനായി അക്ഷീണം പ്രയ്നിച്ച മനുഷ്യസ്നേഹി. കുടുംബത്തെ അങ്ങയറ്റം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്ത വിശ്വസ്തനായ ഭർത്താവ്, ദയാലുവായ ഭരണാധികാരി എന്നീ നിലകളിൽ പ്രശസ്തനായിരുന്നു ചാൾസ്. ചാൾസിന്റെയും ഭാര്യ സിത്തായുടെയും ദാമ്പത്യ ജീവിതത്തിനു പതിനൊന്നു വർഷമേ ആയുസ്സുണ്ടായിരുന്നുള്ളുവെങ്കിലും, ദൈവം 8 കുഞ്ഞുങ്ങളെ നൽകി അവരെ അനുഗ്രഹിച്ചു.

ലോക മഹായുദ്ധകാലത്തു ഒരു വലിയ സാമ്രാജ്യത്തിന്റെ ഭരണാധികാരി എന്ന നിലയിൽ ഭാരിച്ച ഉത്തരവാദിത്വങ്ങൾ ഉണ്ടായിരുന്നിട്ടു, 1922ൽ മരിക്കുന്നതുവരെ വിവാഹമെന്ന കൂദാശയുടെ പ്രാധാന്യം അദ്ദേഹം മറന്നില്ല. വാഴ്ത്തപ്പെട്ട ചാൾസിന്റയും ദൈവദാസിയായ ഭാര്യ സീത്തായുടെയും ദാമ്പത്യ ജീവിതത്തിൽ നിന്നു രൂപം കൊണ്ട ഈ അഞ്ചു വിവാഹ നിർദ്ദേശങ്ങൾ ഇന്നും സ്ഥല കാല വ്യത്യാസമില്ലാതെ ഏവർക്കും അനുകരണീയമാണ്.

1) ജീവിത പങ്കാളിയെ സ്വർഗ്ഗത്തിൽ എത്തിക്കുക എന്നതാണ് വിവാഹത്തിന്റെ പ്രഥമ ലക്ഷ്യം എന്നതു മറക്കാതിരിക്കുക

തങ്ങളുടെ രാജകീയ വിവാഹത്തിനു തലേന്ന് ചാൾസ് സീത്തായോടു ഇപ്രകാരം പറഞ്ഞു, “സ്വർഗ്ഗത്തിൽ എത്തിച്ചേരുന്നതിനു ഇപ്പോൾ മുതൽ നമുക്കു പരസ്പരം സഹായിക്കാം.” വിവാഹം എല്ലാറ്റിനും ഉപരി ഒരു കൂദായാണ് ഈ സത്യം മറക്കാൻ എളുപ്പമാണ്. വിവാഹം എന്ന കൂദാശയിലൂടെ ദൈവം ദമ്പതികൾക്കു അവരുടെ ജീവിതാവസ്ഥയിൽ നിന്നു കൊണ്ടു സ്വർഗ്ഗത്തിൽ എത്തിച്ചേരാനുള്ള കൃപ നൽകുന്നു. ദൈവം നമ്മുടെ സന്തോഷം ആഗ്രഹിക്കുന്നു, ജീവിത പങ്കാളിക്കു വിശുദ്ധിയിൽ വളരാനുള്ള സഹായം നൽകികൊണ്ടു ഈ ദൈവിക സന്തോഷത്തിൽ ദമ്പതികൾ പങ്കുചേരണം. ഇതു അത്ര എളുപ്പമുള്ള കാര്യമല്ലെങ്കിലും ദൈവീക കൃപയാൽ സാധ്യമാണ്.

2) വിവാഹ ജീവിതത്തെ ദൈവത്തിനു പരിശുദ്ധ കന്യകാമറിയത്തിനും ഭരമേല്പിക്കുക

സ്വർഗ്ഗത്തിൽ എത്തിച്ചേരാൻ പരസ്പരം സഹായിക്കണമെങ്കിൽ ദൈവീക കൃപ സമൃദ്ധമായി വേണമെന്നു അവർക്കു നല്ല ബോധ്യമുണ്ടായിരുന്നു. ചാൾസിന്റെയും സിത്തായുടെയും വിവാഹമോതിരത്തിൽ ലത്തീൻ ഭാഷയിൽ Sub tuum praesidium confugimus, sancta Dei Genitrix” (ഓ പരിശുദ്ധ മറിയമേ നിന്റെ സംരക്ഷണത്തിനായി ഞങ്ങൾ പറക്കുന്നു) എന്നു ആലേഖനം ചെയ്തിരുന്നു. പരിശുദ്ധ കന്യകാമറിയത്തിന്റെ സംരക്ഷഷണത്തിനു ഭരമേല്പിച്ചുകൊണ്ടുള്ള ഒരു പുരാതന പ്രാർത്ഥനയാണിത്.

മധുവിധുവിനു പോകുന്നതിനു മുമ്പേ മരിയ സെല്ലിലുള്ള മാതാവിന്റെ ബസിലിക്കയിലേക്കു (Great Mother of Austria) തീർത്ഥാടനത്തിനാണു ചാൾസും സീത്തായും ആദ്യം പോയത്. കുടുംബ ജീവിതത്തിന്റെ പ്രശ്നങ്ങളിൽ സഹായിക്കാൻ പരിശുദ്ധ മറിയത്തിനു കഴിയുമെന്നു ആ ദമ്പതികൾ എന്നും വിശ്വസിച്ചിരുന്നു.

3) വിവാഹദിനത്തിനു ശേഷം ഒരിക്കലും “ഞാൻ ” ഇല്ല ” ഞങ്ങൾ ” മാത്രമേ കാണാവു

വിവാഹ ജീവിതത്തിൽ പലപ്പോഴും കടന്നു വരാറുള്ള ഒരു പ്രലോഭനമാണ് ഭർത്താവിന്റെയും ഭാര്യയുടെയും ജോലികൾ വേർതിരിച്ചു കാണുക എന്നത്. ചാൾസും സീത്തായും മക്കളും ഒരു ടീമായിട്ടാണു ജീവിച്ചതും പ്രവർത്തിച്ചതും. ഭർത്താവിന്റെ ജോലിയിൽ താൽപര്യമുണ്ടായിരുന്ന സീത്താ ചാൾസിനു വേണ്ട നേരത്തു നിർദ്ദേശങ്ങൾ കൊടുക്കാൻ ഭയപ്പെട്ടിരുന്നില്ല. രാജകീയ ജീവിതത്തിന്റെ പ്രൗഡിയിൽ, ആ ദമ്പതികൾ, കുഞ്ഞുങ്ങളെ വിശ്വാസത്തിൽ വളർത്തുക എന്ന ഉത്തരവാദിത്വത്തെ നിസ്സാരമായി കരുതിയില്ല. കുഞ്ഞുങ്ങളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുക, ദൈവസ്നേഹത്തിൽ വളർത്തുക ഇവ സീത്തായുടെ മാത്രം ജോലി ആയിരുന്നില്ല. ചാൾസും അതിനായി സമയം കണ്ടെത്തിയിരുന്നു. സകല അർത്ഥത്തിലും അവർ ഇരുവരും ഒരു ശരീരമായി തീർന്നിരുന്നു.

4) സ്നേഹത്തിന്റെ ജ്വാല നിരന്തരം ഉത്തേജിപ്പിക്കുക

ഒന്നാം ലോക മഹായുദ്ധകാലത്തെ ഒരു ഭരണാധികാരി എന്ന നിലയിൽ ചാൾസിനു നിരന്തരം യാത്ര ചെയ്യേണ്ടതിന്റെയും സൈനിക തീരുമാനങ്ങൾ എടുക്കേണ്ടതിനായി കുടുംബത്തിൽ നിന്നു അകന്നു നിൽക്കേണ്ട നിരവധി സാഹചര്യങ്ങളുണ്ടായിരുന്നു. ഭാര്യയിൽ നിന്നും മക്കളിൽ നിന്നു അകന്നു കഴിയുന്നതു അദ്ദേഹത്തിനു വലിയ ദു:ഖമായിരുന്നു. ഇതു പരിഹരിക്കുന്നതിനു വേണ്ടി സൈനിക ആസ്ഥാനത്തും രാജകൊട്ടാരത്തും ടെലിഫോൺ സ്ഥാപിക്കുകയും ദിവസത്തിൽ പല തവണ സീത്തയെയും മക്കളെയും വിളിക്കുകയും ചെയ്തിരുന്നു. രാജ്യഭരണത്തോടൊപ്പം കുടുംബ ജീവിതവും ചാൾസിനു വളരെ പ്രധാനപ്പെട്ടതായിരുന്നു. സ്നേഹത്തിന്റെ ജ്വാലകളെ ആളിക്കത്തിക്കാനുള്ള അവസരങ്ങളിൽ വിമുഖത കാണിച്ചാൽ കുടുംബ ഭദ്രത തകരുമെന്നു ചാൾസും സീത്തയും തിരിച്ചറിഞ്ഞിരുന്നു.

5) എതു പരീക്ഷണങ്ങളെയും അതിജീവിക്കുന്ന നിത്യം നിലനിൽക്കുന്ന സ്നേഹത്താൽ പരസ്പരം സ്നേഹിക്കുക

വിവാഹ ജീവിതത്തിലെ ആദ്യ സ്നേഹാനുഭൂതികൾ എത്ര പെട്ടന്നാണു അപ്രത്യക്ഷമാകുന്നതെന്ന് പലരും അതിശയിച്ചട്ടുണ്ടാവും. സ്നേഹാനുഭൂതികളുടെ അഭാവം കഷ്ടതകൾക്കിടയിൽ ദമ്പതികളെ നിരുത്സഹരക്കിയേക്കാം.

കഷ്ടതയുടെ നാളുകളിൽ പോലും സ്നേഹത്തിൽ ഒന്നായിരിക്കാൻ ഈ ദമ്പതികൾ ശ്രദ്ധിച്ചിരുന്നു. സ്വന്തം രാജ്യം ത്യജിച്ചു വിപ്രാവസ്ത്തിനു പോകേണ്ടി വന്ന അവസ്ഥയിലാണു അവരുടെ സ്നേഹം ഏറ്റവും ആഴത്തിൽ വേരുപാകിയത്. അതിനു ശേഷം ന്യുമോണിയ ബാധിച്ചു ചാൾസു മരണത്തിനു കീഴടങ്ങിയപ്പോഴും ആ ദാമ്പത്യസ്നേഹത്തിനു യാതൊരു ഉലച്ചിലും തട്ടിയില്ല.

“ഞാൻ നിന്നെ അവസാനമില്ലാതെ സ്നേഹിക്കുന്നു” ഭാര്യയോടുള്ള ചാൾസിന്റെ അവസാന വാക്കുകളായിരുന്നു ഇത്. ചാൾസിനോടുള്ള സ്നേഹത്തെ പ്രതി പിന്നീടു സീത്ത ജീവിച്ച 67 വർഷങ്ങൾ കറുത്ത വസ്ത്രങ്ങൾ മാത്രമേ അവൾ ധരിക്കുമായിരുന്നുള്ളു. സ്വർഗ്ഗത്തിലെത്തി ഭർത്താവിനെ കാണാൻ സ്വയം ഒരുങ്ങുക ആയിരുന്നു അവൾ. അവരുടെ സ്നേഹം ഒരു വികാരം മാത്രമായിരുന്നില്ല മരണം വരെയും അതിനപ്പുറവും പരസ്പരം സ്നേഹിച്ചു കൊള്ളാം എന്നുള്ള ഒരു ദൃഢമായ തീരുമാനമായിരുന്നു അത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.