തിരുസഭയിലെ ചെറുപ്പക്കാരായ 15 രക്തസാക്ഷികൾ  

വിശ്വാസത്തിനു വേണ്ടി ജീവൻ വെടിഞ്ഞ മുതിർന്നവരുടെ ജീവിത സാക്ഷ്യം നാം ധാരാളം  കേട്ടിട്ടുണ്ട്, എന്നാൽ അവിശ്വസനീയമാം  ക്രിസ്തുവിനു സാക്ഷ്യം വഹിച്ച തിരുസഭയിലെ  15 ചെറുപ്പക്കാരായ രക്തസാക്ഷികളുടെ കഥ.

“ആരും നിന്റെ പ്രായക്കുറവിന്റെ പേരില്‍ നിന്നെ അവഗണിക്കാന്‍ ഇടയാകരുത്‌. വാക്കുകളിലും പെരുമാറ്റത്തിലും സ്‌നേഹത്തിലും വിശ്വാസത്തിലും വിശുദ്ധിയിലും നീ വിശ്വസികള്‍ക്കു മാതൃകയായിരിക്കുക (1 തിമോത്തേയോസ്‌ 4:12)

1. വിശുദ്ധ ജോസ് ലൂയിസ് സാഞ്ചസ് ദെൽ റിയോ (ഫെബ്രുവരി 10, 1928)

മെക്സിക്കൻ ക്രിസ്റ്റേറോ യുദ്ധത്തിൽ പതിനാലാം വയസ്സിൽ രക്തസാക്ഷിത്വം വഹിച്ച ബാലനാണ് ജോസ് ലൂയിസ് സാഞ്ചസ് ദെൽ റിയോ. ഈശോയിലുള്ള വിശ്വാസത്തെ തള്ളിപ്പറയാൻ വിസമ്മതിച്ച ജോസ് ലൂയിസിന്റെ പാദത്തിന്റെ അടി പടയാളികൾ തകർത്തു. ക്രിസ്തുവിലുള്ള വിശ്വാസം ത്യജിക്കുകയാണെങ്കിൽ ജീവിക്കാമെന്നു മെക്സിക്കൻ കമാൻഡർ പറഞ്ഞപ്പോൾ ക്രിസ്തു ജയിക്കട്ടെ എന്ന മുദ്രാവാക്യം മുഴക്കിയ ജോസ് ലൂയിസിനെ തോക്കിന്റെ ബയണറ്റുകൊണ്ടു കുത്തി കൊല്ലുകയായിരുന്നു. മരിക്കുന്നതിനു മുമ്പ് പൂഴിമണ്ണിൽ കുരിശു വരച്ചു അതിൽ ചുംബിച്ചു കൊണ്ടാണ് സ്വർഗ്ഗത്തിലേക്കു യാത്രയായത്. ജോസ് ലൂയിസിന്റെ രക്തസാക്ഷിത്വത്തെ ആസ്പദമാക്കി 2012 ൽ ഫോർ ഗ്രെയ്റ്റർ ഗ്ലോറി എന്ന പേരിൽ ഒരു സിനിമ ഉണ്ട്. 2005 ൽ ബനഡിക്ട് പതിനാറാമൻ പാപ്പ ജോസ് ലൂയിസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 2016 ഒക്ടോബർ പതിനാറാം തീയതി ഫ്രാൻസീസ് പാപ്പ ജോസ് ലൂയിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

2. റോമിലെ വി. ആഗ്നസ്  (നാലാം നൂറ്റാണ്ടിന്റെ ആദ്യ ദശകം)

വി. ആഗ്നസിന്റെ രക്തസാക്ഷിത്വത്തെ സംബന്ധിച്ചു ധാരാളം അപോക്രിഫൽ കഥകൾ ഉണ്ട്. പക്ഷേ പാരമ്പര്യമനുവരിച്ച് ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച ആഗ്നസ് വളരെ സുന്ദരി ആയിരുന്നു. പതിമൂന്നാം വയസ്സിൽ ക്രിസ്തുവിലുള്ള വിശ്വാസം സംരക്ഷിക്കാനായി അവൾ രക്തസാക്ഷിത്വം വരിച്ചു. ആദ്യം ഒരു തടിയിൽ ബന്ധിച്ചു ആഗ്നസിനെ കത്തിച്ചെങ്കിലും അഗ്നി ജ്വാലകൾ അവളെ ദഹിപ്പിച്ചില്ല. അതിനാൽ റോമൻ പടയാളികൾ അവളെ കഴുത്തറത്തു കൊല്ലുകയായിരുന്നു. കന്യാത്വ സംരക്ഷണത്തിന്റെ മധ്യസ്ഥയും വിവാഹ നിശ്ചയം കഴിഞ്ഞവരുടെയും മധ്യസ്ഥയായി ആഗ്നസ് വണങ്ങപ്പെടുന്നു.

3. വി. സിസിലി (നാലാം നൂറ്റാണ്ട്)

ദൈവാലയ സംഗീതത്തിന്റെ മധ്യസ്ഥയായ വിശുദ്ധ സിസിലിയെ  ക്രിസ്തുവിലുള്ള വിശ്വാസം ത്യജിക്കാത്തതിനാൽ ഭർത്താവിനൊപ്പം റോമിലുള്ള ആപ്പിയൻ വഴിയിലാണ് ശിരഛേദനം ചെയ്തത്. ഒൻപതാം നൂറ്റാണ്ടിൽ അവളുടെ കല്ലറ കണ്ടെത്തിയപ്പോൾ പൂജ്യവശിഷ്ടങ്ങൾ റോമിലുള്ള വിശുദ്ധ സിസിലിയുടെ ദൈവാലയത്തിലേക്കു മാറ്റി. കബറിടം തുറന്നപ്പോൾ അവളുടെ ശരീരത്തിനു കേടുപാടു വന്നിട്ടില്ലായിരുന്നു. ഈ പൂജ്യവശിഷ്ടങ്ങളിൽ നിന്നു പ്രചോദനം സ്വീകരിച്ചാണ് ലോക പ്രശസ്ത ശില്പി സ്റ്റെഫാനോ മദറേനോ സിസിലിയുടെ  ശില്പം നിർമ്മിച്ചത്.

4. വി. മരിയാ ഗൊരേത്തി (1902, ഇറ്റലി)

പതിനൊന്നാം വയസ്സിൽ കന്യാകാത്വം സംരക്ഷിക്കാനായി രക്തസാക്ഷിത്വം വഹിച്ച ബാലികയാണ് മരിയാ ഗൊരേത്തി. തന്നെ നശിപ്പിക്കാൻ വന്ന അലക്സാണ്ടർ എന്ന യുവാവിന്റെ പ്രേരണകൾക്കു വഴങ്ങാത്തതിനാൽ റോമി നടത്തുള്ള നെത്തൂണായിൽ സ്വന്തം വീട്ടിൽ അവൾ കുത്തേറ്റു മരിച്ചു. മരിക്കുന്നതിനു മുമ്പു അലക്സാണ്ടറിനോടു ക്ഷമിച്ച മരിയയെ വിശുദ്ധയായി പ്രഖ്യാപിച്ച അവസരത്തിൽ മരിയയുടെ അമ്മ   അസൂന്തയോടൊപ്പം അലക്സാണ്ടറും ഉണ്ടായിരുന്നു. പന്ത്രണ്ടാം പീയൂസ് പാപ്പ 1950 ലാണ് കൗമാരക്കാരുടെ പ്രിയ വിശുദ്ധ യെ അൾത്താരയുടെ വണക്കത്തിനു യോഗ്യയാക്കിയത്.

5. വി. റെപാർത്ത  (മൂന്നാം നൂറ്റാണ്ട് )

പാലസ്തീനയിലെ കേസറിയായിൽ ഡേസിയൂസിന്റെ മത മർദ്ദന കാലത്തു ജീവൻ ചൊരിയേണ്ടിവന്ന വിശുദ്ധയാണ് റെപാർത്ത. വിശുദ്ധയുടെ യഥാർത്ഥ പ്രായം അറിയില്ലങ്കിലും നിസായിലുള്ള സെന്റ് റെപാർത്ത കത്തീഡ്രലിൽ അവളുടെ രക്തസാക്ഷിത്വം പതിനഞ്ചാം വയസ്സിലാണന്നു രേഖപ്പെടുത്തിയിരിക്കുന്നു.  ഫ്ലോറൻസിലുള്ള സാന്താ മരിയാ ദെൽ ഫിയോറെ കത്തീഡ്രൽ വി. റെപൊർത്തയുടെ നാമത്തിൽ അഞ്ചാം നൂറ്റാണ്ടിൽ നിർമ്മിച്ച കത്തീഡ്രലിന്റെ അവശിഷ്ടങ്ങൾക്കു മുകളിലാണ്.

6. വി. ഫിലോമിന (നാലാം നൂറ്റാണ്ടിന്റെ ആരംഭം)

ഡയോ ക്ലിഷൻ ചക്രവർത്തിയുടെ ഭാര്യയാകാൻ വിസമ്മതിച്ചതിനു പതിമൂന്നാം വയസ്സിൽ രക്തസാക്ഷിയാകേണ്ടി വന്ന വിശുദ്ധയാണ് ഫിലോമിന. സി. മരിയ ലൂയിസാ ദി യേസു എന്ന കന്യാസ്ത്രിക്കുണ്ടായ സ്വകാര്യ വെളിപാടനുസരിച്ച്, ചാട്ടവാറടിയും, വെളളത്തിൽ മുക്കി കൊല്ലലും ,അമ്പെയ്ത്തും അതിജീവിച്ച ഫിലോമിനെ യെ ശിരഛേദനം നടത്തി കൊല്ലുകയായിരുന്നു.

7. റോമിലെ വി. പാൻക്രാസ് (നാലാം നൂറ്റാണ്ടിന്റെ ആരംഭം) 

ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്ത റോമൻ പൗരനായ പാൻക്രാസ് പതിനാലാം വയസ്സിൽ ഡയോ ക്ലിഷൻ ചക്രവർത്തിയുടെ മത മർദ്ദന സമയത്താണു രക്ത സാക്ഷിയായത്. റോമിലെ സാൻ പാൻക്രാസിയോ ബസിലിക്കായിലെ  സ്മാരകാ വശിഷ്ടങ്ങൾ സൂക്ഷിക്കുന്ന പേടകത്തിൽ  വി. പാൻക്രാസിന്റെ ശിരസ്സു സൂക്ഷിച്ചട്ടുണ്ട്.

8. വി. പ്രിസ്കാ (ഒന്നാം നൂറ്റാണ്ടിന്റെ  അവസാനം)

ക്ലഡിയൂസ് ചക്രവർത്തിയുടെ കാലത്ത് വിശ്വാസം സംരക്ഷിക്കാനായി ജീവൻ ത്യജിക്കേണ്ടി വന്ന മറ്റൊരു കൗമാരക്കാരിയാണ് പ്രിസ്കാ. പാരമ്പര്യമനുസരിച്ചു പ്രിസ്കായെ ശിരസ്സു  ഛേദിക്കുന്നതിനു മുമ്പു തിളക്കുന്ന എണ്ണയിലിടുകയും, ശരീരത്തിൽ തീ കൊളുത്തുകയും സിംഹ കൂട്ടിലിടുകയും ചെയ്തിരുന്നു. പതിമൂന്നാം വയസ്സിൽ രക്തസാക്ഷിയായ അവളെ “കുഞ്ഞു രക്തസാക്ഷി” എന്നാണ് സഭാ പാരമ്പര്യത്തിൻ അറിയപ്പെടുക.

9. വി. ഗബ്രിയേൽ  പോളണ്ടിലെ കുഞ്ഞു രക്തസാക്ഷി (മരണം 1690)

ആറാം വയസ്സിൽ തന്നെ അനതി സാധാരണമായ രീതിയിൽ വിശുദ്ധിയും പ്രാർത്ഥനാഭിമുഖ്യവും ദൈവാശ്രയ ബോധവും പുലർത്തിയ ബാലനായിരുന്നു വി. ഗബ്രിയേൽ. കലാപകാരികൾ വീട്ടിൽ നിന്നു തട്ടികൊണ്ടു പോയ ഗബ്രിയേലിനെ ഒൻപതു ദിവസം അവർ മർദ്ദിക്കുകയും തൽഫലമായി മരണത്തിനു കീഴടങ്ങുകയും ചെയ്തു.

10. വി. കിസീറ്റോ (1886, ഉഗാണ്ട)

ഉഗാണ്ടയിൽ നിന്നുള്ള പ്രായം കുറഞ്ഞ രക്തസാക്ഷികളിൽ ഒരാളാണ് കിസീറ്റോ. ഉഗാണ്ടയിലെ രാജാവായിരുന്ന മവ് ഗാങ്ങ രണ്ടാമന്റെ കാലത്താണ് കിസീറ്റോ രക്തസാക്ഷിയായത്. 1872 ജനിച്ച കിസീറ്റോ 1886 ൽ ഉഗാണ്ടൻ ക്രൈസ്തവ സഭയുടെ നേതാവായിരുന്ന വി. ചാൾസ് ലവാങ്ങയിൽ നിന്നാണ് ജ്ഞാനസ്നാനം സ്വീകരിച്ചത്. 1886 ജൂൺ മാസം മൂന്നാം തീയതി കിസീറ്റോയെ ജീവനോടെ ദഹിപ്പിച്ചു.  1964  ഒക്ടോബർ 18 നു പോൾ ആറാമൻ പാപ്പ കിസീറ്റോയെ വിശുദ്ധനായി പ്രഖ്യാപിച്ചു. കുട്ടികയുടെയും പ്രൈമറി സ്കൂളുകളുടെയും മധ്യസ്ഥനാണ് വി. കിസീറ്റോ.

11. പലേർമോയിലെ വി. ഒലീവിയ (അഞ്ചാം നൂറ്റാണ്ട് )

ഇറ്റലിയിലെ സിസിലിയിൽ പലർമോയിൽ ഒരു കുലീന കുടുംബത്തിൽ ജനിച്ച ഒലീവിയ പാവപ്പെട്ടവരോടും തടവുകാരോടും കാരുണ്യം കാണിക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തിയിരുന്നു. ക്രിസ്തുവിലുള്ള വിശ്വാസം ത്യജിക്കാൻ തയ്യാറാകാത്തതിനാൽ പതിനഞ്ചാം വയസ്സിൽ രക്തസാക്ഷി മകുടം ചൂടി അവൾ. ജൂൺ പത്താം തീയതി തിരുസഭ ഒലീവയുടെ തിരുനാൾ ആഘോഷിക്കുന്നു. ഒലിവു ചില്ലകളുമായി  വലതുകരത്തിൽ കുരിശു രൂപം പിടിച്ചു നിൽക്കുന്നതായാണ് ഒലിവയെ സാധാരണ രീതിയിൽ ചിത്രീകരിച്ചിരിക്കുന്നത്. ഇസ്ലാം രാജ്യമായ ട്യുണീഷ്യ വളരെയധികം ബഹുമാനിക്കുന്ന വിശുദ്ധയാണ് വി. ഒലീവിയ.

12. റാവെന്നായിലെ വി. ഫുസ്കാ  (മൂന്നാം നൂറ്റാണ്ട് )

ഇറ്റലിയിലെ റാവെന്നായിൽ ഒരു വിജാതിയ കുടുംബത്തിൽ ജനിക്കുകയും വളരുകയും ചെയ്ത ഫുസ്കാ പതിനഞ്ചാം വയസ്സിലാണ് അവളുടെ പരിചാരികയായ വിശുദ്ധ മൗറായൊടൊപ്പം മാമ്മോദീസാ സ്വികരിച്ചത്. ഡേ സിയൂസ് ചക്രവർത്തിയുടെ കാലത്ത്  വിജാതീയ ദൈവങ്ങൾക്കു ആരാധാന അർപ്പിക്കാത്തതിനാൽ പതിനഞ്ചാം വയസ്സിൽ അവൾ  രക്തസാക്ഷിയായി.

13. വാഴ്ത്തപ്പെട്ട ലൗറാ വിക്കൂണ  (ജനുവരി  22, 1904)

ലൗറാ ദെൽ കാർമെൻ വിക്കൂണ പിനോ എന്ന ലൗറാ വിക്കൂണാ ചിലിയിലെ സാന്റിയാഗോയിൽ 1891 ഏപ്രിൽ അഞ്ചിനു ജനിച്ചു. ജോസഫ് ഡോമെനികോയും മെഴ്സിഡെസ് പിനോയുമായിരുന്നു മാതാപിതാക്കൾ.   സൈനീക ഉദ്യോഗസ്ഥനായ ജോസഫിന്റെ മരണം കുടുംബത്തെ ദുരിതത്തിലാക്കി, അമ്മ രണ്ടു പെൺമക്കളെയും കൂട്ടി അർജന്റീനായിലേക്കു വന്നു. ജീവിത ചിലവിനായി അമ്മ ഒരു ഹോട്ടലിൽ ജോലി ചെയ്യാൻ തുടങ്ങുകയും ഹോട്ടലിന്റെ ഉടമസ്ഥനായിരുന്ന  മാനുവൽ മോറയുമായി പ്രേമത്തിലാവുകയും ചെയ്തു. ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ പുത്രിമാർ എന്ന സന്യാസിനി സമൂഹം നടത്തുന്ന സ്കൂളിൽ ചേർന്നതോടെ കത്തോലിക്കാ വിശ്വാസ കാര്യങ്ങളിൽ ലൗറ  അതീവ തൽപരയായി. ഭക്ത കാര്യങ്ങളിൽ  പ്രത്യേകം ശ്രദ്ധിച്ചിരുന്ന പ്രാർത്ഥനയ്ക്കായി ധാരാളം സമയം മാറ്റി വച്ചിരുന്നു, അതിനാൽ സ്കൂളിൽ കൂട്ടുകാരികൾ കുറവായിരുന്നു. അമ്മയുടെ മാനസാന്തരത്തിനായി മണിക്കൂറുകൾ ദിവസവും അവൾ പ്രാർത്ഥിച്ചിരുന്നു. കന്യാസ്ത്രീ ആകാനുള്ള  ലൗറയുടെ തീരുമാനത്തെ അമ്മയുടെ കൂട്ടുകാരൻ ശക്തമായി എതിർത്തിരുന്നു. പലതവണ ലൗറയെ മാനുവൽ  ശാരീരികമായ പീഡിപ്പിച്ചിരുന്നു തൽഫലമായി അവൾ ക്ഷയരോഗം ബാധിതയായി. തന്റെ ആദ്യ കുർബാന സ്വീകരണ ദിവസം പത്തു വയസ്സുകാരിയായ ലൗറ ഇപ്രരകാരം എഴുതി,  “ഓ എന്റെ ദൈവമേ, എനിക്കു നിന്നെ സ്നേഹിക്കുകയും എന്റെ ജീവിതകാലം മുഴുവൻ നിന്നെ ശുശ്രൂഷിക്കുകയും വേണം… എന്റെ ആത്മാവും ഹൃദയവും എന്നെത്തന്നെയും പൂർണ്ണമായും നൽകുന്നു.”

സഹോദരനു വേണ്ടി ജീവൻ സമർപ്പിക്കുന്നതിനെക്കാൾ വലിയ സ്നേഹമില്ലന്ന യേശുവിന്റെ വാക്കുകൾക്കു ജീവിതം കൊണ്ടു മറുപടി നൽകാൻ ലൗറാ തീരുമാനിച്ചു. തന്റെ ക്ഷയരോഗം അമ്മയുടെ മാനസാന്തരത്തിനു വേണ്ടി അവൾ സമർപ്പിച്ചു. മരിക്കുന്നതിനു മുമ്പ് ലൗറ അമ്മയോടു പറഞ്ഞു, മമ്മാ എന്റെ ജീവിതം അമ്മയ്ക്കു വേണ്ടി സമർപ്പിക്കുന്നു. ഞാൻ ദൈവത്തോട് ഇക്കാര്യം ചോദിച്ചട്ടുണ്ട്. ഞാൻ മരിക്കുന്നതിനു മുമ്പ്  അമ്മ പശ്ചാത്തപിച്ചവളായി കാണാനുള്ള ഭാഗ്യം എനിക്കുണ്ടാകുമോ? അമ്മ മെഴ്സി ഡെസ് ഉത്തരം നൽകി: നീ ആവശ്യപ്പെടുന്ന കാര്യം ഞാൻ ചെയ്യുമെന്നു ശപഥം ചെയ്യുന്നു! ദൈവമാണ് എന്റെ ഈ വാഗ്ദാനത്തിനു സാക്ഷി!” പുഞ്ചിരിച്ചുകൊണ്ടു ലൗറ  പറഞ്ഞു : “ഈശോയെ നന്ദി, പരിശുദ്ധ അമ്മേ നന്ദി, അമ്മേ ഞാൻ ഇപ്പോൾ സന്തോഷത്തോടെ പോകുന്നു!” 1904 ജനുവരി 22 നു പതിമൂന്നാമത്തെ വയസ്സിൽ അവൾ മരണത്തിനു കീഴടങ്ങി. 1988 സെപ്റ്റംബർ മൂന്നിനു ജോൺ പോൾ രണ്ടാമൻ പാപ്പ     ലൗറയെ വിശുദ്ധയായി പ്രഖ്യാപിച്ചു. ജനുവരി 22നാണു  വാഴ്ത്തപ്പെട്ട  ലൗറയുടെ ഓർമ്മ ദിനം .ശാരിക പീഡനത്തിനു വിധേയമാകുന്നവരുടെ മധ്യസ്ഥയാണ് വാ. ലൗറ

14. ഉൾമാ കുടുംബം (1944, പോളണ്ട് )

ജോസഫ് വിക്ടോറിയ ഉൾമാ ദമ്പതികളളെയും അവരുടെ എഴുമക്കളെയും യഹൂദരെ അവരുടെ കുടുംബത്തിൽ ഒളിപ്പിച്ചു താമസിച്ചതിന്റെ പേരിൽ നാസി പടയാളികൾ 1944 മാർച്ചു മാസം 24 നു ഉൾമാ കുടുംബത്തിനു വധ ശിക്ഷ വിധിച്ചു. പോളണ്ടിലെ മർക്കോവാ ഗ്രാമത്തിലെ പ്രമുഖ കുടുംബമായിരുന്നു ഉൾമാ കുടുംബം. സാലി, ഗോൾഡ് എന്നീ യഹൂദ കുടുംബങ്ങളിലെ എട്ടു പേരെയാണു ഉൾമാ കുടുംബം സ്വന്തം ജീവൻ പണയം വച്ചു സംരക്ഷിച്ചു പോന്നത്. വധശിക്ഷ നടപ്പാക്കിയ ദിവസം എട്ടു യഹൂദരുൾപ്പെടെ പതിനേഴു പേരാണ് നാസി പട്ടാളത്തിന്റെ തോക്കി നിരയായത്. വെടിയേൽക്കുമ്പോൾ പൂർണ്ണ ഗർഭണിയായിരുന്ന വിക്ടോറിയായുടെ ഇളയ കുഞ്ഞു പ്രസവിച്ചതു ശവകുടീരത്തിലാണ്. 1945 ജനുവരിയിൽ ഉൾമാ കുടുംബത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ സിമിത്തേരിയിൽ സംസ്കരിക്കാൻ തുറന്നപ്പോഴാണ് എഴാമത്തെ കുഞ്ഞിന്റെ ജനനം പുറം ലോകമറിയുന്നത്. 1995 ൽ യഹൂദർ ജനതകൾക്കിടയിൽ നീതിമാൻ (Righteous Among the Nations) എന്ന പദവി ഉൾമാ കുടുംബത്തിനു സമ്മാനിച്ചു. നാസികൾ ജൂതന്മാരെ ഉന്മൂലനം ചെയ്യുന്നതിൽ നിന്ന് ജൂതന്മാരെ രക്ഷിക്കാനായി ഹോളോകോസ്റ്റ് കാലത്തു ജീവൻ വെടിഞ്ഞ യഹൂദരല്ലാത്തവർക്കു ഇസ്രയേൽ ഭരണകൂടം നൽകുന്ന ഒരു മഹത്തായ പദവിയാണിത്. 2003 ഉൾമാ കുടുംബത്തിന്റെ നാമകരണ നടപടികൾ രൂപതാതലത്തിൽ ആരംഭിച്ചു. അവ 2011 പൂർത്തിയാവുകയും വത്തിക്കാനു സമർപ്പിക്കുകയും ചെയ്തു.

15. വാ. ആൽബെർട്ടീനാ ബെർക്കെൻ ബ്രോക്ക് (1931, ബ്രസീൽ)

ബ്രസീലിൽ സാൻ ലൂയിസിൽ 1919 ഏപ്രിൽ 1 നു ആൽബർട്ടീനാ ജനിച്ചു. ഭക്തയായ ഒരു കുടുബത്തിൽ ജനിച്ചു വളർന്ന അവൾ മതാപിതാക്കളെ വീട്ടുജോലികളിൽ സഹായിച്ചിരുന്നു. ചെറുപ്രായത്തിൽത്തന്നെ കത്തോലിക്കാ വിശ്വാസം അവളുടെ ജീവിതത്തിന്റെ അംശമായി മാറി. ആദ്യകുർബാന സ്വീകരണ ദിനം ജീവിതത്തിലെ ഏറ്റവും മനോഹര ദിനമായി അവൾ കരുതിയിരുന്നു. പരിശുദ്ധ കന്യകാമറിയത്തോടും സാവോ ലൂയിസ് നഗരത്തിന്റെ മധ്യസ്ഥനായ വി. ആലോഷ്യസ് ഗോൺസാഗയോടും സവിശേഷമായ ഭക്തി അൽബർട്ടീനായിക്കുണ്ടായിരുന്നു.

സ്കൂളിൽ സഹപാഠികൾക്കു മാതൃകയും മുതിർന്നവർക്കു പ്രചോദനവുമായിരുന്ന അവൾ. വീട്ടിൽ സഹോദരങ്ങൾ കളിയാക്കുകയോ വഴക്കു കൂടുകയോ ചെയ്യുമ്പോൾ സമാധാനിപ്പിക്കാനും നല്ല മാർഗ്ഗം പറഞ്ഞു കൊടുക്കുവാനും ചെറുപ്രായത്തിൽത്തന്നെ അവൾ പ്രാപ്തയായിരുന്നു. പാവപ്പെട്ട കുട്ടികൾക്കൊപ്പം കളിക്കുവാനും അവരുമായി ഭക്ഷണം പങ്കുവയ്ക്കുവാനും അൽബർട്ടീനാ സന്തോഷപൂർവ്വം തയ്യാറായിരുന്നു.

വീട്ടിൽ പണിക്കു വരുന്നവരുടെ കുട്ടികളോടൊത്തു കൂട്ടുകൂടുവാനും കളിക്കുവാനും അവൾ ശ്രദ്ധിച്ചിരുന്നു. പിതാവിന്റെ ജോലിക്കാരനായ മാൻകൊ ഫാൽെക്കായോടും കുട്ടികളെയും അവരുടെ നിറമോ വംശമോ നോക്കാതെ സ്നേഹിക്കുകയും ഭക്ഷണം നൽകുകയും ചെയ്തിരുന്നു.

ഒരു ദിവസം ഓടിപ്പോയ കാളയെ അൽബർട്ടീന അന്വോഷിക്കുന്നതിനിടയിൽ വണ്ടിയിൽ ബീൻസു കയറ്റുന്ന മാൻകൊയെ കണ്ടു കാളയെ കണ്ടോ എന്നു ചോദിച്ചു. മാൻ കൊ തെറ്റായ വഴി കാണിച്ചു കൊടുത്തു. അവിടെ എത്തിയ അൽബർട്ടീനയെ കാത്തിരുന്നത് മാൻ കൊയുടെ മാംസ ദാഹമായിരുന്നു. തന്റെ വിശുദ്ധി നഷ്ടപ്പെടാതിരിക്കാൻ അവൾ കിണഞ്ഞു പരിശ്രമിച്ചു. തന്റെ ഇംഗിതത്തിനു വഴങ്ങാതിരുന്ന അൽബർട്ടീനയെ മാൻകൊ കഴുത്തിൽ കത്തിയിറക്കി കുത്തി കൊന്നു. മാൻകൊ തന്റെ അകൃത്യം മറച്ചുവയ്ക്കാനയി നിരപരാധിയായ ജോവാ കൻണ്ടിയോയിൽ കുറ്റം ആരോപിച്ചു. തെറ്റുകാരനല്ലന്നു പല തവണ തെളിയിക്കാൻ ശ്രമിച്ചെങ്കിലും കൻണ്ടിയോയുടെ ശ്രമങ്ങൾ എല്ലാം പാഴായി. ആൽബർട്ടി നോയുടെ മൃത ശരീരത്തിനടത്തു മാൻകൊ വന്ന സമയത്തെല്ലാം അവളുടെ കഴുത്തിൽ നിന്നു രക്തം ചീറ്റുന്നതു പലരുടെയും ശ്രദ്ധയിൽ പെട്ടു. നിരപരാധിത്വം തെളിയിക്കാൻ കൻണ്ടിയോ ക്കു ഒരു അവസരം കൂടി കിട്ടി. സംഭവിച്ചതറിഞ്ഞു സ്ഥലത്തെ ഭരണാധികാരിയോടൊപ്പം അൽബർട്ടി നോയുടെ വീട്ടിലെത്തിയ കൻണ്ടിയോ കുരിശു അവളുടെ മൃതശരീരത്തിൽ വച്ചു നിരപരധിയാണു ഉറക്കെ ശപഥം ചെയ്തു. അത്ഭുഭുതമെന്നു പറയട്ടെ അൽബർട്ടീനായുടെ കഴുത്തിൽ നിന്നുള്ള രക്തമൊഴുക്കു നിലച്ചു.കൻ ണ്ടിയോ നിരപരാധിയാണെന്നു ഭരണാധികാരി പ്രഖ്യാപിച്ചു. ഇതിനിടയിൽ സംശയത്തിന്റെ നിഴലിലായ മാൻകൊ രക്ഷപ്പൊൻ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടി. കുറ്റം സമ്മതിച്ച മാൻ കൊയെ പിന്നിടു ജീവപര്യന്ത്യം തടവിനു വിധിച്ചു. അങ്ങനെ പന്ത്രണ്ടാം വയസ്സിൽ വിശുദ്ധി സംരക്ഷിക്കാൻ ആൽബർട്ടീനോ രക്തസാക്ഷിയായി . 2007 ൽ ബനഡിക്ട് പതിനാറാമൻ പാപ്പ അവളെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.

മാതാവിന്‍െറ ഉദരത്തില്‍ നിനക്കു രൂപം നല്‍കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു; ജനിക്കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ വിശുദ്‌ധീകരിച്ചു; ജനതകള്‍ക്കു പ്രവാചകനായി ഞാന്‍ നിന്നെ നിയോഗിച്ചു.അപ്പോള്‍ ഞാന്‍ പറഞ്ഞു: ദൈവമായ കര്‍ത്താവേ, ഞാന്‍ കേവലം ബാലനാണ്‌; സംസാരിക്കാന്‍ എനിക്കു പാടവമില്ല. കര്‍ത്താവ്‌ എന്നോടരുളിച്ചെയ്‌തു: വെറും ബാലനാണെന്നു നീ പറയരുത്‌. ഞാന്‍ അയയ്‌ക്കുന്നിടത്തേക്കു നീ പോകണം; ഞാന്‍ കല്‍പിക്കുന്നതെന്തും സംസാരിക്കണം. നീ അവരെ ഭയപ്പെടേണ്ടാ, നിന്‍െറ രക്‌ഷയ്‌ക്കു നിന്നോടുകൂടെ ഞാനുണ്ട്‌; കര്‍ത്താവാണിതു പറയുന്നത്‌. അനന്തരം കര്‍ത്താവ്‌ കൈ നീട്ടി എന്‍െറ അധരത്തില്‍ സ്‌പര്‍ശിച്ചുകൊണ്ട്‌ അരുളിച്ചെയ്‌തു: ഇതാ, എന്‍െറ വചനങ്ങള്‍ നിന്‍െറ നാവില്‍ ഞാന്‍ നിക്‌ഷേപിച്ചിരിക്കുന്നു. പിഴുതെറിയാനും ഇടിച്ചുതകര്‍ക്കാനും നശിപ്പിക്കാനും തകിടം മറിക്കാനും പണിതുയര്‍ത്താനും നട്ടുവളര്‍ത്താനും വേണ്ടി ഇന്നിതാ, ജനതകളുടെയും രാജ്യങ്ങളുടെയുംമേല്‍ നിന്നെ ഞാന്‍ അവരോധിച്ചിരിക്കുന്നു. (ജറെമിയാ 1:4- 10)

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.