സീറോമലബാര്‍: ഫെബ്രുവരി 14: യോഹ. 9: 35-39 ആത്മീയാന്ധത

എമ്മാനുവല്‍ ആയി വെളിപ്പെടുത്തിയവനാണ് കര്‍ത്താവായ ദൈവം. ‘സ്വര്‍ഗ്ഗരാജ്യം സമാഗതമായിരിക്കുന്നു'(മര്‍ക്കോ.1:15) എന്നു പ്രസംഗിച്ചുകൊണ്ടാണ് ഈശോനാഥന്‍ തന്റെ ദൗത്യം ആരംഭിക്കുന്നതും. അന്ധനായിരുന്നവന്‍ ഈശോയോടു ചോദിക്കുന്നു. ‘കര്‍ത്താവേ ഞാന്‍ അവനില്‍ വിശ്വസിക്കേണ്ടതിന് അവന്‍ ആരാണ്? ഈശോ പറഞ്ഞു നീ അവനെ കണ്ടുകഴിഞ്ഞു. നിന്നോടു സംസാരിക്കുന്നവന്‍ തന്നെയാണ് അവന്‍’. രക്ഷയായി, രക്ഷകനായി കൂടെ വസിക്കുന്ന ദൈവത്തെ തിരിച്ചറിഞ്ഞ് അവനെഅനുഗമിക്കുക എന്നതാണ് യഥാര്‍ത്ഥ വിശ്വാസവും ശിഷ്യത്വവും. ലോകത്തിന്റെ കണ്ണുകളും ലോകത്തിന്റെ മാനദണ്ഡങ്ങളുമല്ല ദൈവരാജ്യം ദര്‍ശിക്കുന്നതിനും ദൈവരാജ്യത്തില്‍ അംഗമാകുന്നതിനും ആവശ്യമായിരിക്കുന്നത്. യഥാര്‍ത്ഥ പ്രകാശമായി ലോകത്തിലേയ്ക്കു വന്നവനെ ദര്‍ശിക്കാന്‍, അവനെ സ്വീകരിക്കാന്‍ കഴിയുക എന്നതാണ് നിത്യജീവന്‍. ഈശോയെ വിശ്വസ്തതാപൂര്‍വ്വം പിന്‍ചെന്ന വിശുദ്ധരെയും വേദസാക്ഷികളെയും അനുസ്മരിക്കുന്ന ഈ ദനഹാക്കാലത്തില്‍ വിശുദ്ധരുടെ ഓര്‍മ്മകളും മാതൃകകളും നമ്മെയും നിത്യജീവനിലേക്ക് അടുപ്പിക്കുന്ന മാര്‍ഗ്ഗദീപങ്ങളാകട്ട.

ഡോ. ബിനോയി അമ്പഴത്തിനാല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.