ലാ സലേറ്റയിലെ ദര്‍ശനം – 1846

മാക്‌സിമിന്‍, മെലാനീ എന്നീ രണ്ട് കുട്ടികള്‍ക്ക് മാതാവ് പ്രത്യക്ഷയായത് 1846 സെപ്റ്റംബറിലാണ്. ഫ്രാന്‍സിലെ കോര്‍പ്‌സ് എന്ന സ്ഥലത്ത് വച്ചായിരുന്നു മാതാവിന്റെ പ്രത്യക്ഷപ്പെടല്‍. മെലാനിക്ക് പതിനാല് വയസ്സും മാക്‌സിമിന് പതിനൊന്നുമായിരുന്നു പ്രായം. കാലിമേയ്ക്കലായിരുന്നു ഈ കുട്ടികളുടെ ഉപജീവനമാര്‍ഗ്ഗം. ലാ സലേറ്റ എന്ന ഗ്രാമപ്രദേശത്തായിരുന്നു അന്ന് കുട്ടികള്‍ കാലികളുമായി പോയത്. അത്ഭുതകരമായിട്ടായിരുന്നു മേരി കുട്ടികള്‍ക്ക് മുമ്പില്‍ പ്രത്യക്ഷയായത്.

പ്രകാശം തുളുമ്പുന്ന ഒരു സ്ത്രീരൂപം കല്ലില്‍ ഇരിക്കുന്നതായി കുട്ടികള്‍ കണ്ടു.  ഈ കാഴ്ചയെക്കുറിച്ച് ഇവര്‍ പിന്നീട് വിശദീകരിച്ചത് ഇപ്രകാരമായിരുന്നു. ഉയരമുള്ള അതിസുന്ദരിയായ സ്ത്രീരുപമായിരുന്നു അത്. വെളുത്തും നീളമുള്ളതും മുത്തുകള് പതിപ്പിച്ചതുമായ വസ്ത്രമാണ് ധരിച്ചിരുന്നത്. വെളുത്ത മേല്‍വസ്ത്രം തലയില്‍ക്കൂടി ധരിച്ചിരുന്നു. പ്രകാശം പ്രസരിക്കുന്ന ഒരു കിരീടമുണ്ടായിരുന്നു തലയില്‍. കഴുത്തില്‍ ഒരു ക്രൂശിതരൂപം തൂങ്ങിയിരുന്നു. പ്രകാശം കൊണ്ട് നിര്‍മ്മിച്ചതാണോ എന്ന്  തോന്നിപ്പിക്കുന്ന വിധമായിരുന്നു പരിശുദ്ധ അമ്മയുടെ രൂപം.

തന്റെ പുത്രനെക്കുറിച്ച് കണ്ണീരോടെയാണ് കുട്ടികളോട് അമ്മ സംസാരിച്ചത്. ലോകത്തിന്റെ പാപകരമായ പ്രവര്‍ത്തികളെക്കുറിച്ച് ആശങ്കാകുലമായിരുന്നു അമ്മയുടെ വാക്കുകള്‍. ഞായറാഴ്ചകള്‍ കൃത്യമായി ഉപയോഗിക്കാത്തവരാണ് തന്റെ ജനങ്ങള്‍ എന്നും അമ്മ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് പാപങ്ങള്‍ക്ക് ലഭിക്കുന്ന ശിക്ഷയെക്കുറിച്ച് ഓര്‍മ്മപ്പെടുത്തി. തന്റെ ദര്‍ശനവും സന്ദേശവും ലോകം മുഴുവന്‍ പ്രചരിപ്പിക്കാന്‍ പരിശുദ്ധ അമ്മ അപ്രത്യക്ഷയാകുന്നതിന് മുമ്പ് കുട്ടികേേളാട് പറഞ്ഞു. കുട്ടികള്‍ തിരികെ വീട്ടിലെത്തി ഇക്കാര്യങ്ങള്‍ എല്ലാവരോടും പറഞ്ഞെങ്കിലും ആരും വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. തങ്ങള്‍ കണ്ട കാഴ്ചയെ ചിത്രമായി കുട്ടികള്‍ വരച്ചു സൂക്ഷിച്ചു. നാല് വര്‍ഷത്തിന് ശേഷമാണ് കുട്ടികള്‍ക്ക് ലഭിച്ച ഈ ദര്‍ശനത്തെ കത്തോലിക്കാ സഭ അംഗീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.