രക്തദാനത്തിലൂടെ സുവിശേഷം പകരുന്ന സന്യാസിനിമാർ

ക്രിസ്തുവിന്റെ സുവിശേഷം, അത് ലോകത്തിനു പകരാൻ ഓരോ വ്യക്തിയും തിരഞ്ഞെടുക്കുന്ന മാർഗ്ഗങ്ങൾ വ്യത്യസ്തത നിറഞ്ഞതാണ്. അത്തരത്തിൽ വ്യത്യസ്തമായ ഒരു സുവിശേഷവത്ക്കരണ പാത സ്വീകരിച്ചിരിക്കുകയാണ് വിയറ്റ്നാമിൽ നിന്നുള്ള സിസ്റ്റർ മേരി എൻഗുയെൻ തി കിം ഓനും സംഘവും. തങ്ങളുടെ രക്തദാനത്തിലൂടെയാണ് ഇവർ ക്രിസ്തുവിനെ അനേകരിലേക്കു പകരുന്നത്.

ഹ്യൂവിലെ ജനറൽ ഹോസ്പിറ്റലിൽ കോവിഡ്-19 രോഗികളെ സേവിക്കുന്നതിനിടെ രക്തം കിട്ടാതെ മരണമടയുന്ന രോഗികളുടെ അവസ്ഥ സി. മേരിയെ വല്ലാതെ വലച്ചു. കോവിഡ് സാഹചര്യത്തിൽ ആളുകൾ ആശുപത്രിയിലെത്തി രക്തം നൽകാൻ മടിക്കുന്നതും, വാക്സിൻ എടുത്ത ആളുകളുടെ ആധിക്യവും രക്തത്തിനുള്ള ലഭ്യത കുറയാൻ കാരണമായി. മൂന്നു മാസത്തെ സേവനത്തിനിടെ നിരവധി ആളുകൾ അത്യാവശ്യ സമയത്ത് രക്തം കിട്ടാതെ വലയുന്നതിന് സിസ്റ്റർ സാക്ഷ്യം വഹിച്ചു.

ഈ സാഹചര്യത്തിൽ തനിക്ക് എന്തു ചെയ്യാൻ കഴിയുമെന്ന് സിസ്റ്റർ ആലോചിച്ചു. തനിക്ക് രക്തം നൽകാം. ഒരിക്കൽ രക്തം നൽകിയതിനു ശേഷം മൂന്നു മാസത്തോളം കാത്തിരിക്കണം രണ്ടാമതും രക്തം നൽകണമെങ്കിൽ. അതിനിടയിൽ വീണ്ടും രക്തത്തിനു ആവശ്യക്കാർ എത്തും. തനിക്കു തനിയെ നിന്നുകൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല. സിസ്റ്റർ ചിന്തിച്ചു.

ആ ചിന്തകളിൽ നിന്ന് സി. മേരി ഒരു തീരുമാനത്തിലെത്തി. രക്തദാനത്തിന്റെ മഹത്വം എല്ലാവരിലേക്കും എത്തിക്കുക. അതിനു മുന്നോടിയായി സി. മേരിയും താൻ അംഗമായിരിക്കുന്ന ഡോട്ടേഴ്സ് ഓഫ് മേരി ഓഫ് ദി ഇമ്മാക്കുലേറ്റ് കോൺസെപ്ഷൻ സന്യാസ സമൂഹത്തിലെ അംഗങ്ങളും രക്തദാനം നടത്തി. കൂടാതെ, ആശുപത്രിയിലെ ജോലിക്കാരെയും മറ്റുള്ളവരെയും രക്തദാനത്തിന്റെ മഹത്വം ഓർമ്മപ്പെടുത്തി ആ സത്കർമ്മം ചെയ്യാൻ പ്രേരിപ്പിച്ചു. ഇന്നും രക്തദാനത്തിന്റെ മഹത്വം എല്ലാവരിലേക്കും എത്തിക്കുകയാണ് ഈ സന്യാസിനി. ഒപ്പം സ്വയം ഒരു മാതൃകയുമാണ് ഇവർ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.