ഭക്ഷണം വിലക്കപ്പെടുന്നിടത്ത് ആയുധം വില്‍ക്കപ്പെടുന്നു

വേള്‍ഡ് ഫുഡ് പ്രോഗ്രാം – യു എന്‍

യുദ്ധഭൂമികളില്‍ ചിലപ്പോള്‍ ആഹാരം നല്‍കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്താറുണ്ട്. എന്നാല്‍ അതേ സമയം യാതൊരു വിധ തടസ്സങ്ങളുമില്ലാതെ ആയുധങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നു. സംയുക്തമായ തീരുമാനങ്ങളായിരിക്കും ഓരോ യുദ്ധത്തിന്റെയും അടിസ്ഥാനം. അതൊരിക്കലും വ്യക്തികള്‍ തമ്മിലല്ല.

ചില സമയങ്ങളില്‍ വിശപ്പ് തന്നെ യുദ്ധത്തിനുള്ള കാരണങ്ങളായി മാറാറുണ്ട്. യുദ്ധഭൂമിയില്‍ വിശപ്പും ദാഹവും കൊണ്ട് ആയിരക്കണക്കിന് നിരപരാധികള്‍ മരിച്ചു വീഴാറുണ്ട്. യുദ്ധത്തിന്റെയും അക്രമങ്ങളുടെയും ഇരകള്‍ എപ്പോഴും സൈനികരും സാധാരണ ജനങ്ങളുമായിരിക്കും. ഇക്കാര്യത്തെക്കുറിച്ച് അവബോധമുള്ളവരാണ് നമ്മള്‍. യുദ്ധങ്ങളും ദുരന്തങ്ങളും സ്വാഭാവികമായി സംഭവിക്കുന്ന പ്രക്രിയകള്‍ പോലെ നമുക്ക് ആയിത്തീര്‍ന്നിട്ടുണ്ട്.

മറ്റുളളവരുടെ ദുരന്തങ്ങള്‍ കാണാന്‍ നമ്മള്‍ ചിലപ്പോള്‍ തയ്യാറായെന്ന് വരാം. ഒരുപക്ഷേ അതിനെക്കുറിച്ച് വിലപിച്ചെന്നോ കരഞ്ഞെന്നോ വരാം. എന്നാല്‍ പ്രായോഗികമായ കാര്യങ്ങള്‍ അവര്‍ക്ക് വേണ്ടി ചെയ്യാനോ  അവരെ സഹായിക്കാനോ നാം തയ്യാറാകാറില്ല.  ബോംബെറിയുന്നതിന്റെയും ആളുകള്‍ മരിക്കുന്നതിന്റെയും ചിത്രങ്ങള്‍ നാം ദിനംപ്രതി മാധ്യമങ്ങളില്‍ കാണാറുണ്ട്. പക്ഷേ അവയൊക്കെ നാം സാധാരണ രീതിയില്‍ വായിച്ച് മറക്കുകയാണ് പതിവ്.

ദാരിദ്ര്യത്തെയും ദുരന്തങ്ങളെയും ഒരു സ്വാഭാവിക പ്രക്രിയ പോലെ കാണാതെ അവയുടെ ദു:ഖപൂര്‍ണ്ണമായ യാഥാര്‍ത്ഥ്യത്തെ നാം ഉള്‍ക്കൊള്ളേണ്ടതാവശ്യമാണ്. ദാരിദ്ര്യത്തിന് ഒരു മുഖം ഉണ്ട്. അതിന് ചിലപ്പോള്‍ ഒരു കുട്ടിയുടെ മുഖമായിരിക്കാം. ചിലപ്പോള്‍ ഒരു കുടുംബത്തിന്റെ, ഒരു യുവാവിന്റെ, അല്ലെങ്കില്‍ വൃദ്ധരായവരുടെ. അവസരസമത്വമില്ലായ്മയുടെയും വ്യാപകമായ തൊഴിലില്ലായ്മയുടെയും മുഖം കൂടിയുണ്ട് ദാരിദ്ര്യത്തിന്. നിര്‍ബന്ധിതമായി പലായനം ചെയ്യപ്പെടേണ്ടി വരുന്നവര്‍ക്കും വീട് നഷ്ടപ്പെട്ടവര്‍ക്കും നിര്‍ധനരായവര്‍ക്കും മറ്റൊരു മുഖമില്ല. അത് ദാരിദ്ര്യത്തിന്റേതാണ്.

ഇത്രയും ദാരിദ്ര്യം നിലനില്‍ക്കുമ്പോള്‍ തന്നെ നാം നേരിടേണ്ടി വരുന്ന മറ്റൊരു വിരോധാഭാസമുണ്ട്. ആഹാരത്തിന്റെ ദൗര്‍ലഭ്യം നിലനില്‍ക്കുമ്പോള്‍ തന്നെ ആഗോളമാലിന്യങ്ങള്‍ക്ക് കുറവ് വരുന്നില്ല.അതില്‍ കൂടുതലും ഭക്ഷണാവശിഷ്ടങ്ങളാണ് താനും. ആഹാര ദൗര്‍ലഭ്യത്തിന്റെ ഒരു പ്രധാന കാരണം സ്വാര്‍ത്ഥതയും ഭക്ഷണത്തിന്റെ തെറ്റായ ഉപയോഗവുമാണ്. ആഹാരം വിശപ്പടക്കാനുള്ളത് എന്നതിലുപരി വിപണിയുടെ ഭാഗമായിരിക്കുകയാണ്. ഭക്ഷണത്തിന്റെ കൃത്യമല്ലാത്ത ഉപയോഗം ദരിദ്രന്റെ മേശയില്‍ നിന്ന് ഭക്ഷണം മോഷ്ടിച്ച് അവനെ പട്ടിണിക്കിടുന്നതിന് തുല്യമാണ്. ലോകത്ത് എല്ലാവര്‍ക്കും ന•യുണ്ടാകുന്നതിന് വേണ്ടി അനുയോജ്യമായ വിധത്തില്‍ നമ്മുടെ മാനവികതയുടെ അളവുകോല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.