ബെന്‍ – ഹര്‍

‘ബെന്‍ – ഹര്‍’ എന്ന ഹോളീവുഡ് എപിക് മൂവി ലൂ വലാസെയുടെ ‘ബെന്‍ – ഹര്‍: എ ടെയില്‍ ഓഫ് ദ ക്രൈസ്റ്റ്’ എന്ന നോവലിനെ ആസ്പദമാക്കി നിര്‍മിച്ചതാണ്. ഈ സിനിമാറ്റിക്ക് മാസ്റ്റര്‍ വര്‍ക്ക് ജൂദ ബെന്‍ ഹറിനെക്കുറിച്ചുള്ള ഇതിഹാസകഥയാണ്. ബെന്‍ ഹര്‍ എന്ന കഥാപാത്രത്തെ ചാള്‍സണ്‍ ഹെസ്റ്റണ്‍ തന്റെ അഭിനയ മികവ് കൊണ്ട് അനശ്യരമാക്കിയിരിക്കുന്നു.

ക്രിസ്തുവിന്റെ ജീവിതകാലത്താണ് കഥ നടക്കുന്നത്. യൂദാ ബെന്‍ഹര്‍ ജറുസലേമിലെ സമ്പന്നനായ പ്രഭുകുമാരനാണ്. ഒരു റോമന്‍ സൈനിക ഉദ്യോഗസ്ഥന്‍ മെസ്സല, തന്റെ സുഹൃത്തായ ജൂദ ബെന്‍ ഹറിനെ രാജ്യദ്രോഹക്കുറ്റം ആരോപിച്ചിച്ച് അടിമയാക്കുന്നു. യൂദാ ബെന്‍ഹറിന്റെ അമ്മയെയും സഹോദരിയെയും – മിറയാമിനെയും തിര്‍സായെയും – തടവറയിലാക്കുന്നു. യൂദായ്ക്ക് താന്‍ സ്‌നേഹിച്ചിരുന്ന എസ്തറിനെയും അമ്മയെയും പെങ്ങളെയും വിട്ട് ദൂരേയ്ക്ക് അടിമയായി പോകേണ്ടി വരുന്നു. പക്ഷേ, വര്‍ഷങ്ങള്‍ക്കു ശേഷം പ്രതികാരം ചെയ്യാനായി അദ്ദേഹം തിരിച്ചെത്തുന്നു. അപ്പോഴേക്കും യൂദാ റോമാ സാമ്രാജ്യത്തിലെ തന്നെ ഒരു പ്രസിദ്ധ തേരോട്ടക്കാരനായി പേരെടുത്തു കഴിഞ്ഞിരുന്നു.

തന്നെ ഇപ്പോഴും കാത്തിരിക്കുന്ന കാമുകിയായ എസ്തറിനെ അയാള്‍ കണ്ടെത്തുന്നു. തന്റെയും തന്റെ കുടുംബത്തിന്റെയും നാശത്തിനു കാരണമായ മെസാലയെ തേരോട്ട മത്സരത്തില്‍ പരാജയപ്പെടുത്തുന്നു. മത്സരത്തിനിടയില്‍ മെസാലെ, യൂദായെ കൊല്ലാന്‍ ശ്രമിക്കുന്നുവെങ്കിലും അയാള്‍ തന്നെ കൊല്ലപ്പെടുന്നു. മരണത്തിന് മുന്‍പ് അയാള്‍ യൂദായോട് വെളിപ്പെടുത്തുകയാണ് യൂദായുടെ അമ്മയും പെങ്ങളും കുഷ്ഠ രോഗികളായ കുഷ്ഠരോഗികളുടെ താഴ്‌വരയില്‍ ഉണ്ടെന്ന്.

യൂദായും എസ്തറും അമ്മയായ മിറിയാമിനെയും സഹോദരിയായ തിര്‍സായെയേയും യേശുവിന്റെ അടുക്കല്‍ കൊണ്ട് ചെന്ന് സൗഖ്യം നേടാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, അപ്പോഴേക്കും പീലാത്തോസിന്റെ അടുത്ത് യേശുവിന്റെ വിചാരണ തുടങ്ങിക്കഴിഞ്ഞിരുന്നു. കാല്‍വരിയില്‍ വച്ചാണ് അവര്‍ യേശുവിനെ കാണുന്നത്. യേശുവിന്റെ കുരിശുമരണ സമയത്ത് അത്ഭുതകരമായി മിര്‍യാമും തിര്‍സായും സുഖപ്പെടുന്നു.

”അവന്റെ വാക്കുകള്‍ എന്റെ കയ്യില്‍ നിന്നും ആയുധം നീക്കം ചെയ്യുന്നു.” – എന്ന് യൂദാ ബെന്‍ഹര്‍ പ്രഖ്യാപിക്കുന്നു. മനുഷ്യന്റെ മനസ്സിന് വരുന്ന അത്ഭുതകരമായ മാറ്റം ഈ കഥയിലൂടെ സംവിധായകന്‍ പറയുന്നു.

ഒരു കാര്‍ ചൈസിനു സമാനമാം വിധം അങ്ങേയറ്റം ത്രില്ലിംഗായാണ് ഈ സിനിമയിലെ കുതിരയോട്ടം ചിത്രീകരിച്ചിരിക്കുന്നത്. വെള്ളച്ചാട്ടവും മൃഗങ്ങളുടെ പരിശീലനവുമെല്ലാം വളരെ ആധുനിക രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കാള്‍ ടണ്‍ബര്‍ഗിന്റെ തിരക്കഥയില്‍ വില്ല്യം വൈലറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 11 അക്കാഡമി അവാര്‍ഡുകളാണ് ഈ സിനിമ കരസ്ഥമാക്കിയത്. എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ പെടും ബെന്‍-ഹര്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.