പരിശുദ്ധ മറിയം: മാതൃത്വത്തിന്റെ ഉദാത്തമാതൃക

കരുണാപൂര്‍ണ്ണനും അനന്തജ്ഞാനിയുമായ ദൈവത്തിന് ഈ ലോകത്തിന്റെ വീണ്ടെടുപ്പിനായി മനുഷ്യജന്മമെടുക്കുന്നതിനും – വചനം മാസംമായിത്തീരാനും ഒരമ്മ വേണം. അതിന് ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവളാണ് പരിശുദ്ധ മറിയം. ദൈവം, മാലാഖ വഴി മറിയത്തിന് ഈ സന്ദേശം നല്‍കിയപ്പോള്‍, അവള്‍ ദൈവവചനത്തെ ഹൃദയത്തില്‍ സ്വീകരിക്കുകയും ദൈവികജീവനെ ഉദരത്തില്‍ സംവഹിക്കുകയും ചെയ്തു. പരിശുദ്ധ മറിയം, കറയും മുഖച്ചുളിവും ഇല്ലാത്തവളായി പൂര്‍ണ്ണത പ്രാപിച്ചു കഴിഞ്ഞെങ്കിലും ക്രിസ്തീയവിശ്വാസികള്‍ ഇനിയും പാപത്തെ ജയിച്ച് വിശുദ്ധിയില്‍ വളരേണ്ടിയിരിക്കുന്നു. അതിനാല്‍ നമുക്ക് സകല പുണ്യങ്ങളുടെയും മാതൃകയായി ഭവിക്കുന്ന മറിയത്തിലേയ്ക്ക് കണ്ണുകള്‍ ഉയര്‍ത്താം.

മറിയം രക്ഷകന്റെ അമ്മ

ദൈവമാതാവായ പരിശുദ്ധ കന്യാമറിയത്തോടുള്ള ഭക്തി എല്ലാവിധത്തിലും നമുക്ക് അനുഗ്രഹദായകമാണ്. അതിനാല്‍ മരിയഭക്തി നാം അഭംഗുരം സംരക്ഷിച്ചേ മതിയാവൂ. രക്ഷകന്റെ അമ്മയാകുവാനുള്ള ദൈവത്തിന്റെ പ്രത്യേക തെരഞ്ഞെടുപ്പ് വഴി മറിയം ഈ ഭൂമിയിലെ ഏറ്റവും ദൈവകൃപ നിറഞ്ഞ സൃഷ്ടിയായിത്തീര്‍ന്നു. ഗബ്രിയേല്‍ മാലാഖയുടെ മംഗംളവാര്‍ത്ത അറിഞ്ഞ് ‘ഇതാ കര്‍ത്താവിന്റെ ദാസി; നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ’ (ലൂക്കാ 1:38) എന്ന് മറുപടി പറഞ്ഞുകൊണ്ട് മറിയം ദൈവവചനത്തെ വിശ്വാസത്തോടെ – പൂര്‍ണ്ണസമ്മതത്തോടെ സ്വന്തം ശരീരത്തിലും ഹൃദയത്തിലും സ്വീകരിച്ചു.

മറിയത്തിന്റെ അമലോത്ഭവം, ദൈവമാതൃത്വം, നിത്യകന്യകാത്വം, സ്വര്‍ഗ്ഗരോഹണം, എന്നിവയെല്ലാം ദൈവം വെളിപ്പെടുത്തിക്കൊടുത്ത വിശ്വാസ സത്യങ്ങളാല്‍ കത്തോലിക്കാസഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. പരിശുദ്ധ അമ്മ ഇന്ന് ലോകത്തില്‍ പല സ്ഥലങ്ങളിലും പ്രത്യക്ഷപ്പെട്ട് ലോകസമാധാനത്തിനും പാപികളുടെ മാനസാന്തരത്തിനും വേണ്ടി വര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്നു. ഈ ആഹ്വാനം സ്വീകരിച്ചു കൊണ്ട് കഠിനാദ്ധ്വാനവും ത്യാഗമനോഭാവവും ജീവിതവിശുദ്ധിയുമുള്ള അമ്മമാരുടെ പ്രവൃത്തികള്‍ സഭയ്ക്കും സമുദായത്തിനും സമൂഹത്തിനും മാതൃകയായിരിക്കണം. പുതുതലമുറയുടെ ചാലകശക്തികളായി മാറാന്‍ ഇന്നിന്റെ അമ്മമാര്‍ക്ക് കഴിയണം.

മറിയം: നമ്മുടെ അമ്മയും സഭയുടെ മാതാവും

മക്കള്‍ക്കുള്ള അവകാശം നാം ആവശ്യപ്പെടുകയാണെങ്കില്‍ ഈ അവകാശത്തിന് അടിസ്ഥാനമായ മാതൃത്വത്തെ നാം ബഹുമാനിക്കേണ്ടിയിരിക്കുന്നു. മാലാഖയുടെ അഭിവാദ്യത്തിന് മറുപടിയായി ‘ഇതാ കര്‍ത്താവിന്റെ ദാസി, അങ്ങേ വചനം പോലെ എന്നില്‍ ഭവിക്കട്ടെ’ എന്ന് പറഞ്ഞതുവഴി മറിയം മിശിഹായുടെയും നമ്മുടെയും അമ്മയായി. ആ മാതൃത്വം പൂര്‍ണ്ണത പ്രാപിച്ചത് രക്ഷാകൃത്യം പൂര്‍ണ്ണമായപ്പോഴാണ്. ഗാഗുല്‍ത്താ മലയിലെ പീഢകള്‍ക്കിടയില്‍, ഈശോ കുരിശില്‍ കിടന്ന് മറിയത്തോട് ഇപ്രകാരം പറഞ്ഞു ‘സ്ത്രീയേ ഇതാ നിന്റെ മകന്‍’; അനന്തരം യോഹന്നാനോട് ‘ഇതാ നിന്റെ അമ്മ’ (യോഹ. 19: 26-27). യോഹന്നാന്‍ വഴി ഈ വാക്കുകള്‍ സകലരോടും പറയപ്പെട്ടിരിക്കുന്നു.

തന്റെ മകനെ ലോകവീണ്ടെടുപ്പിനായി വിട്ടുകൊടുത്തും വ്യാകുലതകള്‍ സഹിച്ചും മനുഷ്യവര്‍ഗ്ഗത്തിന്റെ ആദ്ധ്യാത്മിക ജനനത്തില്‍ അവള്‍ പൂര്‍ണ്ണ സഹകാരിണിയായിത്തീര്‍ന്നു. അങ്ങനെ പരിപൂര്‍ണ്ണ അര്‍ത്ഥത്തില്‍ മറിയം നമ്മുടെ അമ്മയായി. അവളുടെ മക്കളായ നാം അവളില്‍ ശരണപ്പെടുകയും അവളുടെ പക്കലേക്ക് തിരിഞ്ഞ് അനുഗ്രഹങ്ങള്‍ യാചിക്കുകയും വേണം. അതിനാല്‍ നമുക്ക് പരിശുദ്ധ അമ്മയെ സ്വന്തം ഭവനങ്ങളില്‍ സ്വീകരിക്കുകയും ജീവിതവഴിത്താരയില്‍ വഴിവിളക്കായി അംഗീകരിക്കുയും അമ്മയുടെ നീല കാപ്പായുടെ കീഴില്‍ അഭയം പ്രാപിക്കുകയും ചെയ്യാം. നിസ്സഹായാവസ്ഥയില്‍ നമുക്ക് സഹായവും അഭയവും അഭിഭാഷകയും ഉപകാരിണിയുമായി അംഗീകരിച്ച് നമ്മുടെ തെറ്റുകള്‍ അമ്മയോട് ഏറ്റുപറയാം. (CSR Vat II; LG 62)

മറിയത്തിന്റെ ദൈവമാതൃത്വം

മനുഷ്യമക്കളോടുള്ള സ്‌നേഹപാരമ്യം വ്യക്തമാക്കാനാണ് അമ്മയുടെ സ്‌നേഹത്തോട് തന്നെത്തന്നെ താരതമ്യം ചെയ്യുന്നത്. മുല കുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്ക് മറക്കാനാകുമോ? പുത്രനോട് പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ? അവള്‍ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല. (ഏശ. 49:15). അമ്മ നമുക്ക് ആനന്ദമാണ്, ആശ്രയമാണ്. പകരം വയ്ക്കാന്‍ പറ്റാത്ത ഒരു പദവിയാണ് അമ്മയ്ക്കുള്ളത്. ദൈവം അമ്മയില്‍ നിന്ന് ജനിച്ചു. അതിനാല്‍ മറിയത്തിന്റെ ദൈവമാതൃത്വം എല്ലാ സ്ത്രീകള്‍ക്കും ഉദാത്തമാതൃകയാണ്.

അമ്മയല്ലാതൊരു ദൈവമുണ്ടോ..
അതിലും വലിയൊരു കോവിലുണ്ടോ..
അമ്മേ, അമ്മേ, അവിടുത്തെ മുമ്പില്‍ ഞാനാര്..
ദൈവമാര് കാലം മറക്കാത്ത ത്യാഗമല്ലേ..
അമ്മ കാണപ്പെടുന്ന ഒരു ദൈവമല്ലേ..

എന്ന് വയലാര്‍ പാടിയത് മറക്കാനാകുമോ? മാതൃസ്നേഹം അവര്‍ണ്ണനീയമാണ്. അനശ്വരമാണ്. അത് ദൈവത്തോളം വിശാലമാണ്. അതാണ് കുരിശിന്റെ ചുവട്ടില്‍ വച്ച് (യോഹ. 19:27-29) മറിയത്തെ യോഹന്നാന്റെ അമ്മയായി അവനെ ഏല്‍പിച്ചപ്പോള്‍ ഈശോ ചെയ്തത്. മാതൃസ്‌നേഹവും ത്യാഗവും അതുല്യമാണ്. ദൈവികഗുണങ്ങളായ ജീവന്‍ നല്‍കാനും സ്‌നേഹം നല്‍കാനുമുള്ള കഴിവ് സ്വീകരിച്ചിരിക്കുന്ന അമ്മമാരിലൂടെ ദൈവസ്‌നേഹം അനുഭവിച്ച് ആ ആനന്ദം പങ്കുവയ്ക്കാന്‍ സാധിച്ചാല്‍ പെന്തക്കുസ്താ അനുഭവം നമ്മില്‍ രൂപപ്പെടുകയാണ്. അതുവഴി അമ്മയുടെ ജീവിതവിശുദ്ധി കുടുംബത്തിന്റേയും സമൂഹത്തിന്റേയും വളര്‍ച്ചയ്ക്ക് കാരണമാകുന്നു.

പരിശുദ്ധ അമ്മ: പ്രാര്‍ത്ഥനയുടെ മാതൃക

പരിശുദ്ധ അമ്മ ധ്യാനജീവിതത്തിന്റെ ഉത്തമ മാതൃകയാണ്. ‘മറിയമാകട്ടെ ഇവയെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ച് ഗാഢമായി ചിന്തിച്ചു കൊണ്ടേയിരുന്നു’ (ലൂക്കാ 2:19). ദൈവം വെളിപ്പെടുത്തുന്ന സത്യങ്ങളും അവിടുന്ന് ചെയ്യുന്ന കാര്യങ്ങളും നമുക്ക് ആഴമായി ചിന്തിക്കാനുള്ള വിഷയങ്ങളാണ്. നമ്മുടെ ജീവിതവ്യഗ്രത മൂലം ദൈവത്തിന്റെ വചനങ്ങളും ഇടപെടലുകളുമെല്ലാം എപ്പോഴും നമുക്ക് വ്യക്തമാകണമെന്നില്ല. അവ ഹൃദയത്തില്‍ സംഗ്രഹിച്ച് ധ്യാനവിഷയമാക്കുവാന്‍ പരിശുദ്ധ അമ്മ നമുക്ക് പ്രചോദനം നല്‍കുന്നു.

പ്രാര്‍ത്ഥനയ്ക്ക് ഉണ്ടായിരിക്കേണ്ട ആന്തരികമനോഭാവം – വിശ്വാസം, ശരണം, ഉപവി തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് ഇവയെല്ലാം. ഇവയുടെ തികവ് പരിശുദ്ധ മറിയത്തില്‍ നാം കാണുന്നു. പ്രാര്‍ത്ഥനാരൂപിയുള്ള മനുഷ്യന്‍ ദൈവത്തിന്റെ വാഗ്ദാനങ്ങളില്‍ പ്രതീക്ഷ അര്‍പ്പിക്കുകയും അവ തന്നില്‍ നിറവേറുമെന്ന് ഉറച്ച് വിശ്വസിക്കുകയും ചെയ്തു. ഈ പ്രതീക്ഷയും വിശ്വാസവും മറിയത്തില്‍ നിറഞ്ഞുനിന്നിരുന്നു എന്ന് മനസ്സിലാക്കിയാണ് എലിസബത്ത് പറഞ്ഞത്: ‘കര്‍ത്താവ് അരുള്‍ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതിയാകുന്നു’ (ലൂക്കാ 1:35).

ദൈവകുമാരന്റെ മാതാവായി ഉയര്‍ത്തപ്പെട്ട മറിയം, എലിസബത്തിന് ശുശ്രൂഷ ചെയ്യാന്‍ തിടുക്കത്തില്‍ പുറപ്പെട്ടു (ലൂക്കാ 1:56). ഓരോ അമ്മയും ഇതുപോലെ മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാന്‍ ആത്മീയചൈതന്യം പ്രാപിക്കാന്‍ പരിശുദ്ധ അമ്മയുടെ ജീവിതം പഠിപ്പിക്കുന്നു. ഇപ്രകാരം ആത്മാവിനാല്‍ നിറഞ്ഞ അമ്മ എല്ലാ മാതാക്കള്‍ക്കും മാതൃകയും പ്രചോദനവുമാണ്. മാതൃത്വം ഈ ഭൂമിയില്‍ ഏറ്റവും വലിയ അനുഗ്രഹമാണന്ന് ശ്രീ ശങ്കരാചാര്യര്‍ പറയുന്നു. ഏത് പ്രതികൂല സാഹചര്യത്തിലായിരുന്നാലും വചനം മനസ്സില്‍ ധ്യാനിച്ച് വിശുദ്ധിയുള്ള അമ്മമാരായി അവര്‍ ആയിരിക്കുന്നിടത്ത് ഈശോയെ കാണിച്ചുകൊടുക്കാന്‍ എല്ലാ മാതാക്കള്‍ക്കും കഴിയട്ടെ.

ജപമാലഭക്തി

‘മരിയസൈന്യം’ എത്ര ഔചിത്യപൂര്‍ണ്ണമായ നാമധേയം (പീയൂസ് XI). ഒക്‌ടോബര്‍ മാസം ജപമാല രാജ്ഞിക്ക് പ്രതിഷ്ഠിതമാണ്. ഫാത്തിമ സംഭവങ്ങളുടെ 101-ാം വാര്‍ഷികം ആചരിച്ച ഈ കാലയളവില്‍ മൂന്ന് കുട്ടികളിലൂടെ പരിശുദ്ധ അമ്മ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ഒരു പരിചിന്തനത്തിന് വിധേയമാക്കുവാന്‍ നമ്മുടെ അമ്മ ആഗ്രഹിക്കുന്നു.

പരിശുദ്ധ അമ്മ കുടുംബിനികള്‍ക്കെല്ലാം നല്ലൊരു മാതൃകയാണ്. അതാണല്ലോ തിരുക്കുടുംബത്തില്‍ കാണുവാന്‍ സാധിക്കുക. കന്യകകളുടെ രാജ്ഞിയായ അമ്മ എല്ലാ സമര്‍പ്പിതരെയും വിശുദ്ധിയുടെ നിറവിലേയ്ക്ക് ആനയിക്കുന്നു. ലോകത്തിന്റെ വിശുദ്ധീകരണം ആഗ്രഹിക്കുന്ന അമ്മ, ഇന്ന് സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി വന്ന് മക്കളുടെ മാനസാന്തരത്തിനു വേണ്ടിയും തിന്മയുടെ സ്വാധീനത്തില്‍ കഴിയുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാനും ആഹ്വാനം ചെയ്തുകൊണ്ട് ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നു.

പരിശുദ്ധ അമ്മ എന്നും എനിക്ക് ആശ്രയമായി വര്‍ത്തിക്കുന്നു. ഓരോ പ്രതിസന്ധിഘട്ടങ്ങളിലും ‘ജപമാലരാജ്ഞി’ പ്രാര്‍ത്ഥിക്കുമ്പോള്‍ തടസ്സങ്ങളെല്ലാം മാറിപ്പോകുന്നു. അങ്ങനെ പരിശുദ്ധ അമ്മയില്‍ വിളങ്ങിനില്‍ക്കുന്ന സുകൃതങ്ങള്‍ നമുക്കും സ്വായത്തമാക്കാം. അങ്ങനെ വിശുദ്ധജീവിതം നയിക്കാന്‍ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം തേടാം.

ഉപസംഹാരം

മറിയത്തിന്റെ ജനനം മനുഷ്യകുലത്തിന് മഹിമയാണ്. സ്ത്രീത്വത്തിന് കളങ്കം നേരിട്ടിരിക്കുന്ന ഈ കാലയളവില്‍ സ്ത്രീത്വത്തിന് വാടാമുടിയായി – മഹത്വകിരീടമായി അവള്‍ ജനിച്ചത് എന്നും ലോകം അനുസ്മരിക്കണം. ആത്മാവില്‍ നിറഞ്ഞ അമ്മമാര്‍, അവരുടെ ദൈവാനുഭവത്തില്‍ ആനന്ദിച്ച് അത് മറ്റുള്ളവരുമായി പങ്കുവയ്ക്കുവാന്‍ തയ്യാറാകണം. ഓരോ അമ്മമാരും മാധുര്യമുള്ള വീഞ്ഞായി അനുഭവപ്പെട്ടാല്‍ നമ്മുടെ കുടുംബം തിരുക്കുടുംബമായി മാറും. ഉണ്ണിയേശുമാര്‍ക്ക് ജന്മം കൊടുത്തുകൊണ്ട് പുതിയ ആകാശവും പുതിയ ഭൂമിയും സംജാതമാക്കുവാന്‍ ഈ മരിയഭക്തി നമുക്ക് പ്രചോദനമാകട്ടെ.

സി. മാത്യുസ് എസ്‌ജെസി