നോക്കിലെ ദര്‍ശനം 1879

1879 ലാണ് അയര്‍ലന്റിലെ നോക്കില്‍ പരിശുദ്ധ അമ്മ പ്രത്യക്ഷയായത്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 1871 ല്‍ പോണ്ട്‌മെയിന്‍ എന്ന സ്ഥലത്തും മാതാവ് പ്രത്യക്ഷയായി. ഈ രണ്ട് പ്രത്യക്ഷപ്പെടലുകളും തമ്മില്‍ ചില സാദൃശ്യങ്ങള്‍ ഉണ്ടായിരുന്നു. പരിശുദ്ധ അമ്മയുടെ രണ്ട് ദര്‍ശനങ്ങളും വൈകുന്നേരമായിരുന്നു.  മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടായിരുന്നു രണ്ട് പ്രത്യക്ഷപ്പെടലുകള്‍ക്കും. രണ്ട് ദര്‍ശനങ്ങളിലും പരിശുദ്ധ അമ്മ ഒന്നും സംസാരിച്ചുമില്ല. മേരി മക്ഫലിന്‍ എന്നും മേരി ബയേണ്‍ എന്നും പേരായ രണ്ട് സ്ത്രീകള്‍ നോക്കിലെ ചെറിയ ഗ്രാമത്തിലെ ദേവാലയത്തിന് സമീപം നടന്നുപോകുകയായിരുന്നു. ദേവാലയത്തിന്റെ മുഖപ്പിന് സമീപം നടന്നുപോകുന്ന മൂന്ന് മനുഷ്യരൂപങ്ങള്‍ അവര്‍ കണ്ടു. അവര്‍ ആരാണെന്ന് അറിയാന്‍ വേണ്ടി രണ്ട് മേരിമാരും നടപ്പിന് വേഗത വര്‍ദ്ധിപ്പിച്ചു. അവരില്‍ ഒരാളുടെ രൂപം പരിശുദ്ധ കന്യകാമറിയത്തെപ്പോലെ തോന്നിച്ചു. കൂടെയുള്ള മറ്റ് രണ്ട് പേര്‍ വിശുദ്ധ യോഹന്നാനും യൗസേപ്പിതാവും  ആണെന്ന് ആ സ്ത്രീകള്‍ അനുമാനിച്ചു.

സ്ത്രീകളിലൊരാളായ മേരി ബെയേണ്‍ തന്റെ കുടുബത്തെ ഈ വാര്‍ത്ത അറിയിക്കുന്നതിനായി പോയി. പെട്ടെന്ന് എവിടെന്നില്ലാതെ ഒരു മഴ വന്നു. മഴ നനയാതിരിക്കാന്‍ അവിടെയുണ്ടായിരുന്ന ജനങ്ങള്‍ എല്ലാവരും ദേവാലയത്തിന് സമീപം  കൂട്ടം കൂടി നിന്നു.

ദേവാലയത്തിന് അകത്ത് അള്‍ത്താരയില്‍ കുരിശിന് മുന്നില്‍ ഒരു ചെറിയ ആട്ടിന്‍കുട്ടി നില്‍ക്കുന്നത് എല്ലാവര്‍ക്കും ദൃശ്യമായി.  ആ സമയത്ത് ജനക്കൂട്ടത്തിലൊരു ആണ്‍കുട്ടി രണ്ട് മാലാഖമാര്‍ ആട്ടിന്‍കുട്ടിയുടെ ഇരുവശത്തും നില്‍ക്കുന്നതായി കാണുകയും ചെയ്തു. എന്നാള്‍ അശരീരിയോ മറ്റ് യാതൊരു വിധത്തിലുള്ള ശബ്ദങ്ങളോ ആരും കേട്ടില്ല. ഈ ദേവാലയത്തിന് ഒന്നര മൈല്‍ അകലെ ഒരു കര്‍ഷകന്‍ തിളങ്ങുന്ന ഒരു ഭൂഗോളം കണ്ടതായും സാക്ഷ്യപ്പെടുത്തുന്നു. പിന്നീട് നടന്ന അന്വേഷണങ്ങളില്‍ ഈ സംഭവങ്ങള്‍ മാജിക്കോ കണ്‍കെട്ടോ അല്ലെന്ന് തെളിയിക്കപ്പെട്ടു. ക്രിസ്തുവിന്റെ കുരിശുമരണത്തിനെയും സഹനത്തെയും പ്രതീകാത്മകമായി വെളിപ്പെടുത്തിയതായിരുന്നു ഈ ദര്‍ശനമെന്ന് പാപ്പായുടെ സന്ദര്‍ശനത്തില്‍ സ്ഥിരീകരിക്കപ്പെടുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.