ദൈവത്തിന്റെ നാമത്തിലുള്ള കൊലപാതകം പൈശാചികം

തിരുസഭ ഇന്ന് യേശു ക്രിസ്തുവിന്റെ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ആഘോഷിക്കുന്നു. നമ്മൾ അത് ഒരു രഹസ്യമായി മനസ്സിലാക്കുന്നു.
ഉന്മൂലനത്തിന്റെ രഹസ്യം, നമ്മളോടുള്ള സാമിപ്യത്തിന്റെ രഹസ്യം. പൗലോസ് ശ്ലീഹാ പറയുന്നതുപോലെ “ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും, അവൻ ദൈവവുമായുള്ള സമാനത നിലനിർത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല. തന്നെത്തന്നെ ശ്യൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തിൽ ആയിത്തീർന്ന് ആകൃതിയിൽ മനുഷ്യനെപ്പോലെ കാണപ്പെട്ടു, മരണം വരെ അതേ കുരിശുമരണം വരെ-അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി.” (ഫിലിപ്പി: 2: 6-8) ഇതാണ് ക്രിസ്തു രഹസ്യം. അതാണ് മനുഷ്യന്റെ രക്ഷയ്ക്കു വേണ്ടിയുള്ള രക്തസാക്ഷിത്വം.

യേശു ക്രിസ്തുവാണ് ആദ്യ രക്തസാക്ഷി, തന്റെ ജീവൻ നമ്മുക്ക് തന്നവൻ. ഈ ക്രിസ്തു രഹസ്യത്തിൽ നിന്നാണ്, ആദ്യ നൂറ്റാണ്ടു മുതൽ ഇന്നുവരെയുള്ള സഭാ ചരിത്രത്തിലെ എല്ലാ ക്രിസ്തീയ രക്തസാക്ഷിത്വവും ആരംഭിക്കുന്നത്.

ആദിമ ക്രൈസ്തവർ തങ്ങളുടെ ജീവൻ വിലയായി നൽകിയാണ് ക്രിസ്തുവിനെ പ്രഘോഷിച്ചത്. മറ്റു ദൈവങ്ങളിലുള്ള വിശ്വാസം ഏറ്റുപറയാൻ ആദിമ ക്രൈസ്തവരെ നിർബദ്ധിച്ചപ്പോൾ അവർ പറഞ്ഞു ” ഞങ്ങളുടെ ദൈവമാണ് സത്യം നിങ്ങളുടേതല്ല ” അവർ ഇത് നിരസിച്ച് ക്രൈസ്തവരെ തൂക്കിലേറ്റി. ഈ കഥ ഇന്നും ആവർത്തിക്കുന്നു. കഴിഞ്ഞ കാലത്തേക്കാൾ കൂടുതൽ രക്തസാക്ഷികൾ ഇന്നു സഭയിലുണ്ട്.

യേശു ക്രിസ്തുവിനെ നിഷേധിക്കാത്തതിനാൽ ഇന്നും ക്രൈസ്തവർ പീഡിപ്പിക്കപ്പെടുകയും, വധിക്കപ്പെടുകയും, രക്തസാക്ഷികളാവുകയും ചെയ്യുന്നു.

ഈ ചരിത്രത്തിൽ ഫാ: ഷാക് ഹാമലിനേക്കൂടി നമ്മുക്ക് ലഭിച്ചിരിക്കുന്നു. രക്തസാക്ഷികളുടെ ചങ്ങലയിൽ അദ്ദേഹം ഒരു ഭാഗമായിത്തീർന്നിരിക്കുന്നു. ക്രിസ്തുവിനെ തള്ളിപ്പറയാത്തതിന് തടവറയിൽ കിടന്നും, ക്രൂരമായ മർദനങ്ങളും, പീഡനങ്ങളും, മരണവും ഏറ്റുവാങ്ങുന്നവർ ഈ ചങ്ങലയുംടെ ഭാഗം തന്നെയാണ്. മതപരിത്യാഗത്തിനു നിർബന്ധിക്കുന്ന ഈ ക്രുരതയെ പൈശാചികം എന്നു നമ്മുക്ക് വിളിക്കാം.

ദൈവത്തിന്റെ നാമത്തിൽ കൊല ചെയ്യുന്നത് പൈശാചികമാണന്ന്,എല്ലാ മതവിഭാഗങ്ങളും പറഞ്ഞിരുന്നെങ്കിൽ ഞാൻ എത്രമാത്രം ആനന്ദിച്ചേനേ?
ഫാ. ഷാക് ഹാമൽ ക്രിസ്തുവിന്റെ ബലി അർപ്പിക്കുമ്പോൾ കുരിശിലാണ് കൊല ചെയ്യപ്പെട്ടത്. എളിമയുള്ള, നന്മയുള്ള, സാഹോദര്യം കാത്തുസൂക്ഷിച്ച, എപ്പോഴും സമാധാനത്തിനു വേണ്ടി പരിശ്രമിച്ച അദ്ദേഹത്തെ ഒരു കുറ്റവാളിയെപ്പോലെ കൊല ചെയ്തു. ഇത് പൈശാചിക ക്രൂരതയുടെ തുടർച്ചയാണ്. ബലിമധ്യേ രക്തസാക്ഷിത്വം സ്വീകരിച്ച ഫാ: ഷാക് ഹാമലിന്റെ ഓർമ്മ അൾത്താരയിലുള്ള ക്രിസ്തുവിന്റെ രക്തസാക്ഷിത്വത്തെയാണ് എന്നിൽ ഉണർത്തുക.

തനിക്ക് വരാൻ പോകുന്ന ദുരന്തം മുമ്പിൽ ദർശിച്ച വിഷമകരമായ സമയത്തും, തന്നെ കൊല ചെയ്യുന്ന വ്യക്തിയെ വ്യക്തമായി കുറ്റപ്പെടുത്തി കൊണ്ട് അദ്ദേഹം പറഞ്ഞു, “സാത്താനേ ദൂരെ പോവുക ” .

യേശുവിനെ തള്ളിപ്പറയാതിരിക്കാൻ അദ്ദേഹം തന്റെ ജീവൻ കൊടുത്തു, യേശു കുരിശിൽ ജീവൻ അർപ്പിച്ചതു പോലെ അൾത്താരയിൽ ഫാ. ഹാമലും ജീവൻ നൽകി. അവിടെ നിന്ന് പീഡനത്തിന്റെ സൃഷ്ടാവിനെ കുറ്റപ്പെടുത്തി :  “സാത്താനേ, ദൂരെ പോവുക ”

ഫാ. ഷാക് ഹാമലിന്റെ രക്തസാക്ഷിത്വത്തിനുള്ള ധൈര്യവും, മറ്റുള്ളവരെ സഹായിക്കാനുള്ള സന്മനസ്സും ഭയം കൂടാതെ മുമ്പോട്ടു പോകാൻ നമ്മെ സഹായിക്കട്ടെ. നമ്മുക്ക് പ്രാർത്ഥിക്കാം അവൻ ഒരു രക്തസാക്ഷിയാണ്, രക്തസാക്ഷികൾ അനുഗ്രഹീതരാണ്… സാഹോദര്യവും, എളിമയും, സമാധാനവും , സത്യം (ദൈവത്തിന്റെ നാമത്തിലുള്ള കൊലപാതകം പൈശാചികം ) തുറന്നു പറയാനുള്ള ധൈര്യവും ഫാ. ഷാക് നമ്മുക്ക് നൽകുന്നു.

ഫാ. ഷാക് ഹാമലിനു വേണ്ടി ഫ്രാൻസീസ് പാപ്പാ ഇന്നർപ്പിച്ച (സെപ്റ്റംബർ 14, 2016) പ്രഭാത ബലിയിൽ നടത്തിയ സുവിശേഷ സന്ദേശത്തിന്റെ സ്വതന്ത്ര വിവർത്തനം.

ഫാ: ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.