ദൈവം നമ്മുടെ നിലവിളി കേള്‍ക്കുന്നവനാണ്

Vatican Pope

വീക്കിലി ജനറല്‍ ഓഡിയന്‍സ്

കരുണയുടെ വര്‍ഷത്തിലൂടെയാണ്  നാം കടന്നുപോകുന്നത്. ദൈവസ്‌നേഹത്തില്‍ അധിഷ്ഠിതമായിരിക്കണം ഇനിയുള്ള നമ്മുടെ പ്രവര്‍ത്തനങ്ങളോരോന്നും. അവിടുന്ന് തെരഞ്ഞെടുക്കപ്പെട്ടവരിലൂടെയാണ് തന്റെ സുവിശേഷം ലോകമെങ്ങുമെത്തിക്കുന്നത്. ഇസ്രയേല്‍ ജനത്തോട് അവിടുന്ന് കാണിച്ച കാരുണ്യം തിരുവെഴുത്തുകളില്‍ നാം വായിക്കുന്നുണ്ട്. അവിടുത്തെ കാരുണ്യം അബ്രാഹാമില്‍ നിന്ന് ആരംഭിക്കുന്നു. ഈജിപ്തില്‍  നിന്ന് പലായനം ചെയ്യപ്പെടേണ്ടി വരുന്ന ജനത ദൈവത്തിന്റെ സ്‌നേഹത്തിലും കരുണയിലുമാണ് ആശ്രയിക്കുന്നത്. ആ രാജ്യത്ത് നിന്ന് പുറപ്പെടുമ്പോള്‍ മുതല്‍ ദൈവത്തിന്റെ കരുതലും കാരുണ്യവും അവര്‍ക്കൊപ്പമുണ്ടായിരുന്നു.

എല്ലാക്കാലത്തും അടിച്ചമര്‍ത്തപ്പെട്ടവന്റെയും ഒറ്റപ്പെട്ടവന്റെയും നിലവിളി കേള്‍ക്കുന്നവനാണ് ദൈവം.തന്റെ ദയയും രക്ഷയും അവരെ അറിയിക്കാന്‍ അവിടുന്ന് തെരെഞ്ഞെടുത്തത് മോശയെയാണ്.മോശയിലൂടെ ദൈവം ഈജിപ്തിലെ ജനതയോട് സംസാരിച്ചു. ചെങ്കടല്‍ പകുത്ത് അവരെ രക്ഷിച്ചു. അവിടുന്ന് അവരെ നയിച്ചത് രക്ഷയുടെ ഉടമ്പടി വഴിയാണ്. വിശുദ്ധ ജനവും പുരോഹിതരുടെ രാജ്യവും  എന്ന് അവരെ വിശേഷിപ്പിച്ചു. ദൈവത്തിന്റെ മുന്നില്‍ ഏറ്റവും വിലപ്പെട്ടവരായി ഈജിപ്ത്യന്‍ ജനത പരിഗണിക്കപ്പെട്ടു. തന്റെ പുത്രനെ ലോകത്തിന് നല്‍കിയാണ് ദൈവം തന്റെ ജനത്തെ സ്‌നേഹിച്ചത്. തന്റെ രക്തത്താല്‍ അവന്‍ നമുക്ക് ഒരു പുതിയ ഉടമ്പടി നല്‍കി. തന്റെ പുത്രനെ അയച്ചതിലൂടെ ദൈവം വളരെ വിലപ്പെട്ട ഒരു സമ്മാനമാണ് ലോകത്തിന് നല്‍കിയത്. നമ്മുടെ പാപങ്ങള്‍ ക്ഷമിച്ച് പുതിയ രക്ഷയിലേക്ക് നമ്മെ നയിക്കുകയും ചെയ്തു. പിതാവായ ദൈവത്തിന്റെ സ്‌നേഹവും കരുതലും നാം അറിയുന്നതിന് വേണ്ടിയാണ് അവിടുന്ന് ഇപ്രകാരം പ്രവര്‍ത്തിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.