തിരുശേഷിപ്പ് വണക്കം

കത്തോലിക്കർ എന്തുകൊണ്ടാണ് വിശുദ്ധരുടെ തിരുശേഷിപ്പുകൾ വണങ്ങുകയും അവരുടെ പൂജ്യാവശിഷ്ടങ്ങൾ അമൂല്യമായി കരുതി ബഹുമാനിക്കുന്നതും. വിഗ്രഹരാധനയെ ദൈവം പഴയ നിയമ കാലം മുതൽ ദൈവം വെറുക്കുന്നതല്ല?കത്തോലിക്കാ സഭ ശരിക്കും തിരുശേഷിപ്പ് വണക്കത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ? കത്തോലിക്കരും അകത്തോലിക്കരുമായ നിരവധി വിശ്വസികളെ അലട്ടുന്ന ഒരു സംശയമാണിത്.

എന്താണ് തിരുശേഷിപ്പുകൾ
വളരെ ലളിതമായി പറഞ്ഞാൽ വിശുദ്ധരുടെയോ വിശുദ്ധരുമായി ബന്ധമുള്ളതോ ആയ ഭൗതിക വസ്തുക്കളെയാണ് തിരുശേഷിപ്പായി കണക്കാക്കുന്നത്. തിരുശേഷിപ്പുകളെ സാധാരണയായി മൂന്നായി തരം തിരിച്ചിരിക്കുന്നു.

1. വിശുദ്ധരുടെ ഭൗതീക ശരീരത്തിന്റെ പൂജ്യാവശിഷ്ടങ്ങൾ, അതായത് അവരുടെ ശരീരത്തിലെ എല്ലുകൾ, രക്തം തലയോട്ടി അല്ലങ്കിൽ അവരുടെ അഴുകാത്ത ശരീരം.
2. വിശുദ്ധർ നിരന്തരം ഉപയോഗിച്ചുകൊണ്ടിരിന്ന വസ്തുക്കൾ ഉദാഹരണത്തിന് അവരുടെ വസ്ത്രങ്ങൾ പുസ്തകങ്ങൾ, അവർ താമസിച്ചിരുന്ന മുറി, മേശ,കസേര,പാത്രങ്ങൾ തുടങ്ങിയവ രണ്ടാം ഗണത്തിൽ പെടുന്നു.
3. ഒന്നും രണ്ടും വിഭാഗത്തിലെ തിരുശേഷിപ്പുകളെ സ്പർശിച്ചതാ അഥവാ സമ്പർക്കത്തിലായിരുന്നതോ ആയ വസ്തുക്കളെ തിരുശേഷിപ്പുകളുടെ മൂന്നാം ഗണത്തിൽ പെടുത്താം.

വിശുദ്ധരുടെ തിരുശേഷിപ്പുകളെ സംരക്ഷിക്കുന്നതിലും പൂജ്യമായി പരിപാലിക്കുന്നതിലും ബഹുമാനിക്കുന്നതിലും കത്തോലിക്കാ സഭ എന്നും ശ്രദ്ധ ചെലുത്തിയിരുന്നു. ദൈവകൃപ തിരുശേഷിപ്പുകളിലൂടെ വിശ്വാസികളിലേക്ക് പ്രവഹിക്കുന്നതായി സഭ പഠിപ്പിക്കുന്നു.

വിശുദ്ധ ഗ്രന്ഥ അടിസ്ഥാനം
വിശുദ്ധ പിതാക്കന്മാരുമായി ബന്ധപ്പെട്ട ഭൗതിക വസ്തുക്കളുടെ ഉപയോഗം പഴയ നിയമകാലഘട്ടത്തിലേക്ക് നമ്മെ തിരികെ കൊണ്ടു പോകുന്നു. രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തിൽ ഇതിനനുബന്ധമായ ഒരു സംഭവം വിവരിക്കുന്നുണ്ട്. ”എലീഷാ മരിച്ചു. അവർ അവനെ സംസ്കരിച്ചു. വസന്ത കാലത്ത് മൊവാബ്യർ കൂട്ടമായി വന്നു ദേശം ആക്രമിച്ചു. ഒരുവനെ സംസ്കരിക്കാൻ കെന്നു പോകുമ്പോൾ അക്രമിസംഘത്തെ കണ്ട് അവർ ജഡം എലീഷായുടെ കല്ലറയിലേക്ക് എറിഞ്ഞു. എലീഷായുടെ അസ്ഥികളെ സ്പർശിച്ചപ്പോൾ ജഡം ജീവൻ പ്രാപിച്ച് എഴുന്നേറ്റു നിന്നു.”

ഈശോയുടെ മേലങ്കി സൗഖ്യം നൽകുന്നതിനെപ്പറ്റി പുതിയ നിയമത്തിൽ നാം കാണുന്നു. മർക്കോസിന്റെ സുവിശേഷത്തിൽ രക്തസ്രാവക്കാരി ഈശോയുടെ വസ്ത്രത്തിൽ സ്പർശിച്ചപ്പോൾ സുഖപ്പെട്ടതായി സാക്ഷ്യപ്പെടുത്തന്നു. ”അവൾ യേശുവിനെക്കുറിച്ച്‌ കേട്ടിരുന്നു ജനക്കൂട്ടത്തിനിടയിലൂടെ അവൾ അവന്റെ പിന്നിൽ ചെന്ന് വസ്ത്രത്തിൽ സ്പർശിച്ചു. അവന്റെ വസ്ത്രത്തിൽ ഒന്നു തൊട്ടാൽ മാത്രം മതി ഞാൻ സുഖം പ്രാപിക്കും എന്ന് അവൾ വിചാരിച്ചിരുന്നു” മർക്കോ: 5:27-29.

അപ്പസ്തോലന്മാരുടെ ജീവിതത്തിലും ഇത്തരം സംഭവങ്ങൾ നടന്നതായി നാം വായിക്കുന്നുണ്ട്.

വിശുദ്ധരുടെ തിരുശേഷിപ്പുകൾക്ക് ശക്തിയുണ്ടോ?
തിരുസഭ തിരുശേഷിപ്പുകളെ ബഹുമാനിക്കുന്നതും വണങ്ങുന്നതും പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ സൗഖ്യവും ശാന്തിയും നൽകുന്നത് തിരുശേഷിപ്പുകളല്ല മറിച്ച് അനുഗ്രഹങ്ങളുടെ ദാതാവായ ദൈവമാണന്നു പഠിപ്പിക്കുന്നു. മാനുഷിക രീതിയിൽ ചിന്തിച്ചാൽത്തന്നെ ഒരു പൂജ്യാവശിഷ്ടത്തിന് ഒരിക്കലും മാരകമായ ഒരു കാൻസർ രോഗം സൗഖ്യമാക്കാൻ സാധിക്കത്തില്ല. എന്നിരുന്നാലും ദൈവത്തിന് തന്നെ വിശുദ്ധരുടെ തിരുശേഷിപ്പുകളിലൂടെ അത്ഭുതങ്ങൾ ചെയ്യാൻ സാധിക്കും രക്തസ്രാവക്കാരിയുടെ രോഗം യേശുവിന്റെ വസ്ത്രത്തിൽ സ്പർശിച്ച് സൗഖ്യം നേടിയതുപോലെ. ആയതിനാൽ തിരുശേഷിപ്പുകളെ ദൈവീക ശക്തിയുടെ ശക്തമായ മാർഗ്ഗങ്ങളായി ഉപകരണങ്ങളായി മനസ്സിലാക്കാം. ദൈവത്തിങ്കലേക്ക് ആത്മാവിനെയും ശരീരത്തെയും ഉയർത്തുകയും ഉണർത്തുകയും ചെയ്യുന്ന ചാലക ശക്തികളാണ് അവ.

സഭ എപ്പോഴും തിരുശേഷിപ്പ് വണക്കത്തെ പ്രോത്സാഹിപ്പിച്ചട്ടുണ്ടോ?
സഭ അതിന്റെ പ്രാരംഭ കാലം മുതൽ വിശുദ്ധരുടെ തിരുശേഷിപ്പു വണക്കത്തെ പ്രോത്സാഹിപ്പിച്ചിരുന്നതായി സഭാ ചരിത്രത്തിൽ നമുക്ക് കാണാം. AD 156 ൽ വി. പോളികാർപ്പിന്റെ രക്തസാക്ഷിത്വത്തിനു ശേഷം എഴുതിയ ഒരു കത്തിൽ വിശ്വാസികൾ എത്ര പൂജ്യതയോടെയാണ് വിശുദ്ധന്റെ ഭൗതിക ശരീരത്തെ സംരക്ഷിച്ചത് എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. “വൈഡ്യൂരത്തെക്കാളും പരിശുദ്ധ സ്വർണ്ണത്തേക്കാളും അമൂല്യമായ വിശുദ്ധന്റെ എല്ലുകൾ ശേഖരിക്കകയും സന്തോഷത്തോട്ടം ആത്മനിർവൃതിയോടും കൂടി വിശുദ്ധന്റെ രക്തസാക്ഷിത്വത്തിന്റെ ഓർമ്മ ദിനം ആംഘോഷിക്കുവാൻ കർത്താവ് ഞങ്ങൾക്കായി ഒരുക്കിയിരിക്കുന്ന അനുയോജ്യമായ സ്ഥലത്ത് അവ അടക്കം ചെയ്യുകയും ചെയ്തു “എന്നു രേഖപ്പെടുത്തിയിട്ടുണ്ട്.

റീപാരിയൂസിനെഴുതിയ കത്തിൽ വി. ജറോം വിശുദ്ധരുടെ തിരുശേഷിപ്പിനെ ബഹുമാനിക്കുന്നതിനെ അനുകൂലിച്ച് എഴുതിയിരിക്കുന്നു. ”സ്രഷ്ടാവായ ദൈവത്തെക്കാൾ ഉപരിയായി ഞങ്ങൾ മറ്റു വ്യക്തികളെയോ വസ്തുക്കളെയോ ആരാധിക്കുവോ ഭയപ്പെടുകയോ ചെയ്യുന്നില്ല. മറിച്ച് രക്തസാക്ഷികളുടെ തിരുശേഷിപ്പിനെ ഞങ്ങൾ ബഹുമാനിക്കുന്നു ആദരിക്കുന്നു. കാരണം ആരുടെ രക്തസാക്ഷികളാണോ അവർ അവന് കൂടുതൽ ഉചിതമായ ആരാധന കൊടുക്കാൻ
ഭക്ത കൃത്യങ്ങളെക്കുറിച്ചുള്ള ഡയറിക്ടറിയിൽ സഭ ആമൂല്യമായ ഈ പാരമ്പര്യത്തെ അംഗീകരിച്ചു കൊണ്ട് പഠിപ്പിക്കുന്നു.

“വിശുദ്ധരെ സഭയിൽ ബഹുമാനിക്കുന്ന പാരമ്പര്യവും അവരുടെ യഥാർത്ഥ തിരുശേഷിപ്പുകളും ചിത്രങ്ങളും വണങ്ങുന്നതും രണ്ടാം വത്തിക്കാൻ കൗൺസിൽ ഓർമ്മിപ്പിക്കുന്നു. വിവിധ രീതിയിലുള്ള തിരുശേഷിപ്പുവണങ്ങലുകൾ (ഉദാഹരണത്തിന് തിരുശേഷിപ്പുകളിലുള്ള ചുംബനം, പ്രദിക്ഷണത്തിനുള്ള -വിശുദ്ധരുടെ രൂപങ്ങൾ അലങ്കാരങ്ങൾ, പുഷ്പങ്ങൾ, രോഗികളുടെയും മരണാസന്നരുടെയും വീടുകളിലേക്ക് വിശുദ്ധരുടെ തിരുശേഷിപ്പുകൾ വഹിക്കുന്നത്) വലിയ ബഹുമാനത്തോട്ടം വിശ്വാസത്തോടും ഗൗരവ്വത്തോട്ടംകൂടി അനുഷ്ഠിക്കണമെന്ന് സഭ ഉദ്ബോധിപ്പിക്കുന്നു.”

വിശുദ്ധരുടെ തിരുശേഷിപ്പുകൾ ഇന്നലകളിൽ വിശുദ്ധരായിരുന്ന വരിലേക്ക് നമ്മുടെ ജീവിതം കൂടുതൽ അടുപ്പിക്കുകയും, ദൈവം അതുവഴി വിശ്വാസികളിലേക്ക് പ്രത്യേകമായ കൃപകൾ -വർഷിക്കുകയും ചെയ്യുന്നു. വിശുദ്ധരുടെ -തിരുശേഷിപ്പുകള ഒരിക്കലും ആരാധിക്കരുത്. അവർ ദൈവത്തിന് ആരാധന അർപ്പിക്കാനുള്ള മാർഗ്ഗങ്ങൾ മാത്രമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.