ഡെമസ്ട്രിയസ് ആന്‍ഡ് ദ ഗ്ലാഡിയേറ്റര്‍ – 1954

‘ദ റോബ്’ എന്ന ചലച്ചിത്രത്തിന്റെ അനുബന്ധമായി 1954 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ഡെമസ്ട്രിയസ് ആന്‍ഡ് ദ ഗ്ലാഡിയേറ്റര്‍’. ഡെല്‍മര്‍ ദവസ് സംവിധാനം നിര്‍വ്വഹിച്ച് ഫ്രാങ്ക് റോസ് നിര്‍മ്മിച്ച്, ഫിലിപ്പ് ഡണ്‍ തിരക്കഥ എഴുതിയ ചിത്രത്തില്‍ ഡെമസ്ട്രിയസ് എന്ന ടൈറ്റില്‍ റോള്‍ സുന്ദരമാക്കിയിരിക്കുന്നത് വിക്ടര്‍ മാഷറാണ്. ‘ടെമസ്ട്രിയസ് ആന്‍ഡ് ദ ഗ്ലാഡിയേറ്റര്‍’ എന്ന ചിത്രം സാമ്പത്തികമായി വന്‍ നേട്ടമുണ്ടാക്കിയ ചിത്രമായിരുന്നു. രണ്ട്  മില്യന്‍ ഡോളറില്‍ നിര്‍മ്മിച്ച ചിത്രം ആദ്യ പ്രദര്‍ശനത്തിനെത്തിയ ആദ്യ ആഴ്ച തന്നെ അമേരിക്കയിലെ ഏറ്റവും കൂടുതല്‍ ലാഭം കൊയ്ത സിനിമാപട്ടികയില്‍ സ്ഥാനമുറപ്പിച്ച് കഴിഞ്ഞിരുന്നു.

സിനിമ ആരംഭിക്കുന്നത് മുന്‍ ഭാഗത്തിലെ സുപ്രധാന രംഗവുമായാണ്. കേന്ദ്രകഥാപാത്രങ്ങളായ മാഴ്‌സലസ്സിനെയും ഡയാനയെയും ക്രിസ്തീയ വിശ്വാസങ്ങള്‍ പിന്‍തുടര്‍ന്നതിന്റെ പേരില്‍ കലിഗുല  ചക്രവര്‍ത്തിയുടെ വിധി പ്രകാരം വധശിക്ഷയ്‌ക്കൊരുങ്ങുന്ന രംഗമാണത്. ശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായി ഡയാന തന്റെ കയ്യിലുണ്ടായിരുന്ന ക്രിസ്തുവിന്റെ പുറംകുപ്പായം മാഴ്‌സലസിന്റെ ഭൃത്യന്‍ മാര്‍സിപറിന് നല്‍കുന്നു. ഒപ്പം ‘വലിയ മുക്കുവന് നല്‍കൂ’ എന്നും പറയുന്നു. അപ്പസ്‌തോലനാകുന്നതിനു മുന്‍പ് പീറ്റര്‍ ഒരു മുക്കുവനായിരുന്നു.

യേശുവിന്റെ കുരിശു മരണത്തിനു സാക്ഷ്യം വഹിച്ച് അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ക്രിസ്തുമതം സ്വീകരിച്ച ആളായിരുന്നു ഡെമസ്ട്രിയസ്. അതിനാല്‍ ജയിലിലേക്ക് പോകേണ്ടി വരുന്ന ടെമസ്ട്രിയസ് കലിഗുല എന്ന ദുഷ്ടനായ ചക്രവര്‍ത്തിയുടെ മല്ലയുദ്ധക്കാരുടെ പഠനശാലയില്‍ ചേരാന്‍ നിര്‍ബന്ധിതനാവുകയും കലിയുഗയുടെ ഭാര്യ മസ്സലീന അദ്ദേഹത്തില്‍ ആകൃഷ്ടമാവുകയും ചെയ്യുന്നു. വിശ്വാസങ്ങളെല്ലാം നഷ്ടമാകും എന്ന അവസ്ഥയില്‍ എത്തിച്ചേരുന്ന ഡെമസ്ട്രിയസിന്റെ രക്ഷകനായി അപ്പസ്‌തോലനായ പീറ്റര്‍ എത്തുന്നു. ഒടുവില്‍ ഡെമസ്ട്രിയസും മറ്റ് മല്ലയുദ്ധക്കാരും അവിടെ നിന്നും രക്ഷ പ്രാപിക്കുന്നു. 20 ദ് സെഞ്ച്വറി ഫോക്‌സ് ആണ് ചിത്രം തിയേറ്ററുകളിലെത്തിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.