ജനലരികിൽ ഈശോ നിൽക്കുന്നു: കുമ്പസാരത്തെക്കുറിച്ചു മനോഹരമായ ഒരു വിവരണം  

ജീനയും ജിൻസും അവധിക്കാലം ആഘോഷിക്കുവാൻ ഇത്തവണ വല്യപ്പച്ചന്റെ വീട്ടിലെത്തി. തുടക്കം മുതലേ ജിൻസ് വലുതും ചെറുതുമായ കുസൃതികളൊക്കെ ഒപ്പിച്ചു കളിച്ചു നടന്നു. അതിനടയിൽ ആണ് വല്യമ്മച്ചി അവനൊരു തെറ്റാലി കൊടുത്തത്. ആ തെറ്റാലിയുമായി അവൻ കുറെ കറങ്ങി നടന്നു. കുറെ ഉന്നം പിടിച്ചു ,ഒന്നും കൃത്യമായില്ല. അങ്ങനെ കളിച്ചു തിരിച്ചു വരുമ്പോഴാണ് വല്യമ്മച്ചിയുടെ ഏറ്റവും പ്രിയപ്പെട്ട താറാവിനെ കാണുന്നത് .തല നോക്കി തന്നെ ഉന്നം പിടിച്ചു. വളരെ കൃത്യം. ആ താറാവ് ചത്ത് പോയി. പെട്ടെന്നുള്ള പേടി കാരണം അവൻ ആ താറാവിനെ എടുത്തു തൊട്ടടുത്തുള്ള കുറ്റി കാട്ടിൽ ഒളിപ്പിച്ചു.

എല്ലാം കഴിഞ്ഞു തിരിച്ചു കയറി വന്നപ്പോൾ എല്ലാം കണ്ടു കൊണ്ട് നിൽക്കുന്ന ചേച്ചി ജീനയെ കണ്ടു . അവൾ ഒന്നും പറയാതെ കയറിപ്പോയി.

സമയം ഉച്ചയായി, എല്ലാവരും ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ വല്യമ്മച്ചി ജീനയോടു പറഞ്ഞു, ജീനേ, ഈ പാത്രങ്ങൾ എല്ലാം കഴുകി വെച്ചിട്ടു കളിക്കുവാൻ പോകാം. ഉടൻ തന്നെ ജീന പറഞ്ഞു അമ്മച്ചി, ജിന്സിനു പത്രം കഴുകാനൊക്കെ വലിയ ഇഷ്ടമാണ്. അവൻ ഇപ്പോൾ കൂടി അമ്മച്ചിയെ സഹായിക്കണം എന്ന് പറഞ്ഞതെ ഉള്ളുയെന്നു. എന്നിട്ടു തിരിഞ്ഞു തന്റെ അനിയന്റെ ചെവിയിൽ പറഞ്ഞു താറാവിനെ ഓർക്കുന്നില്ലേ? താൻ താറാവിനെ കൊല്ലുന്നത് ചേച്ചി കണ്ടത് കൊണ്ട് ഭയന്ന് അവൻ ഒന്നും പറയാതെ അനുസരിച്ചു.

വൈകുന്നേരമായി, വല്യപ്പച്ചൻ കുട്ടികളെ വിളിച്ചിട്ടു പുഴയിൽ മീൻ പിടിക്കുവാൻ കൊണ്ട് പോകാം എന്ന് പറഞ്ഞു. എന്നാൽ അമ്മച്ചി പറഞ്ഞു ജീനിയിവിടെ നിൽക്കട്ടെ, എനിക്ക് ഒരു സഹായമാകും  വല്യപ്പച്ചൻ സമ്മതിക്കുകയും ചെയ്തു. എന്നാലുടൻ ജീന പറഞ്ഞു അമ്മച്ചി, ജിൻസിനാണ് അത്താഴം ഒരുക്കുവാനും അമ്മച്ചിയെ സഹായിക്കുവാനുമൊക്കെ ഇഷ്ടം, അവനു മീൻ പിടിക്കുവാൻ വരുന്നത് ഇഷ്ടമില്ലയെന്നു. എന്നിട്ടു അവൾ വീണ്ടു അവന്റെ ചെവിയിൽ പറഞ്ഞു താറാവ്.  അവൻ അതും അനുസരിച്ചു.

അങ്ങനെ ദിവസങ്ങൾ കടന്നു പോയി. ജീനയെ ഭയന്ന് അവൾ പറയുന്നതെല്ലാം അവൻ അനുസരിച്ചു. ചേച്ചിയുടെയും തന്റെയും ജോലികൾ ചെയ്തു ക്ഷീണിച്ച ഒരു ദിവസം അവൻ എല്ലാം തുറന്നു പറയുവാൻ തീരുമാനിച്ചു.

അവൻ വല്യമ്മച്ചിയുടെ അടുത്ത് ചെന്ന് കരഞ്ഞു കൊണ്ട് താൻ താറാവിനെ കൊന്ന കാര്യം മുഴുവൻ പറഞ്ഞു. വല്യമ്മച്ചി അവനെ കെട്ടി പിടിച്ചു, നിറുകയിൽ ഒരുമ്മയൊക്കെ കൊടുത്തിട്ടു പറഞ്ഞു; മോനെ, എനിക്കറിയാം. ഞാൻ ജനലരികിൽ നിൽക്കുന്നുണ്ടായിരുന്നു. എല്ലാം കാണുന്നുണ്ടായിരുന്നു. എന്നാൽ ഞാൻ നിന്നെ സ്നേഹിക്കുന്നത് കൊണ്ട് ഞാൻ നിന്നോട് ക്ഷെമിച്ചിരുന്നു. ജീന നിന്നെ അവളുടെ ജോലിക്കാരനായി മാറ്റിയതിനെ കുറിച്ച് ഞാൻ അതുഭുതപ്പെടുകയായിരിന്നു.

നീ ചെയ്ത എല്ലാ തിന്മകളും പാപങ്ങളും വീണ്ടും വീണ്ടും ശത്രു (പിശാച്) നിന്റെ ചെവികളിൽ മന്ത്രിക്കുമ്പോൾ, നിന്റെ കണ്മുമ്പിലേയ്ക്ക് വീണ്ടും കൊണ്ടുവരുമ്പോൾ നീ ഒന്നറിയുക ജനാലയ്ക്കു അരികിൽ എല്ലാം കണ്ടു കൊണ്ട് ഈശോ നിൽക്കുന്നുണ്ട്. അവൻ എല്ലാം കാണുന്നുണ്ട്, അറിയുന്നുണ്ട്. അവൻ ക്ഷെമിക്കുക മാത്രമല്ല ചെയ്യുന്നത് മറക്കുകയും ചെയ്യുന്നു. അവയെല്ലാം അവൻ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ചെറിയുന്നു.

അതിനാൽ പിശാചിന് അടിമപ്പെടാതെ നിന്റെ കുറവുകൾ നിന്നെ സ്നേഹിക്കുന്ന നിന്നെ അറിയുന്ന കർത്താവിനോടു ഏറ്റുപറയുക. അടിമത്വത്തിന്റെ ആത്മാവിനെയല്ല, പുത്രാ സ്വീകരണത്തിന്റെ ആത്മാവിനെയാണ് അവൻ നമ്മുക്ക് നൽകിയിരിക്കുന്നത്.

സങ്കീർത്തകൻ ഇങ്ങനെ പഠിപ്പിക്കുന്നു. “എന്റെ പാപം അവിടുത്തോടു ഞാന്‍ ഏറ്റു പറഞ്ഞു; എന്റെ അകൃത്യം ഞാന്‍ മറച്ചുവച്ചില്ല; എന്റെ അതിക്രമങ്ങള്‍ കര്‍ത്താവിനോടു ഞാന്‍ ഏറ്റുപറയും എന്നു ഞാന്‍ പറഞ്ഞു; അപ്പോള്‍ എന്റെപാപം അവിടുന്നു ക്‌ഷമിച്ചു”. (സങ്കീര്‍ത്തനങ്ങള്‍ 32:5).

വീണ്ടും, “കര്‍ത്താവാണു നിന്റെ കാവല്‍ക്കാരന്‍; നിനക്കു തണലേകാന്‍ അവിടുന്നു നിന്റെവലത്തുഭാഗത്തുണ്ട്‌.കര്‍ ത്താവു നിന്റെ വ്യാപാരങ്ങളെ ഇന്നുമെന്നേക്കും കാത്തുകൊള്ളും.” (സങ്കീര്‍ത്തനങ്ങള്‍ 121:5 ,8).

ജെ. അല്‍ഫോന്‍സാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.