വഴിയരികിൽ കാത്തുനിൽക്കുന്ന ദൈവം

ഫ്രാൻസീസ് പാപ്പായുടെ സെപ്റ്റംബർ 11 ഞായറാഴ്ചയിലെ ആഞ്ചലൂസ് സന്ദേശം. ലൂക്കായുടെ സുവിശേഷം പതിനഞ്ചാം അധ്യായത്തിലെ മൂന്ന് ഉപമകളെ അടിസ്ഥാനമാക്കിയാണ് മാർപാപ്പാ പ്രഭാഷണം നടത്തിയത്.

ഇന്നേദിവസത്തെ ഉപമകളിലൂടെ ഓരോ പാപിയുടെ തീരിച്ചുവരവിൽ സന്തോഷിക്കുന്ന പിതാവായ ദൈവത്തിന്റെ കാരുണ്യം നിറഞ്ഞ സ്നേഹം, യേശു നമ്മുക്ക് കാണിച്ചുതരുന്നു. ഇന്നത്തെ സുവിശേഷ സന്ദേശം നമ്മുക്ക് വലിയ പ്രതീക്ഷയും സന്തേഷവും നൽകുന്നു. അതിനെ നമ്മുക്ക് ഇപ്രകാരം സംഗ്രഹിക്കാം: ദൈവകൃപയാൽ, പാപത്തിൽ വീണുപോയാലും നമ്മുക്ക് എഴുന്നേൽക്കാൻ കഴിയും, എഴുന്നേൽക്കാൻ സാധിക്കാത്തതതായ ഒരു വ്യക്തിപോലുമില്ല.

ക്രിസ്തു മൂന്ന് ഉപമകളിലൂടെയാണ് ഇന്ന് നമ്മളോട് സംസാരിക്കുന്നത് , 99 ആടുകളെ മരുഭൂമിയിൽ വിട്ട് കാണാതായ ഒരാടിനെ അന്വേഷിച്ചു പോയ ഇടയൻ, കാണാതായ നാണയത്തിനു വേണ്ടി തിരച്ചിൽ നടത്തുന്ന സ്ത്രീ, പിന്നെ ധൂർത്ത പുത്രന്റെ ഉപമ. “അവൻ പാപികളെ സ്വീകരിക്കുകയും അവരോടുകൂടെ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു ” എന്ന ക്രിസ്തുവിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച ഫരിസേയർക്കും നിയമജ്ഞന്മാർക്കും ഒരു ഉത്തരമായാണ് ക്രിസ്തു ഈ ഉപമകൾ പറഞ്ഞത്.

ഈ ഉപമകളിലൂടെ ദൈവത്തിന്റെ ഹൃദയമാണ് യേശു തുറന്നു കാണിക്കുന്നത്.

നഷ്ടപ്പെട്ട ആടുമായി വീട്ടിലെത്തുന്ന ഇടയൻ കൂട്ടുകാരെയും അയൽക്കാരെയും വിളിച്ചു കൂട്ടിപ്പറഞ്ഞു “നിങ്ങൾ എന്നോടുകൂടെ സന്തോഷിക്കുവിൻ, എന്റെ നഷ്ടപ്പെട്ട ആടിനെ കണ്ടു കിട്ടിയിരിക്കുന്നു.” (ലൂക്കാ 15: 6). നഷ്ടപ്പെട്ട നാണയം വീണ്ടു കിട്ടിയപ്പോൾ സ്ത്രി കൂട്ടുകാരും അയൽക്കാരെയും വിളിച്ചു കൂട്ടിപ്പറഞ്ഞു “നിങ്ങൾ എന്നോടുകൂടെ സന്തോഷിക്കുവിൻ.എന്റെ നഷ്ടപ്പെട്ട നാണയം കണ്ടു കിട്ടിയിരിക്കുന്നു” ( ലൂക്കാ 15: 9), ധൂർത്തനായ മകൻ തിരിച്ചു വന്നപ്പോൾ പിതാവ് മുത്ത മകനോട് പറഞ്ഞു, “ഇപ്പോൾ നമ്മൾ ആനന്ദിക്കുകയും ആഹ്ലാദിക്കുകയും വേണം. എന്തെന്നാൽ, നിന്റെ ഈ സഹോദരൻ മൃതനായിരുന്നു, അവനിപ്പോൾ ജീവിക്കുന്നു. നഷ്ടപ്പെട്ടിരുന്നു ഇപ്പോൾ കണ്ടു കിട്ടിയിരിക്കുന്നു.” (ലൂക്കാ: 15:32).

ഈ മൂന്നു കഥകളിലൂടെയും യേശുവിന്, പിതാവായ ദൈവമാണ് പാപികളെ എറ്റവും ആദ്യം സ്വീകരിക്കുന്നത് എന്ന യാഥാർത്ഥ്യം മനസ്സിലാക്കിത്തരണമായിരുന്നു. .
ഫ്രാൻസീസ് പാപ്പായുടെ അഭിപ്രായത്തിൽ ധൂർത്ത പുത്രന്റെ ഉപമയിൽ ഏറ്റവും അതിശയിപ്പിക്കുന്ന കാര്യം ഇളയ പുത്രൻ പിതാവിനെ ഉപേക്ഷിച്ചു പോയി പാപത്തിൽ വീണു എന്നതല്ല, മറിച്ച് “ഞാൻ എഴുന്നേറ്റ് പിതാവിന്റെ അടുക്കലേക്ക് പോകും” എന്ന അവന്റെ തീരുമാനമായിരുന്നു.

വീട്ടിലേക്കുള്ള മടക്കവഴി പ്രതീക്ഷയുടെയും പുതു ജീവന്റെയും വഴിയാണ്. നമ്മളോട് ക്ഷമിക്കാനായി ദൈവം വഴിയരികിൽ കാത്തുനിൽക്കുന്നു, ക്ഷമയോടെ കാത്തിരിക്കുന്നു, ദുരെ ആയിരിക്കുമ്പോഴെ നമ്മളെ കാണുന്ന പിതാവ്, നമ്മുടെ അടുത്തേക്ക് ഓടിവന്ന്, കെട്ടിപ്പിടിച്ച്, നമ്മളോട് ക്ഷമിക്കുന്നു. ദൈവം ഇങ്ങനെയാണ്, നമ്മുടെ പിതാവ് ഇങ്ങനെയാണ്. അവന്റെ ക്ഷമ നമ്മുടെ ഭൂതകാലം മായ്ച്ചു കളഞ്ഞ്, ദൈവസ്നേഹത്തിന്റെ പുതിയ ചൈതന്യം നമ്മിൽ ഉണർത്തുന്നു.
നമ്മൾ പാപികൾ മാനസാന്തരപ്പെടുമ്പോൾ നമ്മളെ കാത്തിരിക്കുന്ന ദൈവം കുറ്റപ്പെടുത്തുന്നവനോ, കഠിനഹൃദയനോ അല്ല. നമ്മെ രക്ഷിച്ച് ഭവനത്തിൽ ഒരുമിച്ചുകൂട്ടി സന്തോഷിക്കുന്ന ദൈവം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.