കഫര്‍ണാം

യേശുവിന്റെ നഗരം എന്നാണ് കഫര്‍ണാമിന്റെ വിളിപ്പേര്. ഗലീലി കടലിന്റെ തീരത്താണ് കഫര്‍ണാം സ്ഥിതി ചെയ്യുന്നത്. യേശു മുപ്പതാമത്തെ വയസ്സില്‍ തന്റെ പരസ്യജീവിതം ആരംഭിക്കുന്ന സമയത്ത് കഫര്‍ണാം വളര്‍ന്നു തുടങ്ങുന്ന ഒരു ചെറിയ പട്ടണമായിരുന്നു.

ഈ നഗരം പുതിയ നിയമത്തില്‍ പരാമര്‍ശിക്കപ്പെടുന്നത് അതിന്റെ വളരെ ബൃഹത്തായ ചരിത്രവും പാരമ്പര്യവും കൊണ്ടാണ്. ജന്മദേശമായ നസ്രേത്തിന് ശേഷം യേശു ജീവിച്ചതും വളര്‍ന്നതും കഫര്‍ണാമിലാണെന്ന് ചരിത്രം പറയുന്നു. ക്രിസ്തു നിരവധി അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതും ഇതേ സ്ഥലത്ത് വച്ചായിരുന്നു എന്ന് വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ പറയുന്നുണ്ട്. ഒരു റോമന്‍ അധികാരിയുടെ വീട്ടുവേലക്കാരന് ക്രിസ്തു സൗഖ്യം നല്‍കിയത് കഫര്‍ണാമില്‍ വച്ചാണ്. പല കാര്യങ്ങളെക്കുറിച്ചും ക്രിസ്തു ഇവിടെ വച്ച് പ്രവചിക്കുകയും ചെയ്തു എന്ന് വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ പറയുന്നു. പത്രോസിന്റെ അമ്മായിയമ്മയെ സുഖപ്പെടുത്തിയതും പിശാചുബാധിതനായവന് സൗഖ്യം നല്‍കിയതും വിശുദ്ധ ലൂക്ക ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

കഫര്‍ണാമിലെ സിനഗോഗ്

ദൈവരാജ്യം പ്രസംഗിക്കുന്നതിനും അനേകര്‍ക്ക് രോഗശാന്തി നല്‍കുന്നതിനും യേശു തിരഞ്ഞെടുത്ത സ്ഥലം കഫര്‍ണാമിലെ സിനഗോഗ് ആയിരുന്നു. എ ഡി ഒന്നാം നൂറ്റാണ്ടിലാണ് ഈ സിനഗോഗ് പണി കഴിപ്പിച്ചതെന്ന് കരുതപ്പെടുന്നു. ഇതിനെക്കുറിച്ച് മതിയായ തെളിവുകള്‍ ഒന്നും തന്നെ ലഭ്യമല്ല.

മുസ്ലീമുകള്‍ പലസിതീന്‍ കീഴടക്കിയതോടുകൂടി കഫര്‍ണാം നാശത്തിന്റെ വക്കിലായിരുന്നു. പിന്നീട് ആര്‍ക്കിയോളജിക്കല്‍ ഗവേഷണത്തിന്റെ ഫലമായി നിരവധി വിലപ്പെട്ട രേഖകള്‍ ഈ നഗരത്തെക്കുറിച്ച് കണ്ടെത്തിയിരുന്നു. ഫ്രാന്‍സിസ്‌കന്‍ സന്യാസ സമൂഹത്തിന്റെ പിന്തുണയോടെയായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍.

കഫര്‍ണാം – പത്രോസിന്റെ വീട്

ശിമയോന്‍ പത്രോസിന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ കഫര്‍ണാമും ഉള്‍പ്പെടുന്നു. പത്രോസും സഹോദരന്‍ അന്ത്രയോസും കഫര്‍ണാമിന് തെക്ക് ബെത്സയ്ദാ എന്ന ഗ്രാമത്തില്‍ നിന്ന് വരുന്നു എന്ന് സുവിശേഷത്തില്‍ പറയുന്നുണ്ട്. യവനകാലഘട്ടത്തിലാണ് ഈ ഭവനം പണി കഴിപ്പിച്ചതെന്ന് ചരിത്രം പറയുന്നു.  ശിമയോന്‍ പത്രോസിന്റെ ഭവനമാണ് ശ്ലീഹന്‍മാര്‍ പ്രാര്‍ത്ഥനയ്ക്കായി ഉപയോഗിച്ചിരുന്നതെന്നും ചരിത്രം രേഖപ്പെടുത്തുന്നു. കഫര്‍ണാമില്‍ വച്ചാണ് ചുങ്കക്കാരനായ മത്തായിയെ തന്റെ ശിഷ്യനാകാന്‍ ക്രിസ്തു വിളിക്കുന്നത്.

അതുപോലെ തന്നെ കഫര്‍ണാമിലെ അഷ്ടഭുജ ദേവാലയവും കഫര്‍ണാമിലെ സിനഗോഗും ചരിത്ര പ്രസിദ്ധിയാര്‍ജ്ജിച്ചതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.