സീറോമലബാര്‍: ഫെബ്രുവരി 8: മത്താ. 6:1-4 ധര്‍മ്മദാനം

പുണ്യങ്ങള്‍ ചെയ്യുന്നതിന്റെ അല്ലെങ്കില്‍ തെറ്റുകള്‍ ചെയ്യാതിരിക്കുന്നതിന്റെ യഥാര്‍ത്ഥ കാരണം അന്വേഷിച്ചുകണ്ടെത്താന്‍ തിരുവചനം ഇന്ന് നമ്മോട് ആവശ്യപ്പെടുന്നു. അപരന്റെ മുന്‍പില്‍ ‘നല്ലപിള്ള’ ചമയാനായി നല്ലകാര്യങ്ങള്‍ ചെയ്യുന്നതോ, മറ്റുള്ളവര്‍ കാണും എന്നതുകൊണ്ട് തെറ്റായകാര്യം ചെയ്യാതിരിക്കുന്നതോ കപടത മാത്രമാണ് എന്ന് തിരുവചനം സാക്ഷ്യപ്പെടുത്തുന്നു. ഹൃദയവിചാരങ്ങള്‍പോലും അറിയുന്ന കര്‍ത്താവിന്റെ മുന്‍പില്‍ ഒന്നും പ്രത്യേകമായി ഒളിക്കുവാനോ പ്രകടിപ്പിക്കുവാനോ ഇല്ല. കാരണം രഹസ്യങ്ങള്‍പോലും അറിയുന്നവനാണ് കര്‍ത്താവ്. യോഹ 12:43 ല്‍ ഈശോ അരുള്‍ചെയ്യുന്നു, ‘ദൈവത്തില്‍നിന്നുള്ള മഹത്ത്വത്തേക്കാളധികം മനുഷ്യരുടെ പ്രശംസ അവര്‍ അഭിലഷിച്ചു’. ആത്മപ്രശംസയും അഹങ്കാരവും ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍ തന്നെയാണ്. മറ്റുള്ളവരെ കാണിക്കുവാനായി ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം മനുഷ്യരില്‍നിന്നുതന്നെ ലഭിച്ചുകഴിഞ്ഞു. അതിനാല്‍ നിത്യമഹത്വത്തിനു പകരം മാനുഷിക പ്രശംസയാണോ നാം വിലമതിക്കുന്നത് എന്ന് ചിന്തിക്കാം.
1 കോറി 4:7 നമുക്ക് മറക്കാതിരിക്കാം. ‘ദാനമായി ലഭിച്ചതല്ലാതെ നിനക്ക് എന്തുണ്ട് ? എല്ലാം ദാനമായിരിക്കെ, ദാനമല്ല എന്ന മട്ടില്‍ എന്തിനു നീ അഹങ്കരിക്കുന്നു?’

ഡോ. ബിനോയി അമ്പഴത്തിനാല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.