മറിയം സ്വർല്ലോക രാജ്ഞി

1954 ൽ പന്ത്രണ്ടാം പീയൂസ് മാർപാപ്പ ആദ് ച്ചേളി റെജീന (Ad Coeli Reginam) എന്ന ചാക്രിക ലേഖനം വഴി മറിയത്തെ സ്വർലോക റാണിയായി പ്രഖ്യാപിക്കുകയും, ആഗസ്റ്റ് 22 സ്വർലോകരാജ്ഞിയുടെ പേരിൽ ഒരു തിരുനാൾ സ്ഥാപിക്കുയും ചെയ്തു. മറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ കഴിഞ്ഞ് എട്ടാം ദിവസമാണ് സഭ ഈ തിരുനാൾ ആഘോഷിക്കുന്നത്. പരിശുദ്ധ മറിയത്തിന്റെ സ്വർല്ലോക രാജ്ഞി പദവും വിശുദ്ധ ഗ്രന്ഥത്തിൽ അധിഷ്ഠിതമാണ്.

മംഗള വാർത്തയുടെ അവസരത്തിൽ ഗബ്രിയൽ മാലാഖ മറിയത്തിന്റെ പുത്രൻ ദാവീദിന്റെ സിംഹാസനത്തിൽ എന്നേക്കും ഭരണം നടത്തും എന്ന ദൈവിക ദൂത് അറിയിക്കുന്നു.

താന്റെ ഇളയമ്മയായ എലിസബത്തിനെ സന്ദർശിക്കമ്പോൾ, എലിസബത്ത് മറിയത്തെ ദൈവമാതാവ് എന്നു വിളിക്കുന്നു. “എന്റെ കർത്താവിൻെറ അമ്മ എന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്? “(ലൂക്കാ: 1:43).

മറിയത്തിന്റെ രാജ്ഞി പദവിയെക്കുറിച്ചുള്ള സൂചനകൾ പഴയ നിയമത്തിൽ നമുക്ക് കാണാൻ കഴിയും.
അമ്മ രാജ്ഞിക്ക്(Queen Mother) ഇസ്രായേൽ സമൂഹത്തിലുണ്ടായിരുന്ന സ്ഥാനം അടിസ്ഥാനമാക്കി ഇതു മനസ്സിലാക്കാൻ എളുപ്പമാണന്നു പ്രസിദ്ധ അമേരിക്കൻ ദൈവശാസ്ത്രജ്ഞനായ ഡോ: സ്കോട്ട് ഹാൻ പറയുന്നു.അമ്മ റാണിയെ ” Queen Mother” നെ ഹെബ്രായ ഭാഷയിൽ ഗെബിറ (gebirah) എന്നാണ് വിളിക്കുക. യഹൂദ പാരമ്പര്യപ്രകാരം gebirah ക്ക് ഇസ്രായേൽ രാജവംശത്തിൽ വളരെ ശക്തവും അതുല്യവുമായ സ്ഥാനമാണ് ഉണ്ടായിരുന്നത്.
അമ്മ റാണി രാജസദസ്സിലേക്ക് വരുമ്പോൾ ബഹുമാനസൂചകമായി രാജാവുൾപ്പെടയുള്ളവർ എഴുന്നേറ്റു നിൽക്കണമായിരുന്നു. അമ്മയുടെ എതാഗ്രഹങ്ങളും മകൻ സാധിച്ചു കൊടുത്തിരുന്നു.

ഉദാഹരണത്തിന്, സോളമൻ രാജാവ് തന്റെ അമ്മയായ ബെഷ്തബായെ, അമ്മ രാജ്ഞിയായി അവരോധിച്ചു. ഇസ്രായേൽ ചരിത്രത്തിൽ 16 അമ്മ റാണിമാരാണ് ഉണ്ടായിരുന്നത്. സാധാരണ ഗതിയിൽ പക്വമതികളായ ഇവർ രാജഭരണത്തിൽ ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു.
ഹെബ്രായ സംസ്കാരത്തിൽ ഒരു രാജാവിനെ സ്ഥാനഭ്രഷ്ടനാക്കിയാലും മരിച്ചാലും , അമ്മയുടെ രാജ്ഞി പദവി നഷ്ടമാവില്ല. രാജാക്കന്മാരുടെ ജ്ഞാന ഉപദേശക “wisdom counselor,” പദവിയുള്ള അമ്മ സൈനിക, രാഷ്ട്രീയ, സാമ്പത്തിക കാര്യങ്ങളിൽ രാജാവിനു ഉപദേശം നൽകിപ്പോന്നു. ചില സമയങ്ങളിൽ രാജ്യതാൽപര്യത്തിനു വിപരീതമായി മകൻ പ്രവർത്തിച്ചാൽ എതിർക്കാനും അമ്മ രാജ്ഞിമാർ ധൈര്യം പ്രകടിപ്പിച്ചിരുന്നു.

ഒരു സ്ത്രീ എഴുതിയതായി വിശ്വസിക്കുന്ന വി.ഗ്രന്ഥത്തിലെ ഏക അധ്യായം സുഭാഷിതം 31 ആണ് . ഈ അധ്യായത്തിൽ മാസ്സാരാജാവായ ലമുവേലിന് രാജ സിംഹാസനം ഏറ്റെടുക്കാനും, ഉത്തമമായ ഭാര്യയെ തിരഞ്ഞെടുക്കുവാനും അമ്മ രാജ്ഞി നൽകുന്ന നിർദേശങ്ങളാണ് വിവരിച്ചിരിക്കുന്നത്.

രാജാക്കന്മാരുടെ ഒന്നാം പുസ്തകം പതിനഞ്ചാം അധ്യായത്തിൽ ഇസ്രായേൽ രാജാവ് ആഹാബിന്റെ ഭാര്യയായ, ഇസബെൽ എന്ന തിന്മയുടെ മുർത്തീഭാവമായ രാജ്ഞിയെ കണ്ടുമുട്ടുന്നു. പഴയ നിയമ പണ്ഡിതനായ ഫാ.റോളണ്ട് ഡേവോയുടെ (Fr. Roland DeVoe) നിരീക്ഷണത്തിൽ അഹാബിന്റെയും ജസബെലിൻെറയും സമയത്ത് വളരെ അസ്വസ്ഥതകളും തകർച്ചകളും ഇസ്രായേലിൽ സംഭവിക്കാൻ കാരണം അവിടെ അമ്മ രാജ്ഞിയുടെ അഭാവമായിരുന്നു.

മറിയം ക്രിസ്തുവിന്റെ അമ്മയാകാൻ ദൈവം തിരഞ്ഞെടുത്ത വ്യക്തിയാണ്. ക്രിസ്തു എല്ലാ സൃഷ്ടികളുടെയും രാജാവാ യതിനാൽ അവിടുത്തെ അമ്മയായ മറിയം അമ്മ രാജ്ഞി (Queen Mother) യുമാണ്.

യേശു മറിയത്തിന്റെ ഉദരത്തിൽ ജന്മമെടുത്തതിനാൽ അവിടുത്തെ അമ്മയായ മറിയത്തെ ഈ ലോകത്തിനു വിട്ടുകൊടുക്കാതെ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോവുകയും സ്വർഗ്ഗീയ രാജ്ഞി പദവി നൽകി അനുഗ്രഹിക്കുകയും ചെയ്തു.

കാനായിലെ കല്യാണ വിരുന്നിൽ അവൻ പറയുന്നുപോലെ നിങ്ങൾ ചെയ്യുവിൻ എന്ന മറിയത്തിന്റെ ആഹ്വാനം മറിയത്തിന്റെ അമ്മ റാണി പദവിയുടെ ഉത്തമ ദൃഷ്ടാന്തമാണ്.
നാലാം നൂറ്റാണ്ടിലെ പൗരസ്ത്യ സഭാപിതാവായിരുന്ന വി. അപ്രേം മറിയത്തെ രാജ്ഞി എന്നു വിളിക്കുന്നുണ്ട്, പിന്നിടു വന്ന സഭാപിതാക്കന്മാരും മറിയത്തെ രാജ്ഞിയായി അംഗീകരിക്കുന്നു. 11 മുതൽ 13 വരെയുള്ള നൂറ്റാണ്ടുകളിൽ രുപപ്പെട്ട മരിയൻ ഗീതങ്ങളിൽ, പരിശുദ്ധരാജ്ഞി, സ്വർഗ്ഗരാജ്ഞി എന്നിങ്ങനെ മറിയത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. ജപമാല പ്രാർത്ഥനയും മറിയത്തിന്റെ ലുത്തിനിയും മറിയം സ്വർഗ്ഗരാജ്ഞി എന്ന വിശ്വാസത്തെ പരസ്യമായി പ്രഖ്യാപിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.