ദാഹാവിലെ മാലാഖ ഇനി വാഴ്ത്തപ്പെട്ടവൻ

“ദഹാവിലെ മാലാഖ” (Angel of Dachau) എന്നറിയപ്പെടുന്ന ഫാദർ എങ്കൽമാർ ഉൺസൈറ്റിഗിനെ (Fr. Engelmar Unzeitig) സെപ്റ്റംബർ 24 ന് ജർമ്മനിയിലെ വ്യൂർസ്ബുർഗ് കത്തീഡ്രലിൽ വച്ചു നടന്ന വിശുദ്ധ കുർബാന മധ്യേ, വിശുദ്ധർക്കു വേണ്ടിയുള്ള തിരുസംഘത്തിന്റെ അധ്യക്ഷൻ കർദ്ദിനാൾ ആഞ്ചലോ അമാത്തോ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

കുപ്രസിദ്ധമായ ദാഹാവിലെ നാസി തടങ്കൽ പാളയത്തിൽ ടൈഫോയിഡ് പനി ബാധിച്ചവരെ ശുശ്രൂഷിച്ചിരുന്ന സമയത്ത് അസുഖം ബാധിച്ചാണ് ഫാ: എങ്കൽമാർ മരണത്തിനു കീഴടങ്ങിയത്.

1911 മാർച്ച് ഒന്നിന് ചെകോസ്ലോവാക്യയിലാണ് എങ്കൽമാർ അച്ചൻ ജനിച്ചത്. ഹ്യൂബർട്ട് എന്നായിരുന്നു കുട്ടിക്കാലത്തെ നാമധേയം. ഹ്യൂബർട്ടിന് 5 വയസ്സുള്ളപ്പോൾ 1916 ൽ ഒന്നാം ലോകമഹായുദ്ധകാലത്ത് റഷ്യൻ തടങ്കൽ പാളയത്തിൽ വച്ച് പിതാവ് മരണമടഞ്ഞു. പിന്നിട് അമ്മയാണ് 6 മക്കളെ ഒറ്റയ്ക്കു വളർത്തിയത്. ഒരു മിഷനറി ആകണമെന്ന തീവ്രമായ ആഗ്രഹത്താൽ പതിനേഴാമത്തെ വയസ്സിൽ മിഷനറി ഓർഡർ ഓഫ് മരിയൻ ഹിൽ Missionary Order of Mariannhill (Congregatio Missionarium de Mariannhill CMM) എന്ന സന്യാസ സഭയിൽ ചേരുകയും എങ്കൽമാർ എന്ന സഭാ നാമം സ്വീകരിച്ചു. തത്വശാസ്ത്രവും ദൈവശാസ്ത്രവും വ്യൂർസ്ബുർഗിൻ പഠിച്ച എങ്കൽമാർ 1939ൽ പുരോഹിതനായി അഭിഷിക്തനായി.

ഫാ: എങ്കൽമാറിന്റെ പൗരോഹിത്യ ജീവിതത്തിലെ ആകെയുള്ള ആറു വർഷങ്ങളിൽ നാലും ചെലവഴിച്ചത് ദാഹാവിലെ നാസി തടങ്കൽ പാളയത്തിലാണ്. മനുഷ്യനെക്കാൾ കൂടുതൽ ദൈവത്തെയാണ് അനുസരിക്കേണ്ടത് എന്നതായിരുന്നു എങ്കൽമാറച്ചന്റെ വിശ്വാസ പ്രമാണം.

ഹിറ്റ്ലറിന്റെ നയങ്ങൾക്കെതിരെ യഹൂദ ജനതയെ സംരക്ഷിച്ചു എന്ന കാരണത്താൽ രാജ്യദ്രോഹകുറ്റം ചുമത്തി എങ്കൽമാറച്ചനെ 1941 എപ്രിൽ 21ന് അറസ്റ്റു ചെയ്യുകയും, ദാഹാവിലെ നാസി കോൺസൻട്രേഷൻ ക്യാമ്പിൽ തടവിലാക്കുകയും ചെയ്തത്.

ദാഹാവ് തടങ്കൽ പാളയം അക്കാലത്ത് അറിയപ്പെട്ടിരുന്നത് ലോകത്തിലെ ഏറ്റവും വലിയ സന്യാസ ആശ്രമം (largest monastery in the world) എന്നാണ്. കാരണം മൂവായിരത്തോളം വൈദീകർ അവിടെ ഉണ്ടായിരുന്നു, അതിൽ 95 ശതമാനവും റോമൻ കത്തോലിക്കാ പുരോഹിതരായിരുന്നു.

തടവറയും ഒരു പ്രേഷിത വയലായാണ് പുരോഹിതർ കണ്ടിരുന്നത്. ആത്മീയ ഉപദേശങ്ങൾ നൽകിയും, കൂദാശകൾ രഹസ്യമായി പരികർമ്മം ചെയ്തും, എല്ലാറ്റിനും ഉപരിയായി ഒപ്പം സഹിച്ചും അവർ ക്രിസ്തുവിനു സാക്ഷ്യം നൽകി.

റഷ്യൻ തടവുകാരുടെ കാര്യത്തിൽ അതീവ ശ്രദ്ധ എങ്കൽമാറച്ചൻ വച്ചിരുന്നു. അവരുമായുള്ള സമ്പർക്കത്തിലൂടെ റഷ്യൻ ഭാഷ പഠിക്കുവാനും, അതുവഴി അവരെ വിശ്വാസത്തിൽ ഉറപ്പിച്ചു നിർത്തുവാനുമായിരുന്നു അദ്ദേഹത്തിന്റെ ശ്രമം.

1944 അവസാനം ടൈഫോയിഡ് പനി തടങ്കൽ പാളയത്തിൽ പടർന്നു പിടിച്ചു. ശുശ്രുഷക്കായി 20 വൈദീകർ സ്വയം സന്നദ്ധരായി. രോഗം ബാധിച്ച് ശരാശരി 100 മരണമെങ്കിലും ദിനംതോറും സംഭവിച്ചിരുന്നു . വി. മാക്സിമില്യാൻ കോൾബയേപ്പോലെ മരണത്തെ മുമ്പിൽ കണ്ടു കൊണ്ട് തന്നെയാണ് എങ്കൽമാറച്ചനും മറ്റു വൈദീകരും ശുശ്രൂഷയ്ക്കായി സന്നദ്ധരായത്.

ഒരു സഹവൈദീകൻ തന്റെ ഓർമ്മ പങ്കുവയ്ക്കുന്നു: “എങ്കൽമാർ നൽകിയ സഹായങ്ങൾ അദ്ദേഹത്തിന്റെ ശുശ്രൂഷാ പൗരോഹിത്യത്തിന്റെയും, സഹോദര സ്നേഹത്തിന്റെയും ഫലങ്ങളായിരുന്നു. അവന്റെ പാവപ്പെട്ട അജഗണങ്ങളുംടെ കുമ്പസാരം അവൻ സന്തോഷപൂർവ്വം കേട്ടു, സ്വസിദ്ധമായ ശാന്തതകൊണ്ടും, അലിവുകൊണ്ടും, അവരുടെ കഷ്ടതകളിൽ സമാശ്വാസം നൽകി… സമയവും, നിസ്വാർത്ഥമായ ശുശ്രൂഷയും മാത്രമല്ല അവൻ നൽകിയത് . പൗരോഹിത്യ സ്നേഹം മുഴുവനായി തന്റെ പ്രിയപ്പെട്ടവർക്ക് അവൻ പകർന്നു നൽകി.. മരണം അവന്റെ ജീവൻ കവർന്നെടുക്കുംവരെ അതായിരുന്നു അവന്റെ ഏക ലക്ഷ്യം.”

ഫാ:എങ്കൽമാർ സഹോദരിക്ക് അവസാന കത്തിൽ ഇപ്രകാരം എഴുതി: ” സ്നേഹം ഒരുവന്റെ ശക്തി ഇരട്ടിപ്പിക്കുന്നു, ഒരുവനെ കൂടുതൽ തീഷ്ണമതിയാക്കുന്നു, ആന്തരികമായി സ്വാതന്ത്ര്യവും, സന്തോഷവും പ്രദാനം ചെയ്യുന്നു. ദൈവം താൻ സ്നേഹിക്കുന്നവർക്കുവേണ്ടി ഒരുക്കി വച്ചിരിക്കുന്നവ ഒരു മനഷ്യ ഹൃദയവും പൂർണ്ണമായി മനസ്സിലാക്കിയിട്ടില്ല.”

1945 മാർച്ച് രണ്ടിന് തന്റെ മുപ്പത്തിനാലാം ജന്മദിനത്തിന്റെ പിറ്റേ ദിവസം ആ യുവ വൈദീകനായി സ്വർഗ്ഗകവാടം തുറന്നു.

എങ്കൽമാറച്ചന്റെ ജീവിത വിശുദ്ധിയിൽ പൂർണ്ണ ബോധ്യമുണ്ടായിരുന്ന സഹവൈദീകർ അദ്ദേഹത്തിന്റെ മൃതദേഹം തനിയെ ദഹിപ്പിക്കുകയും, ചിതാഭസ്മം രഹസ്യമായി ഒരു ബാഗിൽ സൂക്ഷിക്കയും, പിന്നീട് വ്യൂർസ്ബുർഗിലുള്ള മരിയാൻഹില്ലേഴ്‌സ് ആശ്രമത്തിനു കൈമാറുകയും ചെയ്തു.

2009 ൽ ഫാ: എങ്കൽമാറിനെ ധന്യനായി ബനഡിക്ട് പതിനാറാമൻ പാപ്പാ പ്രഖ്യാപിച്ചു. 2016 ജനുവരിയിൽ ഫ്രാൻസീസ് മാർപാപ്പാ ഫ്രാ: എങ്കൽമാർ ഉൺസൈറ്റിംഗിനെ, വിശ്വാസത്തിനു വേണ്ടി ജീവൻ ഹോമിച്ച ഒരു രക്ത സാക്ഷിയായി പ്രഖ്യാപിച്ചു.

പ്രതികൂല സാഹചര്യങ്ങളിലും ശാന്തത കൈവിടാത്ത, തീഷ്ണത ചോർന്നു പോകാത്ത, സ്നേഹം ശുശ്രൂഷയയാക്കിയ ദാഹാവിലെ മാലാഖയെ നമുക്കും അനുകരിക്കാം.

ഫാ: ജയ്സൺ കന്നേൽ MCBS.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.