
ആഞ്ചലൂസ് പ്രാര്‍ത്ഥനയില്‍ തീര്‍ത്ഥാടകരോട്
ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം ക്രിസ്തീയത ഒരു ദൗത്യമാണ്. ഓരോ ക്രിസ്ത്യാനിയുടെയും ആത്മാവില്‍ ദൈവം ഏല്‍പ്പിച്ചിരിക്കുന്ന ദൗത്യം എന്തായിരിക്കും? ആദ്യം തന്നെ ഓരോ ക്രൈസ്തവനും തന്നെ കാത്തിരിക്കുന്ന പ്രതിസന്ധികളെയും യാഥാര്‍ത്ഥ്യങ്ങളെയും കുറിച്ച് അവബോധമുള്ളവരായിരിക്കുക. ചെന്നായ്ക്കള്‍ക്കിടയിലേക്ക് കുഞ്ഞാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു എന്നാണ് യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞത്. വിദ്വേഷമാണ് ക്രൈസ്തവര്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കും കാരണം. ക്രൈസ്തവന്റെ ദൗത്യത്തെ തി• എതിരിടുമെന്നയാഥാര്ത്ഥ്യം ക്രിസ്തുവിന് അറിയാം. എന്നാല്‍ മാനുഷികമായ എല്ലാ പ്രലോഭനങ്ങളെയും അതിജീവിക്കാനുള്ള കരുത്ത് ക്രിസ്തു നല്‍കും. ക്രിസ്തു പഠിപ്പിച്ചത് പോലെ അവിടുത്തെ കുരിശിന്റെ ശക്തിയില്‍ മാത്രം ആശ്രയിക്കുക. സമ്പത്തും ചെരിപ്പും ധനവുമുപേക്ഷിച്ച് അവിടുത്തെ അനുഗമിക്കാനാണ് ക്രിസ്തു തന്റെ ശിഷ്യരോട് ആവശ്യപ്പെട്ടത്. ഇതിനര്‍ത്ഥം മാനുഷികമായ എല്ലാത്തിനെയും ഉപേക്ഷിച്ച് അവിടുത്തെ സുവിശേഷത്തെ അനുഗമിക്കുക എന്നതാണ്.
ആത്മപ്രശംസയ്ക്കായി കാത്തുവച്ചിരിക്കുന്ന എല്ലാ ഭൗതിക വസ്തുക്കളെയും അധികാര ആസക്തികളെയും എറിഞ്ഞു കളയുക. ദൈവത്തിന്റെ സുവിശേഷം പ്രചരിപ്പിക്കാനുള്ള എളിയ ഉപകരണങ്ങളായി ഓരോ ക്രൈസ്തവനും മാറുക എന്നതാണ് പ്രധാനം. ഇത്തരത്തില്‍ ജീവിക്കുമ്പോള്‍ നമ്മുടെ ജീവിതം ആത്മീയ സന്തോഷം കൊണ്ട് നിറയും. ഇങ്ങനെ സംഭവിക്കുമ്പോള്‍ സഭ അതില്‍ എത്രമാത്രം സന്തോഷിക്കും എന്ന് തിരിച്ചറിയുക. പുരോഹിതരില്‍നിന്നും കന്യാസ്ത്രീകളില്‍ നിന്നും മറ്റ് സുവിശേഷപ്രവര്ത്തകരില് നിന്നും ഓരോ ദിവസവും നാം തിരുവചനങ്ങള്‍ കേട്ടുകൊണ്ടേയിരിക്കുന്നു. ഈ തിരുവെഴുത്തുകള്‍ ശ്രവിക്കുന്ന എത്ര പേര് സ്വജീവിതത്തില്‍ അത് പ്രാവര്‍ത്തികമാക്കാന്‍ പരിശ്രമിക്കും? കര്‍ത്താവിന്റെ വിളി കേള്‍ക്കാനും അവിടുത്തെ പാത പിന്തുടരാനും എത്ര യുവജനങ്ങള്‍ തയ്യാറാകും? ഭയപ്പെടാതെ ധൈര്യമായിരിക്കുക. നിങ്ങളിലുള്ള സുവിശേഷത്തിന്റെ വെളിച്ചം മറ്റുള്ളവരിലേക്കും പകര്‍ന്നു നല്‍കുക. മാതൃകായോഗ്യരായ നിരവധി സുവിശേഷകര്‍ നമ്മുടെ ചുറ്റിലുമുണ്ട്. അത്തരത്തില്‍ നമ്മുടെ ക്രിസ്തീയ ജീവിതത്തിന്റെ ദൗത്യം പൂര്‍ത്തിയാക്കുക.