കരുണയുടെ മുഖം

ബ്രിഡ്ജ് പോര്‍ട്ട്‌:  വ്യക്തിപരമായി ദൈവത്തിന്റെ കരുണ അനുഭവിച്ചവര്‍ ലോകത്തെമ്പാടുമുണ്ട്. ഇത്തരത്തിലുള്ള വ്യക്തിഗത അനുഭവങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് തയ്യാറാക്കിയിരിക്കുന്ന ഡോക്യുമെന്ററി ഫിലിം ആണ് ‘കരുണയുടെ മുഖം’ (Face of Mercy). അമേരിക്കന്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ പങ്കാളിത്തത്തോടെയാണ് കത്തോലിക്കാ സഭ ഈ സംരംഭം അമേരിക്കയിലുടനീളം റിലീസ് ചെയ്തിരിക്കുന്നത്.

”ഈ സാക്ഷ്യങ്ങളെല്ലാം നമ്മെ ഒരു കാര്യം ഓര്‍മ്മിപ്പിക്കുന്നു. ദൈവത്തിന്റെ കരുണ എന്നത് ആരാധനയോ ദൈവശാസ്ത്ര ആശയമോ മാത്രമല്ല. സജീവവും ജീവനുള്ളതും ലോകത്തെയാകെ മാറ്റിമറിക്കാന്‍ കെല്‍പുള്ളതുമാണത്.” നൈറ്റ്‌സ് ഓഫ് കൊളംബസ് സിഇഒ കാള്‍ ആന്‍ഡേഴ്‌സണ്‍ പറയുന്നു.

ഒരു മണിക്കൂറാണ് ഈ ഡോക്യുമെന്ററി സിനിമയുടെ ദൈര്‍ഘ്യം. ‘കരുണയുടെ മുഖം’ എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമ എത്ര വലിയ പ്രതിസന്ധികളെയും തിന്മകളെയും നേരിടാന്‍ കഴിവുള്ളതാണ് ദൈവത്തിന്റെ കരുണ എന്ന വലിയ സന്ദേശം നമുക്ക് നല്‍കുന്നുണ്ട്. ഹോളിവുഡ് താരം ജിം കാവിസെല്‍ ഈ സിനിമയില്‍ ആഖ്യാതാവായി എത്തുന്നു. ചരിത്രം, ദൈവശാസ്ത്രം, ജീവിതത്തില്‍ കരുണയുടെ പ്രാധാന്യം അനുഭവിച്ചറിഞ്ഞ വ്യക്തികളുടെ അനുഭവ സാക്ഷ്യങ്ങള്‍ എന്നീ കാര്യങ്ങള്‍ ഇട കലര്‍ത്തിയാണ് ഈ സിനിമ തയ്യാറാക്കിയിരിക്കുന്നത്.

റുവാണ്ടയിലെ കൂട്ടക്കൊലയില്‍ തന്റെ കുടുംബത്തെ മുഴുവന്‍ ഇല്ലാതാക്കിയവരോട് ക്ഷമിക്കാന്‍ സാധിച്ച പെണ്‍കുട്ടി, അരയ്ക്ക് താഴെ തളര്‍ന്നു പോയിട്ടും സമാധാനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍, തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ വ്യക്തിയോട് ക്ഷമിച്ച വിധവയായ വീട്ടമ്മ, പൗരോഹിത്യം സ്വീകരിച്ച ബേസ്‌ബോള്‍ പ്ലെയര്‍ തുടങ്ങിയവര്‍ തങ്ങളുടെ ജീവിതത്തിലെ കരുണയുടെ അനുഭവങ്ങളെക്കുറിച്ച് ഈ ഡോക്യുമെന്ററി സിനിമയില്‍ സാക്ഷ്യപ്പെടുത്തുന്നു.

ലോകവ്യാപകമായി അംഗങ്ങള്‍ ഉള്ളതും കത്തോലിക്കാ സാഹോദര്യത്തിന്റെ ഉത്തമ മാതൃകയുമായ നൈറ്റ്‌സ് ഓഫ് കൊളംബസ് എന്ന ആഗോള കത്തോലിക്കാ സംഘടനയാണ് ഈ ഡോക്യുമെന്ററി നിര്‍മ്മിച്ചിരിക്കുന്നത്. ”കരുണയും പാപമോചനവും അനുരജ്ഞനവും വഴി വ്യക്തി ജീവിതത്തില്‍ രൂപാന്തരീകരണം സാധ്യമാണെന്ന് ഈ ചലച്ചിത്രം വെളിപ്പെടുത്തുന്നു.” കാള്‍ ആന്‍ഡേഴ്‌സണ്‍ ഈ ഡോക്യുമെന്ററിയെക്കുറിച്ച് അഭിപ്രായപ്പെട്ടു. ആമസോണ്‍ ഡോട്ട് കോം എന്ന വെബ്‌സൈറ്റില്‍ ഈ ഡോക്യുമെന്ററി സിനിമ ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.