ഒരു യുദ്ധവും വിശുദ്ധമല്ല- ഫ്രാന്‍സിസ് പാപ്പ

ദൈവത്തിന്റെ പേരിലുള്ള അക്രമങ്ങള്‍ മതത്തിന്റെയും വിശ്വാസത്തിന്റെയും യഥാര്‍ത്ഥമുഖമല്ലെന്നും ഇവ എതിര്‍ക്കപ്പെടേണ്ടതാണെന്നും ഫ്രാന്‍സിസ് പാപ്പ. ”ദൈവത്തിന്റെ പേര് ആവര്‍ത്തിച്ച് ഉപയോഗിക്കുന്നത് അക്രമത്തെ ന്യായീകരിക്കുന്നില്ല. സമാധാനമാണ് വേണ്ടത്, യുദ്ധമല്ല. അതാണ് വിശുദ്ധം.” ഇറ്റലിയിലെ അസ്സീസിയില്‍ നടന്ന മതാന്തര സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.

കോണ്‍സ്റ്റാന്റിനോപ്പിളിലെ ഓര്‍ത്തഡോക്‌സ് എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസായ ബര്‍ത്തലോമ്യോ,  കാന്റര്‍ബറി ആംഗ്ലിക്കന്‍ ആര്‍ച്ച്ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി എന്നിവരും ഈ മതാന്തരസമ്മേളനത്തില്‍ സംബന്ധിക്കാന്‍ എത്തിച്ചേര്‍ന്നിരുന്നു. ലോകമെങ്ങും സമാധാനവും ഐക്യവും ഉണ്ടാകാന്‍ വേണ്ടിയുള്ള പ്രാര്‍ത്ഥനാസഹായം നല്‍കണമെന്നായിരുന്നു മതനേതാക്കളോട് പാപ്പയുടെ അഭ്യര്‍ത്ഥന.

സിറിയന്‍ നഗരമായ അലപ്പോയില്‍ നിന്നും യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍  ഈ സമ്മേളനത്തില്‍ തന്റെ അനുഭവങ്ങള്‍ പങ്കുവച്ചു. യുദ്ധമുഖത്തെ അനുഭവങ്ങള്‍ കേട്ടറിഞ്ഞ പാപ്പ യുദ്ധം മൂലം യാതനകളും സംഘര്‍ഷങ്ങളും അനുഭവിക്കുന്ന ലോകത്തെങ്ങുമുള്ളവര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിച്ചു.

എല്ലാ മതമേധാവികളോടുമായി ഫ്രാന്‍സിസ് പാപ്പ പറഞ്ഞത് ഇപ്രകാരമായിരുന്നു, ”ആധുനിക ലോകത്തെ ബാധിച്ചിരിക്കുന്ന ഒരു മാരക രോഗമാണ് ഉദാസീനത. നമ്മെ തളര്‍ത്തിക്കളയുന്ന വൈറസാണിത്. ഉദാസീന മനോഭാവം നമ്മുടെ സംവേദനക്ഷമതയെയും അറിവിനെയും ഇല്ലായ്മ ചെയ്യും. ക്രമേണ മതവിശ്വാസത്ത ഈ രോഗം ആഴത്തില്‍ ദോഷകരമായി ബാധിക്കുകയും അവിശ്വാസിയാക്കി മാറ്റുകയും ചെയ്യും.”

യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിക്കുന്നവരോട് ഉദാസീനതയും നിസ്സംഗതയും പ്രകടിപ്പിക്കരുതെന്നും ഫ്രാന്‍സീസ് പാപ്പ മതനേതാക്കളോടായി കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ ശബ്ദമില്ലാത്തവരായി മാറിവരുടെ ശബ്ദമാകാനാണ് പാപ്പ മതനേതാക്കളെ ആഹ്വാനം ചെയ്തത്.

”ചിതറിപ്പോയ കുടുംബങ്ങളെക്കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്.” പാപ്പ തുടര്‍ന്നു, ”ചിതറിപ്പോയവരായിട്ടാണ് അവര്‍ ജീവിക്കുന്നത്. അവരുടെ കുഞ്ഞുങ്ങള്‍ ജീവിതത്തില്‍ എന്നും ഓര്‍ത്തിരിക്കുന്നത് അക്രമങ്ങളുടെ കഥകളാണ്. മുതിര്‍ന്നവര്‍ തങ്ങളുടെ സ്വദേശം വിട്ട് ഓടിപ്പോകാന്‍ നിര്‍ബന്ധിതരാകുന്നു. അവരെല്ലാം സമാധാനത്തിന് വേണ്ടി ദാഹിക്കുന്നവരാണ്. ഈ ദുരന്തങ്ങളൊന്നും വിസ്മരിക്കപ്പെടാനുള്ളതല്ല. യഥാര്‍ത്ഥ സമാധാനവും ശാന്തിയും ഉണ്ടാകുന്നത് രാഷ്ട്രീയ ഇടപെടലുകളില്‍ നിന്നോ  ഉടമ്പടികളില്‍  നിന്നോ സാമ്പത്തിക വിലപേശലുകളില്‍ നിന്നോ അല്ല മറിച്ച്. ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയില്‍ നിന്നാണ്.”

സമാധാനം എന്നത് ഇന്ദ്രജാലമല്ല. കണ്ണും കാതും സഹോദരങ്ങളുടെ ആവശ്യങ്ങളിലേക്ക് തുറന്നു വയ്‌ക്കേണ്ടത് അത്യാവശ്യമാണ്. മതമൗലിക വാദം നമ്മെ നാശത്തിലേയ്‌ക്കേ നയിക്കൂ. നാശത്തിന്റെയും വിദ്വേഷത്തിന്റെയും മതമൗലികവാദത്തിന്റെയും അമിതഭാരം ഒഴിവാക്കുക. പകരം പ്രാര്‍ത്ഥനയിലൂടെയും പ്രവര്‍ത്തിയിലൂടെയും സമാധാനത്തിന്റെ വാഹകരാകുക. ”മതാന്തര സംഭാഷണങ്ങളിലൂടെ സമാധാനത്തിന്റെ പാലങ്ങളാകുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ,്” മതനേതാക്കളോടായി ഫ്രാന്‍സീസ് പാപ്പ പറഞ്ഞവസാനിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.